ന്യൂദല്‍ഹി- വാഹന ഭാഗങ്ങളുടേയും സോളാര്‍ സാമഗ്രികളുടെയും ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചു. പരുത്തിയുടേയും പട്ടിന്റേയും കസ്റ്റംസ് ഡ്യൂട്ടിയും ഉയര്‍ത്തുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സ്വര്‍ണത്തിന്റേയും വെള്ളിയുടേയും കസ്റ്റംസ് ഡ്യൂട്ടിയില്‍ മാറ്റം വരുത്തും.
അടിസ്ഥാന സൗകര്യമേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ചട്ടങ്ങളില്‍ ഇളവുവരുത്തും.
ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റമില്ല. 75 വയസ്സിനു മുകളിലുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടെന്ന് ധനമന്ത്രി പറഞ്ഞു. പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണിത് പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കും. നികുതി പുനഃപരിശോധിക്കാനുള്ള സമയം ആറില്‍നിന്ന് മൂന്നുവര്‍ഷമാക്കി. 50 ലക്ഷം നികുതിവെട്ടിച്ചെന്ന് തെളിവുണ്ടെങ്കില്‍ മാത്രം 10 വര്‍ഷം വരെ പരിശോധിക്കാം. കര്‍ഷകക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടത് സഭയില്‍ പ്രതിപക്ഷ ബഹളത്തിനു കാരണമായി.
ഗോതമ്പു കര്‍ഷകര്‍ക്കായി 75,000 കോടി രൂപ നല്‍കുമെന്നും 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇത് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്കായുള്ള വകയിരുത്തല്‍ 1.72 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തല്‍ 16.5 ലക്ഷം കോടി രൂപയാക്കി.