സി.പി.എം പച്ചക്കു വര്‍ഗീയത പറയുന്നു; തുടങ്ങിവെച്ചത് പിണറായി- ചെന്നിത്തല

കണ്ണൂര്‍- സി.പി.എം പച്ചക്കു വര്‍ഗീയത പറയുകയാണെന്നും ഇതു തുടങ്ങിവെച്ചത് പാര്‍ട്ടി സെക്രട്ടറി എ.വിജയരാഘവനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരള യാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഭരണം കിട്ടില്ലെന്നുറപ്പിച്ച പിണറായിയുടെ അവസാനത്തെ അഭയമാണു വര്‍ഗീയത. മതം തിരിച്ചു വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള അപകടകരമായ ശ്രമമാണു സിപിഎം നടത്തുന്നത്. വാ തുറന്നാല്‍ വര്‍ഗീയത മാത്രം പറയുന്ന പാര്‍ട്ടി സെക്രട്ടറിയാണു വിജയരാഘവന്‍. ബിജെപി നേതാവിന്റെ ഭാഷയിലാണു വിജയരാഘവന്‍ സംസാരിക്കുന്നത്.
കോണ്‍ഗ്രസ് മുക്ത കേരളമാണ് ഇരുവരുടയും ലക്ഷ്യം. അതിനുവേണ്ടി ശബരിമല വിഷയം മുതല്‍ ഇവര്‍ കൈ കോര്‍ക്കുകയാണ്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബിജെപിയും സിപിഎമ്മും ധാരണയായെന്നും, പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തെഴുതിയശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പാണക്കാട് സന്ദര്‍ശനം സംബന്ധിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശം സി.പി.എമ്മിനെ തിരിഞ്ഞുകത്തിയിരിക്കയാണ്.
തെരഞ്ഞെടുപ്പ് വരും പോകും. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമല്ലേ ഇത്. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഇത് തിരിച്ചടിയാകും. മുസ് ലിംകള്‍ മുഴുവന്‍ മതമൗലിക വാദികളാണെന്ന് പറയുന്നത് ഏത് പാര്‍ട്ടിക്കാണ് ഗുണം ചെയ്യുകയെന്നും ചെന്നിത്തല ചോദിച്ചു.

 

Latest News