Sorry, you need to enable JavaScript to visit this website.

ടി. പത്മനാഭനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സൈബർ വിംഗ്‌

കണ്ണൂർ-  പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭനെതിരെ രൂക്ഷ വിമർശനവുമായി സമൂഹ മാധ്യമങ്ങളിൽ സി.പി.എം സൈബർ വിംഗ്. താൻ കോൺഗ്രസുകാരനാണെന്നും മരിച്ചാൽ മൂവർണക്കൊടി പുതപ്പിക്കണമെന്നുമുള്ള  പ്രസ്താവനക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സി.പി.എം പ്രവർത്തകരുടെ രോഷപ്രകടനം. 
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ മുന്നോടിയായി കോൺഗ്രസ് ദേശീയ നേതാവ് താരീഖ് അൻവർ ടി.പത്മനാഭനെ സന്ദർശിച്ചപ്പോൾ നടത്തിയ അഭിപ്രായ പ്രകടനമാണ് സി.പി.എം പ്രവർത്തകരെ ചൊടിപ്പിച്ചത്. മുൻ കോൺഗ്രസുകാരനാണെങ്കിലും വർഷങ്ങളായി സി.പി.എം സഹയാത്രികനാണ് ടി.പത്മനാഭൻ. സി.പി.എമ്മിൽ നിന്നും വിട്ടുപോയ സൈദ്ധാന്തികൻ പ്രൊഫ.എം.എൻ വിജയനെതിരെ തുടർച്ചയായി അതിനിശിത വിമർശനങ്ങൾ ഉയർത്തുകയും കോൺഗ്രസ് നേതൃത്വത്തെ തുടർച്ചയായി പരിഹസിക്കുകയും ചെയ്തതോടെയാണ് ടി.പത്മനാഭൻ സി.പി.എമ്മിന് പ്രിയങ്കരനായത്. തന്നെ കാണാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിനെ വീട്ടിൽ കയറ്റാതെ ഇറക്കിവിട്ടതും കോൺഗ്രസ് ദേശീയ സംസ്ഥാന നേതാക്കളെ തുടർച്ചയായി പരിഹസിച്ചതും പത്മനാഭനെ സി.പി.എം അണികൾക്കിടയിൽ താരമാക്കിയിരുന്നു.


പിണറായി വിജയനും എം.എ.ബേബിയും മുതൽ കണ്ണൂരിലെ നേതാക്കൾ വരെ ഇദ്ദേഹവുമായി അടുത്ത വ്യക്തി ബന്ധം പുലർത്തുന്നവരും പാർട്ടിയുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളിൽ സ്ഥിരമായി സഹകരിപ്പിക്കുകയും ചെയ്യുന്നവരാണ്. തെരഞ്ഞെടുപ്പു കാലങ്ങളിൽ പലർക്കും കെട്ടിവെക്കാനുള്ള തുക നൽകിയിരുന്നതും ഇദ്ദേഹമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ കോൺഗ്രസ് അനുകൂല പ്രസ്താവനക്ക് ശേഷം സി.പി.എം അണികളടക്കമുള്ളവർ ഇദ്ദേഹത്തിനെതിരെ പ്രതികരണവുമായി രംഗത്തു വന്നിരിക്കയാണ്. പത്മനാഭനെ കൊണ്ടുനടക്കുന്ന  സ്വന്തം നേതാക്കൾക്കെതിരെയാണ് പലരും കമന്റ് ചെയ്തത്. സാധാരണ പ്രവർത്തകർ മാത്രമല്ല, ചില പ്രാദേശിക നേതാക്കളും പാർട്ടി മുഖപത്രത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. 


അടുത്ത കാലങ്ങളിലായി സി.പി.എം സ്വന്തം ആളായാണ് പല വേദികളിലും പത്മനാഭനെ  പരിചയപ്പെടുത്തിയിരുന്നത്. അർഹിക്കുന്ന ബഹുമാനവും പരിഗണനയും മാത്രമേ ആർക്കും കൊടുക്കേണ്ടതുള്ളൂവെന്ന് നമ്മുടെ നേതാക്കൾക്ക് അറിയാതെ പോയെന്നാണ് പ്രമുഖനായ ഒരാൾ പ്രതികരിച്ചത്. പൂച്ചകൾക്ക് മനസ്സിലായിട്ടും നമ്മുടെ നേതാക്കൾക്ക് മനസ്സിലാക്കാൻ കഴിയാത്തതിനെ പരിഹാസത്തോടെയാണ് ഒരു ഇടതു മാധ്യമ പ്രവർത്തകൻ പ്രതികരിച്ചത്. പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പത്മനാഭനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് മുന്നോടിയായി ഗൃഹസന്ദർശന പരിപാടിക്ക് പി. ജയരാജൻ തുടക്കം കുറിച്ചത് ടി.പത്മനാഭന്റെ വീട്ടിൽ നിന്നായിരുന്നു. ഇതിൽ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ ടി.പത്മനാഭൻ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇത് അണികളിൽ പലർക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. സി.പി.എം സംസ്ഥാന തലത്തിൽ നടത്തിയ ഗൃഹസന്ദർശനത്തിന്റെ ശോഭ കെടുത്തുന്നതായി പത്മനാഭന്റെ പരാമർശമെന്നായിരുന്നു അണികളുടെ പ്രതികരണം. 


പി.ജയരാജൻ അടക്കമുള്ള മുതിർന്ന നേതാക്കളോട് മാധ്യമങ്ങൾക്ക് മുന്നിൽ വെച്ച് നടത്തിയ രോഷപ്രകടനം വലിയ വിവാദമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത ടി.പത്മനാഭനെ മുതിർന്ന നേതാവ് ഇ.പി. ജയരാജൻ പുകഴ്ത്തി സംസാരിച്ചതും അണികളിൽ വ്യത്യസ്ത അഭിപ്രായത്തിന് വഴിവെച്ചിരുന്നു. ടി.പത്മനാഭന്റെ യഥാർഥ മുഖം വെളിവായെന്നാണ് അണികളിൽ പലരും സമൂഹ മാധ്യമങ്ങളിൽ രേഖപ്പെടുത്തിയത്.
        

 

Latest News