ഇടുക്കി- വരയാടുകളുടെ പ്രജനനകാലവുമായി ബന്ധപ്പെട്ട് ഇരവികുളം ദേശിയോദ്യാനം അടയ്ക്കുന്നു. മാർച്ച് 31 വരെ സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി അറിയിച്ചു.
വരയാടുകളുടെ പ്രജനനകാലം മുൻനിർത്തിയും ആടുകളുടെ സുരക്ഷ കണക്കിലെടുത്തുമാണ് ദേശീയോദ്യാനത്തിലേക്കുള്ള സന്ദർശകരുടെ വരവിന് നിയന്ത്രണം ഏർപ്പെടുത്തിയത്. എല്ലാ വർഷവും ഇത്തരത്തിൽ ഉദ്യാനം താൽക്കാലികമായി അടച്ചിടാറുണ്ട്.
കഴിഞ്ഞ ദിവസം ഉദ്യാനത്തിൽ പുതിയതായി പിറന്ന വരയാട്ടിൻ കുട്ടികളെ കണ്ടെത്തിയിരുന്നു. മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളെന്ന പോലെ കോവിഡ് ആശങ്കയെ തുടർന്ന് അടഞ്ഞ് കിടന്നിരുന്ന ഇരവികുളം ദേശീയോദ്യാനം കഴിഞ്ഞ ഓഗസ്റ്റ് 19 നായിരുന്നു കോവിഡ് പ്രോട്ടോകോൾ പാലിച്ച് സഞ്ചാരികൾക്ക് തുറന്ന് നൽകിയത്. ഉദ്യാനം തുറന്നതോടെ ഇവിടെ സഞ്ചാരികളുടെ തിരക്കായിരുന്നു. ഈ കാലയളവിൽ ഒരു ലക്ഷത്തിന് മുകളിൽ സഞ്ചാരികൾ ഇരവികുളത്ത് എത്തിയതായാണ് കണക്ക്.