Sorry, you need to enable JavaScript to visit this website.

അഡ്വ. എൻ. ഷംസുദ്ദീനെ മണ്ഡലം മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പാർട്ടി ഉപേക്ഷിക്കുന്നു

പാലക്കാട് - പ്രാദേശിക വാദം ശക്തിപ്പെടുന്ന പശ്ചാത്തലത്തിൽ അഡ്വ.എൻ.ഷംസുദ്ദീനെ മണ്ഡലം മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മുസ് ലിം ലീഗ് ഉപേക്ഷിക്കുന്നു. 
കഴിഞ്ഞ രണ്ടു തവണയായി മണ്ണാർക്കാട്ട് മികച്ച വിജയം നേടി വരുന്ന സിറ്റിംഗ് എം.എൽ.എയെ അദ്ദേഹത്തിന്റെ നാടായ തിരൂരിലേക്ക് മാറ്റാനായിരുന്നു ലീഗിൽ നടന്നിരുന്ന ആലോചന. പ്രധാന നേതാക്കൾ സുരക്ഷിത മണ്ഡലങ്ങൾ വിട്ട് മൽസരിക്കണമെന്ന ചർച്ചയുടെ ഭാഗമായാണ് ഷംസുദ്ദീന്റെ മണ്ഡഡല മാറ്റം പരിഗണനയിൽ വന്നത്. യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലങ്ങളിലൊന്നാണ് മണ്ണാർക്കാട് എന്നാണ് കണക്കുകൂട്ടൽ. പി.െക.ഫിറോസ്, സാദിഖലി, മലപ്പുറം നഗരസഭാ മുൻ ചെയർമാൻ കെ.പി.മുഹമ്മദ് മുസ്തഫ എന്നിവരുടെ പേരുകളാണ് പകരക്കാരുടേതായി പറഞ്ഞു കേട്ടിരുന്നത്. 


എന്നാൽ ഇത്തരം ചർച്ചകൾ ജില്ലാ ലീഗിൽ നല്ല പ്രതികരണമല്ല ഉണ്ടാക്കിയിരിക്കുന്നത്. നേരത്തേ ജില്ലയിലെ മുതിർന്ന ലീഗ് നേതാക്കളെ നിയമസഭയിലേക്ക് അയച്ചിട്ടുള്ള മണ്ണാർക്കാട് മണ്ഡലത്തെച്ചൊല്ലി പാർട്ടിയിൽ ചേരിപ്പോര് കടുത്തപ്പോഴാണ് 2011 ൽ യൂത്ത് ലീഗ് നേതാവായിരുന്ന ഷംസുദ്ദീനെ സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നത്. 
സി.പി.ഐയിൽ നിന്ന് മണ്ഡലം തിരിച്ചു പിടിച്ച യുവനേതാവ് 2016 ൽ മികച്ച വിജയം ആവർത്തിച്ചു. പത്തു വർഷമായി മണ്ണാർക്കാട്ടുകാരനായി മാറിയ എം.എൽ.എക്ക് മണ്ഡലത്തിൽ രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയുണ്ട്. അദ്ദേഹത്തെ മാറ്റിയാൽ സീറ്റിനായി ജില്ലയിൽ നിന്ന് തന്നെ അവകാശവാദമുയരുമെന്നത് ഉറപ്പാണ്. പാലക്കാട് ജില്ലയിൽ ലീഗ് മൽസരിക്കുന്ന ഏക മണ്ഡലമെന്ന നിലക്ക് ജില്ലയിലെ നേതാക്കളുടെ വാദം എളുപ്പത്തിൽ തള്ളിക്കളയാനും കഴിയില്ല. 


മുറുമുറുപ്പിന്റെ സൂചനകൾ ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വന്നു തുടങ്ങിയിട്ടുണ്ട്. ഇറക്കുമതി സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന മട്ടിൽ വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ഷംസുദ്ദീൻ തുടരണമെന്ന ആവശ്യമുയർത്തുന്ന പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. മണ്ണാർക്കാട്ട് നിന്ന് തന്നെ മൽസരിക്കാനാണ് എം.എൽ.എക്കും താൽപര്യം എന്നാണ് സൂചന. സീറ്റുമാറ്റ ചർച്ചകളെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് അദ്ദേഹം അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മണ്ണാർക്കാട് തനിക്ക് ആത്മബന്ധമുള്ള സ്ഥലമാണെന്ന് പറഞ്ഞ അദ്ദേഹം മണ്ഡലം മാറണമെന്ന നിർദേശം പാർട്ടി തനിക്കു മുന്നിൽ വെച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 
അതിനിടെ ഷംസുദ്ദീന്റെ പ്രവർത്തന മേഖല ദൽഹിയിലേക്ക് മാറ്റണമെന്ന മട്ടിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. 
കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുമ്പോൾ ആ സീറ്റിൽ പരിഗണിക്കപ്പെടുന്ന പേരുകളിലൊന്നാണ് മണ്ണാർക്കാട് എം.എൽ.എയുടേത്. എന്നാൽ അത്തരം ചർച്ചകളെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.  

 

 

Latest News