Sorry, you need to enable JavaScript to visit this website.

മന്ത്രിമാരെ കാണാനെത്തിയ ഖദീജക്ക് ലഭിച്ചത് സ്വന്തം വീടെന്ന കെട്ടുറപ്പ്

ആലപ്പുഴ- സാന്ത്വന സ്പര്‍ശം അദാലത്തിന്റെ വേദിയായ ലജ്‌നത്തുല്‍ മുഹമ്മദീയ സ്‌കൂളിന്റെ മുന്നിലൂടെ പോകുമ്പോഴാണ് ഖദീജ, മന്ത്രിമാര്‍ പങ്കെടുക്കുന്ന അദാലത്ത് ഇവിടെ നടക്കുന്നതായി അറിഞ്ഞത്. കഴിയുമെങ്കില്‍ മന്ത്രിമാരുടെ കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി അദാലത്ത് വേദിയില്‍ എത്തിയ ഭിന്നശേഷിക്കാരിയായ ഖദീജ മടങ്ങിയത് സ്വന്തമായൊരു വീടെന്ന സ്വപനം യാഥാര്‍ഥ്യമാകുമെന്ന ഉറപ്പോടെയാണ്.
ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശിയായ ഖദീജ ബന്ധുക്കളുടെ സഹായത്തോടെയാണ് ജീവിക്കുന്നത്. പുന്നപ്ര സഹകരണ ആശുപത്രിക്ക് സമീപം ഇസ്മായില്‍ എന്ന വ്യക്തി ഇഷ്ട  ദാനമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്ത് സ്വന്തമായൊരു വീട് എന്നതാണ് ഖദീജയുടെ ഏറ്റവും വലിയ സ്വപ്‌നം. സാന്ത്വന സ്പര്‍ശം വേദിയിലെത്തിയെപ്പോഴാണ് ഈ സ്വപ്‌നത്തിന് മന്ത്രി ജി. സുധാകരന്‍ പുതിയ ചിറകുകള്‍ നല്‍കിയത്.
നിരാലംബയായ ഖദീജക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി അദാലത്ത് വേദിയില്‍ ഉറപ്പ് നല്‍കി. വേദിയിലെത്തിയ ഖദീജ മന്ത്രിമാരായ ജി സുധാകരന്‍, പി. തിലോത്തമന്‍, ഡോ.ടി.എം തോമസ് ഐസക്ക് എന്നിവരുടെ കൂടെനിന്ന് ഫോട്ടോയും എടുത്ത ശേഷമാണ് വീടെന്ന സ്വപ്നം യഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷത്തില്‍ മടങ്ങിയത്.

 

Latest News