കോവിഡ് മുക്തി നേടിയവര്‍ ചുരുങ്ങിയത് ആറു മാസത്തേക്ക് ഒട്ടും പേടിക്കേണ്ട; പുതിയ പഠനം

ലണ്ടന്‍- കോവിഡ് ബാധിച്ച് ഭേദമായവര്‍ ആറു മാസത്തേക്ക് ഒട്ടും പേടിക്കേണ്ടെന്ന് യു.കെയില്‍ പൂര്‍ത്തിയായ വിപുലമായ പഠനം വ്യക്തമാക്കുന്നു.


കോവിഡ് 19 ബാധിച്ച മിക്കവാറും എല്ലാ ആളുകള്‍ക്കും കുറഞ്ഞത് ആറുമാസത്തേക്ക് ഉയര്‍ന്ന അളവില്‍ ആന്റിബോഡികളുണ്ടെന്നും അവ രോഗം വീണ്ടും ബാധിക്കുന്നത് തടയുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്.

ബ്രിട്ടീഷ് ജനസംഖ്യയില്‍ കോവിഡ് ബാധിച്ചവരുടെ തോതും രോഗബാധിതരില്‍ ആന്റിബോഡികള്‍ എത്രത്തോളം നിലനിന്നിരുന്നുവെന്നതുമാണ് പഠനത്തില്‍ പരിശോധിച്ചത്.  രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും വേഗത്തില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത അപൂര്‍വമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.


കൊറോണ വൈറസ് ബാധിച്ചവരിലുള്ള ആന്റിബോഡികള്‍ ബഹുഭൂരിഭാഗം ആളുകളും നിലനിര്‍ത്തുന്നതായാണ് കണ്ടെത്തിയതെന്ന് പഠനം നടത്തിയ യു.കെ ബയോബാങ്കിലെ പ്രൊഫസറും ചീഫ് സയന്റിസ്റ്റുമായ നവോമി അല്ലെന്‍ പറഞ്ഞു.


കോവിഡ് പോസിറ്റീവായി ഭേദമായവരില്‍ 99 ശതമാനം പേരും   മൂന്ന് മാസത്തേക്ക് ആന്റിബോഡികള്‍ നിലനിര്‍ത്തി. പഠനത്തിലെ ആറുമാസത്തെ ഫോളോഅപ്പിനുശേഷം, 88 ശതമാനം പേരിലും അത് തുടരുന്നുണ്ട്.

ഇത് പ്രതിരോധശേഷിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പില്ലെങ്കിലും സ്വാഭാവിക അണുബാധയെത്തുടര്‍ന്ന് കുറഞ്ഞത് ആറുമാസമെങ്കിലും തുടര്‍ന്നുള്ള അണുബാധയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നതായി അലന്‍ പറഞ്ഞു.

 

Latest News