ഗുജറാത്തില്‍ വര്‍ഗീയ വീഡിയോ; അന്വേഷണത്തിന് ഉത്തരവ് 

അഹമ്മദാബാദ്- ഗുജറാത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകള്‍ക്ക് രക്ഷയുണ്ടാവില്ലെന്ന് ആരോപിക്കുന്ന വിവാദ വീഡിയോക്കെതിരെ അന്വേഷണം. 
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് പുറത്തിറക്കിയ വീഡിയോയുടെ ഉറവിടം കണ്ടെത്താന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഓഫീസറാണ് ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയസ്വഭാവമുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഹ്യുമന്‍ റൈറ്റ്‌സ് ലോ നെറ്റ്വര്‍ക്കിന്റെ അഡ്വ. ഗോവിന്ദ് പാര്‍മാര്‍ വീഡിയോക്കെതിരേ പരാതി നല്‍കിയത്.

ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ്  ഓഫീസര്‍ ബി.ബി.സൈ്വനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്‍ ആയിരിക്കും അന്വേഷിക്കുക. വീഡിയോ പ്രൊഫഷണലായി നിര്‍മിച്ചതാണ്. ഇതിലെ അഭിനേതാക്കളെ എളുപ്പത്തില്‍ കണ്ടെത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ് പാര്‍മാര്‍ പറഞ്ഞു. 
ബി.ജെ.പി. ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഒരു ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഭൂരിപക്ഷമതത്തിലെ സ്ത്രീകള്‍ക്കുപോലും സുരക്ഷ ലഭിക്കില്ലെന്ന് സൂചിപ്പിക്കുന്ന ഒന്നേകാല്‍ മിനുട്ട് ദൈര്‍ഘ്യമുള്ള ഗുജറാത്തിഭാഷയിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. 
നമ്മുടെ വോട്ട്, നമ്മുടെ സുരക്ഷ എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കുന്നുമുണ്ട്.  ബി.ജെ.പി. ഈ വീഡിയോയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 

മതധ്രുവീകരണമാണ് ലക്ഷ്യമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഐ.ടി.സെല്‍ ഗുജറാത്തിനെ ഭയപ്പെടുത്തരുത് എന്ന മറുപ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ചു. ബി.ജെ.പി.ക്കെതിരേ അണിനിരന്ന യുവസമുദായ നേതാക്കളായ ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കോര്‍, ജിഗ്‌നേഷ് മേവാനി എന്നിവര്‍ക്ക് വോട്ടുചെയ്യുന്നത് ഒരു ന്യൂനപക്ഷമതത്തിന് വോട്ടുചെയ്യുന്നതുപോലെയാണ് എന്ന് വ്യക്തമാക്കുന്ന പോസ്റ്റും നേരത്തെ പ്രചരിച്ചിരുന്നു.

Latest News