ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ വില്‍പന ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും രണ്ട് പൊതുമേഖലാ ബാങ്കുകളും ഒരു ഇന്‍ഷുറന്‍സ് സ്ഥാപനവും കൂടി സ്വകാര്യവല്‍ക്കരിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എല്‍.ഐ.സിയുടെ ഐ.പി.ഒ ഈ വര്‍ഷമുണ്ടാകും.
നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ യഥാസമയം അടച്ചുപൂട്ടുന്നതിനുള്ള പുതിയ സംവിധാനം ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിലും എയര്‍ ഇന്ത്യക്ക് പുറമെ, ബി.പി.സി.എല്‍, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ തുടരുകയാണ്. ഇത് ഈവര്‍ഷം തന്നെ പൂര്‍ത്തിയാക്കും. ഇനിയും സ്വാകര്യവല്‍ക്കരിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ നീതി ആയോഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോടി രൂപ സ്വകാര്യവല്‍ക്കരണത്തിലൂടെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി പറഞ്ഞു.
----------
ന്യൂദല്‍ഹി- നഗരങ്ങളിലും പരിസരത്തും മെട്രോ ലൈറ്റും മെട്രോനിയോയും നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 27 നഗരങ്ങളിലാണ് മെട്രോ വികസിപ്പിക്കുക. കെച്ചി മെട്രോ, ചെന്നൈ മെട്രോ ഫേസ് 2, ബംഗളൂരു ഫേസ് 2 എ,ബി, നാഷിക്, നാഗ്പൂര്‍ എന്നിവക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തും.
മെട്രോ നെറ്റ് വര്‍ക്കുകളും സിറ്റി ബസ് സര്‍വീസുകളും വികസിപ്പിക്കുന്നതിലൂടെ നഗരങ്ങളില്‍ പൊതുഗതാഗതം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. 20,000 ബസുകള്‍ ഓടിക്കുന്നതിന് സ്വകാര്യ പങ്കാളികളെ ആകര്‍ഷിക്കുമെന്നും പി.പി.പി മോഡലുകള്‍ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
702 കി.മീറ്ററിലാണ് മെട്രോ സര്‍വീസ് നിലവിലുള്ളത്. 1016 മെട്രോ നിര്‍മാണത്തിലാണ്.
-------------
ന്യൂദല്‍ഹി- പഴയ പദ്ധതികള്‍ ഒഴിവാക്കുന്നതിന് ബജറ്റില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. വാഹന വ്യവസായ മേഖലക്ക് വലിയ നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പഴയ വാഹനങ്ങള്‍
ഇല്ലാതാക്കുന്നതിനുള്ള സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഭാവി റെയില്‍ സംവിധാനം നിര്‍മിക്കുന്നതിന് നാഷണല്‍ റെയില്‍ പ്ലാന്‍ നടപ്പിലാക്കും. 2030 ഓടെ 100 ശതമാനം റെയില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കും. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിസ്റ്റോഡോം കോച്ചുകള്‍ ഏര്‍പ്പെടുത്തും.
----------
ന്യൂദല്‍ഹി- മൂന്ന് തലത്തിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപെടുത്തുന്നതിന് അടുത്ത ആറ് വര്‍ഷത്തേക്ക് 64,180 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി ആത്മ നിര്‍ഭര്‍ സ്വസ്ഥ്യ ഭാരത് യോജന എന്ന പേരിലാണ ഇത് അറിയപ്പെടുക. ദേശീയ ആരോഗ്യ മിഷനു പുറമെയാണിതെന്നും ഗ്രാമങ്ങളിലും നഗരങ്ങളിലും യഥാക്രമം 17,000, 11000 ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. കോവിഡ് വാക്‌സിനേഷന് 35,000 കോടി നീക്കിവെച്ചു. ആവശ്യമാണെങ്കില്‍ തുക വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അര്‍ഹമായ 112 ജില്ലകളില്‍ പോഷകാഹാരനില ശക്തിപ്പെടുത്താന്‍ മിഷന്‍ പോഷണ്‍ 2.0 ആരംഭിക്കും. അഞ്ച് വര്‍ഷത്തെക്ക് നഗര ജല്‍ ജിവീന്‍ മിഷനില്‍ 2.87 ലക്ഷം കോടി ചെലവഴിക്കും. അഞ്ച് വര്‍ഷത്തേത്ത് അര്‍ബന്‍ സ്വഛ് ഭാരത് മിഷന്‍ നടപ്പിലാക്കും. വായുമലിനീകരണം നേരിടുന്നതിന് 32 നഗരങ്ങള്‍ക്കായി 2,217 കോടി രൂപ നീക്കിവെച്ചു.
----------
ന്യൂദല്‍ഹി- സ്വാശ്രയ രാഷ്ട്ര നിര്‍മിതിക്കുവേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവകാശപ്പെട്ടു. ആത്മനിര്‍ഭര്‍ അഥവാ സ്വാശ്രയ രാഷ്ട്രത്തിനായുള്ള കാഴ്ചപ്പാടാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്. 13 പോയിന്റുകളെ അടിസ്ഥാനമാക്കുന്ന ബജറ്റില്‍ ഒന്നാമത്തേത് ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ളതാണ്. ആരോഗ്യ മേഖലയില്‍ പ്രതിരോധവും ചികിത്സയും ശക്തിപ്പെടുത്തു.
മോഡി സര്‍ക്കാരിന്റെ ഒമ്പതാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെയാണ് ബജറ്റ് പ്രസംഗത്തെ വരവേറ്റത്.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ അസാധാരണ സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ കുറിച്ചും പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയെ കുറിച്ചും ധനമന്ത്രി അനുസ്മരിച്ചു. ലോക്ഡൗണ്‍ ഉണ്ടായിട്ടും അവശ്യസാധനങ്ങളുടെ വിതരണം തുടരാന്‍ സാധിച്ചു. കോവിഡിനെ നേരിടുന്നതിന് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മന്ത്രി നന്ദി പറഞ്ഞു.






