Sorry, you need to enable JavaScript to visit this website.

ഗൾഫ് സൗഹൃദം മികച്ചരീതിയിൽ പരിപോഷിപ്പിക്കാൻ കഴിയണം -ഗവർണർ ശ്രീധരൻപിള്ള  


കോഴിക്കോട്- ഗൾഫ് നാടുകളുമായുള്ള സൗഹൃദം മികച്ചരീതിയിൽ പരിപോഷിപ്പിക്കാൻ നമുക്ക് കഴിയണമെന്നും സൗഹാർദ അന്തരീക്ഷം തകർക്കുന്ന അപകടകരമായ പ്രവണതകൾക്കെതിരെ മനുഷ്യമനസ്സുകളുടെ ഏകീകരണം ആവശ്യമാണെന്നും മിസോറാം ഗവർണർ അഡ്വ.  പി.എസ്. ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ആഗോള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരളത്തിന് നൂറ്റാണ്ടുകളായി അറബ് നാടുമായുള്ളത് അഭേദ്യമായ ബന്ധമാണെന്നും ഇത് നമ്മുടെ സംസ്ഥാനത്തിന് ഏറെ മുതൽക്കൂട്ടാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ചടങ്ങിൽ മീഡിയ എക്‌സലൻസ് അവാർഡ് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽവരദൂറിനും, ജംസർവ്വ് അവാർഡ് ഫെഡറൽബാങ്ക് സോൺ വൈസ് പ്രസിഡന്റ് സി.വി. റജി, ഗ്ലോബൽ അച്ചീവ്‌മെന്റ് അവാർഡ് ഡോ. സി.എച്ച്. ഇബ്രാഹിംകുട്ടി എന്നിവർക്കും ഗവർണർ സമ്മാനിച്ചു. പത്മശ്രീ പുരസ്‌കാരം നേടിയ അലിമണിക്ഫാനെ ചടങ്ങിൽ ആദരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അൻവർ കുനിമേൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.  
  കോൺഫെഡറേഷൻ കൗൺസിൽ രക്ഷാധികാരി പി.ടി.എ. റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡന്റ് എം.വി. കുഞ്ഞാമു, സെക്രട്ടറി കെ.ടി. വാസുദേവൻ സംസാരിച്ചു. ഐ.എ.സി.സി ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും ഓർഗ. സെക്രട്ടറി പി.എം. കോയ നന്ദിയും പറഞ്ഞു. 
ഗൾഫ് വ്യൂസ് എൻ.ആർ.ഐ. സ്‌പെഷ്യൽ പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. സ്‌പെഷ്യൽ പതിപ്പിന്റെ ആദ്യ പ്രതി ജിമാർട്ട് (സൗദി അറേബ്യ) സി.എം.ഡി. ചെമ്പയിൽ മെഹ്ഫ് സ്വീകരിച്ചു. ഗൾഫിൽനിന്ന് തിരിച്ചുവന്ന പ്രവാസികൾക്കുള്ള സാമ്പത്തിക സഹായവും ചടങ്ങിൽവെച്ച് വിതരണം ചെയ്തു. 

 

Latest News