Sorry, you need to enable JavaScript to visit this website.

ഉണ്ണിയാർച്ചയാകുമോ കെ.കെ. രമ?; ചതിയൻ ചന്തുവില്ലെങ്കിൽ അങ്കം ജയിക്കാം

പടനിലം ഒരുങ്ങുന്നു / വടകര

കോഴിക്കോട്- വടകരയിൽ ആർ.എം.പിയെ വെച്ച് പൂഴിക്കടകന് യു.ഡി.എഫിന് കഴിയുമോ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. 20,000 ലേറെ വോട്ട് നേടിയ കെ.കെ. രമയെ സ്ഥാനാർഥിയാക്കിയാൽ വടകരയിൽ ഇടതിനെ തോൽപിക്കാമെന്നത് കട്ടായം. മുസ്‌ലിം ലീഗിന് സമ്മതമാണ്. വടകര ലോക്‌സഭാംഗം കെ. മുരളീധരനും ഓകെ. 
കമ്യൂണിസ്റ്റ് രക്തസാക്ഷികളുടെ നാടെങ്കിലും 1957 ൽ കേളുവേട്ടനാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വടകരയെ പ്രതിനിധാനം ചെയ്ത ഏക വ്യക്തി. പിന്നീട് സോഷ്യലിസ്റ്റുകൾക്ക് തീറെഴുതിക്കൊടുത്തതാണീ അതിർത്തി മണ്ഡലം. ഇക്കുറി സോഷ്യലിസ്റ്റ് പാരമ്പര്യം ഉള്ള എൽ.ജെ.ഡി.യും ജെ.ഡി.എസും തമ്മിലെ തർക്കത്തിനിടെ സി.പി.എം. മണ്ഡ
ലം ഏറ്റെടുത്താൽ മത്സരം സി.പി.എമ്മും ആർ.എം.പി.യും തമ്മിലാകും. 


2011 ലും 2016 ലും രണ്ട് സോഷ്യലിസ്റ്റുകളാണ് ഇടതു ഐക്യ മുന്നണികൾക്ക് വേണ്ടി ഏറ്റുമുട്ടിയത്. ജനതാദൾ എസിലെ സി.കെ. നാണു 2011 ൽ വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് വേണ്ടി മത്സരിച്ച എം.കെ. പ്രേംനാഥിനെ 873 വോട്ടിനും 2016 ൽ ഇതേ പാർട്ടിയിലെ മനയത്ത് ചന്ദ്രനെ 9511 വോട്ടിനും തോൽപിച്ചു. 1960 മുതൽ 1970 വരെ മൂന്ന് തെരഞ്ഞെടുപ്പുകളിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ എം. കൃഷ്ണൻ വടകരയെ പ്രതിനിധാനം ചെയ്തതിന് പിന്നാലെ 1977 മുതൽ 1991 വരെ ഇതേ പാർട്ടിക്കാരനായ കെ. ചന്ദ്രശേഖരൻ നാലു തെരഞ്ഞെടുപ്പുകളിൽ ജയിച്ചു. 1996 ലും 2001 ലും സി.കെ. നാണുവാണ് ജയിച്ചത്. 2006 ൽ എം.കെ. പ്രേംനാഥ് വന്നു. 2011 ൽ വീരേന്ദ്രകുമാറിനൊപ്പം യു.ഡി.എഫിലേക്ക് പോയ പ്രേംനാഥിനെ സി.കെ. നാണു തോൽപിക്കുകയായിരുന്നു. 
വടകര മുനിസിപ്പാലിറ്റിയും അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളും ഉൾക്കൊള്ളുന്ന വടകര നിയമസഭാ മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നൽകിയത് കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ്. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലും വടകരയിൽ ജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾക്ക് വടകര അസംബ്ലി മണ്ഡലം വലിയ പിന്തുണയാണ് നൽകിയത്. ഇതു പക്ഷെ നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കുന്നില്ല. 


കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിലായിരുന്ന വീരേന്ദ്രകുമാർ വിഭാഗം സോഷ്യലിസ്റ്റുകൾ ഇപ്പോൾ ഇടതുമുന്നണിയിലാണ്. അതു കൊണ്ടു തന്നെ ഇടതുമുന്നണിയിൽ വടകര മണ്ഡലത്തിന് വേണ്ടി ജനതാദൾ എസും എൽ.ജെ.ഡിയും തമ്മിൽ തർക്കമുണ്ട്. ഇരു പാർട്ടികളും ഉടനെ ലയിക്കണമെന്ന് സി.പി.എം നിർദേശിച്ചെങ്കിലും ലയിക്കാനായില്ലെന്ന് മാത്രമല്ല ജനതാദൾ എസ് വീണ്ടും പിളരുന്ന സ്ഥിതിയാണ്. രണ്ടു തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് വേണ്ടി മത്സരിച്ച വീരൻ വിഭാഗം തോറ്റെങ്കിലും ജനതാദൾ എസിനേക്കാൾ ശക്തി മണ്ഡലത്തിലുണ്ടെന്ന് എൽ.ജെ.ഡി അവകാശപ്പെടുന്നു. 


കോൺഗ്രസിന് വേണ്ടി ആരെങ്കിലും സ്ഥാനാർഥികളാവുന്ന സ്ഥിതിയാണ് വടകരയിൽ ഉണ്ടായിരുന്നത്. എ. സുജനപാൽ, കെ.സി. അബു എന്നിവർ ഇവിടെ കോൺഗ്രസ് സ്ഥാനാർഥികളായെത്തിയിട്ടുണ്ട്. വടകര മേഖലയിലെ സി.പി.എമ്മിന്റെ പ്രമുഖ നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ രൂപം നൽകിയ ആർ.എം.പിക്ക് ഒഞ്ചിയം ഏറാമല പഞ്ചായത്തുകളിൽ സ്വാധീനമുണ്ട്. ഇതു പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഇതുവരെ തുണയായിട്ടില്ല. എന്നാൽ ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സഹായകമായിട്ടുമുണ്ട്.  
വടകരയിൽ യു.ഡി.എഫ് സഹായത്തോടെ സ്ഥാനാർഥിയായാൽ ജയിക്കാമെന്ന് കെ.കെ. രമ കരുതുന്നു. എന്നാൽ പിന്തുണക്കുമെന്ന് യു.ഡി.എഫ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2016 ൽ 20504 വോട്ട് ആർ.എം.പി. സ്ഥാനാർഥിയായി കെ.കെ. രമ നേടിയിരുന്നു. ആർ.എം.പി യിലെ എൻ.വേണുവിന് 2011 ൽ കിട്ടിയത് 10,098 വോട്ടാണ്. രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ആർ.എം.പി. സഹായത്തോടെ ജയിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ പക്ഷെ ഇപ്പോൾ ആർ.എം.പി നേതൃത്വവുമായി നല്ല സ്വരത്തിലല്ല. ജില്ലാ പഞ്ചായത്തിലേക്ക് കല്ലാമല ഡിവിഷനിൽ സ്ഥാനാർഥിയെ നിർത്തുന്നതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റു കൂടിയായ മുല്ലപ്പള്ളി ആർ.എം.പി.ക്ക് എതിരായിരുന്നു. മുസ്‌ലിം ലീഗും കെ. മുരളീധരനും ആർ.എം.പി.ക്ക് അനുകൂലമായിരുന്നിട്ടും വളരെ വൈകിയാണ് കല്ലാമലയിൽ ആർ.എം.പി.ക്ക് യു.ഡി.എഫ് പിന്തുണ നൽകിയത്. 


ഇടതുപക്ഷം എൽ.ജെ.ഡിക്കാണ് സീറ്റ് നൽകുന്നതെങ്കിൽ മനയത്ത് ചന്ദ്രൻ തന്നെ സ്ഥാനാർഥി. സി.പി.എം. മണ്ഡലം ഏറ്റെടുത്താൽ പുത്തലത്ത് ദിനേശനോ പി.കെ. ദിവാകരനോ ടി.പി. ബിനീഷോ സ്ഥാനാർഥിയാവും. കോൺഗ്രസിൽ മത്സരിക്കാൻ ഏറെ പേരുണ്ട്. കെ.കെ. രമ സ്ഥാനാർഥിയാവുകയും യു.ഡി.എഫ് സർവാത്മനാ പിന്തുണക്കുകയും ചെയ്താൽ വടകരയുടെ ചരിത്രം മാറും. ചുരികയിൽ ഇരുമ്പാണി തട്ടി മുളയാണി വെക്കുന്ന ചതിയൻ ചന്തുവില്ലെങ്കിൽ ഉണ്ണിയാർച്ചക്ക് അങ്കം ജയിക്കാം.

Latest News