Sorry, you need to enable JavaScript to visit this website.

ലവ് ജിഹാദ് പഠിക്കാന്‍ വിദ്യാര്‍ഥികളെ പറഞ്ഞയച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂർ- ലവ് ജിഹാദിനെ പറ്റി മനസിലാക്കുന്നതിനായി വിദ്യാർഥികളോട് ഫെയറിൽ പങ്കെടുക്കാൻ നിർദ്ദേശിച്ച രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ നടപടി വിവാദത്തില്‍. രാജസ്ഥാൻ തലസ്ഥാനമായ ജയപൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഫെയറിൽ പങ്കെടുക്കാനാണ് വിദ്യാർഥികളോട് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ ലവ് ജിഹാദിന്‍റെ വലയില്‍ വീഴുന്നത് തടയാന്‍ മേള സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ലവ് ജിഹാദ്, മതംമാറ്റത്തിന് പിന്നിലെ ക്രിസ്ത്യൻ ഗൂഢാലോചന, പശുവിനെ ദേശീയ മാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ക്യാംപയിനിൽ ഭാഗമാകുക, സമ്പൂർണ്ണ വെജിറ്റേറിയനാകുന്നതിനുള്ള പ്രതിജ്ഞയെടുക്കുക തുടങ്ങിയ കാര്യങ്ങളിൽ പങ്കെടുക്കാൻ ഇതുവഴി കഴിയുമെന്നാണ് അധികൃതർ നൽകുന്ന വാഗ്ദാനം. വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനിയുടെ നിർദ്ദേശപ്രകാരമാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് ജയ്പൂർ അഡീഷണൽ ജില്ലാ എജ്യുക്കേഷൻ ഓഫീസർ ദീപക് ശുക്ല വ്യക്തമാക്കി. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. 

ഹിന്ദു സ്പിരച്വൽ ആന്റ് സർവീസ് ഫെയറാ(എച്ച്.എസ്.എസ്ഫ്)ണ് ഫെയറിന്റെ സംഘാടകർ. 2100 അധ്യാപകരെയും വിദ്യാർഥികളെയുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്. അതേസമയം പരിപാടിയിൽ പങ്കെടുക്കൽ നിർബന്ധമില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ രതൻ സിംഗ് അറിയിച്ചു. ഇഷ്ടമുള്ളവർക്ക് പങ്കെടുക്കാമെന്ന നിർദ്ദേശം മാത്രമാണ് നൽകിയത് എന്നാണ് മന്ത്രിയുടെ വിശദീകരണം. നോട്ടുനിരോധനത്തിന്റെ ഒന്നാം വാർഷികവും ഈ സംഘടന ആഘോഷിച്ചിരുന്നു. നൂറുകണക്കിന് ഗായകരെ അണിനിരത്തി വന്ദേമാതരം ചൊല്ലിയാണ് നോട്ടുനിരോധന വാർഷികം ആഘോഷിച്ചത്. 
ഈ മാസം ഇരുപതിനാണ് ജയ്പൂരിൽ ഫെസ്റ്റിവെൽ അവസാനിക്കുക.

ഫെയറിലെ വി.എച്ച്.പി സ്റ്റാളിലാണ് ലവ് ജിഹാദിനെ പറ്റിയുളള വിശദീകരണങ്ങളുള്ളത്. ജിഹാദും ലൌ ജിഹാദും, പെണ്‍കുട്ടികള്‍ ജാഗ്രതൈ എന്നാണ് നോട്ടീസിന്‍റെ തലക്കെട്ട്. സെയ്ഫ് അലി ഖാൻ, ആമിർ ഖാൻ എന്നിവർ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്തുവെന്നും പിന്നീട് അവരെ ഉപേക്ഷിച്ചെന്നും ഹിന്ദു സ്ത്രീകളെ കുഴപ്പത്തിലാക്കിയെന്നും നോട്ടീസില്‍ വിശദീകരിക്കുന്നു. ആരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങി മതം മാറുന്നതിനേക്കാൾ നല്ലത് മരണമാണ്.

ബ്യൂട്ടി പാർലറുകൾ, മൊബൈൽ റീ ചാർജ് ഷോപ്പുകൾ, ലേഡീസ് ടൈലർമാർ എന്നിവടങ്ങളിലാണ് ലവ് ജിഹാദുകളുള്ളത്. ബസിൽ ഇരിക്കാൻ സീറ്റ് നൽകിയും ജിഹാദികൾ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും ലഘുലേഖയിലുണ്ട്. 

ഹിന്ദു സ്ത്രീകളെ വലവീശിപ്പിടിക്കുന്ന മുസ്ലിംകൾ ഇവരെ വിൽക്കുകയോ കൊല്ലുകയോ ചെയ്യും. ഹിന്ദു പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതിനും അവരുടെ കോളേജുകളിലെയും സ്‌കൂളുകളിലെയും കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണമെന്നും ലഘുലേഖയിൽ ഉപദേശിക്കുന്നു. യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളിൽനിന്ന് ആയിരകണക്കിന് കോടി രൂപ സ്വീകരിച്ച് ഇന്ത്യയിൽ ക്രിസ്ത്യൻ മിഷണറിമാർ മതംമാറ്റം നടത്തുന്നുവെന്നാണ് ലഘുലേഖയിലെ മറ്റൊരു ആരോപണം. ഇതിനായി മൂന്നു ലക്ഷം മിഷണറിമാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുവെന്നും ആരോപിക്കുന്നു. 

Latest News