Sorry, you need to enable JavaScript to visit this website.

ഹൂത്തി ഭീകരാക്രമണം: സൗദിക്ക് വ്യാപക പിന്തുണ

ജിസാനിലെ ഒരു ആശുപത്രിക്ക് സമീപം വീണ ഹൂത്തി മിസൈലിന്റെ  അവശിഷ്ടം

ജിദ്ദ- സൗദി അതിർത്തി പ്രദേശങ്ങളിലെ തന്ത്രപ്രധാന സ്ഥാപനങ്ങളെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വെച്ച് ഹൂത്തികൾ നടത്തിയ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ (ഒ.ഐ.സി) രംഗത്ത്. സ്വന്തം ഭൂമിയും സുരക്ഷിതത്വവും സുസ്ഥിരതയും സംരക്ഷിക്കാനുള്ള സൗദി അറേബ്യയുടെ അവകാശത്തോടൊപ്പം നിലകൊള്ളുമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉസൈമീൻ വ്യക്തമാക്കി. ഹൂത്തികൾ തുടർച്ചയായി നടത്തുന്ന ഭീകരാക്രമണങ്ങളെയും അവർക്ക് സാമ്പത്തിക-സായുധ സഹകരണം നൽകുന്നതിനെയും ഒ.ഐ.സി എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
അതേസമയം, ശനിയാഴ്ച വൈകുന്നേരം ഹൂത്തികൾ ജിസാന് നേരെ വിക്ഷേപിച്ച മിസൈൽ അൽഹർഥ് ജനറൽ ആശുപത്രിക്ക് സമീപം ഒരു ഗാർഡനിൽ പതിച്ചു. ആളപായമോ അത്യാഹിതമോ സംഭവിച്ചിട്ടില്ലെന്ന് ജിസാൻ സിവിൽ ഡിഫൻസ് അതോറിറ്റി വക്താവ് കേണൽ മുഹമ്മദ് അൽഗാംദി അറിയിച്ചു. മിസൈൽ ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് ചിതറിത്തെറിച്ചെങ്കിലും ഭാഗ്യവശാൽ അപകടങ്ങളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ആദ്യം ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. 
കഴിഞ്ഞ ദിവസം, യെമൻ അതിർത്തിക്കുള്ളിൽനിന്ന് ഇറാൻ പിന്തുണക്കുന്ന ഹൂത്തികൾ സ്‌ഫോടക വസ്തുക്കളുമായി അയച്ച പൈലറ്റില്ലാത്ത വിമാനം തകർത്തതായി സഖ്യസേന വക്താവ് ബ്രിഗേ. ജനറൽ തുർക്കി അൽമാലിക്കി റിയാദിൽ അറിയിച്ചു. ഹൂത്തി ഭീകരാക്രമണ ശ്രമങ്ങളെ നിശിതമായി വിമർശിച്ച് ബഹ്‌റൈനും രംഗത്തെത്തി. 


സൗദി അറേബ്യയുടെ പരമാധികാരത്തിനും സുസ്ഥിരതുക്കുമെതിരെ പ്രകടമായ വിദ്വേഷമാണിതെന്നും ഇത് സാധാരണക്കാരുടെ സുരക്ഷിതമായ ജീവിതത്തിനും രാജ്യസുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. സൗദി അറേബ്യക്കൊപ്പം എക്കാലവും നിലയുറപ്പിക്കുമെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
സൗദി അറേബ്യക്കെതിരായ ഹൂത്തി ഭീകരാക്രമണങ്ങളെ അപലപിക്കുന്നതായി ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും പ്രസ്താവിച്ചു.

Latest News