Sorry, you need to enable JavaScript to visit this website.

ബൈഡനുവേണ്ടി പ്രാര്‍ഥിക്കണോ? പുതിയ ലോകം പുലരുമോ?

ട്രംപിന്റെ പല ആഭ്യന്തര, വിദേശ നയങ്ങളും അധികാരമേറ്റ ആദ്യ ദിവസം തന്നെ ബൈഡന്‍ തിരുത്തുകയുണ്ടായി. അതുകൊണ്ടാണ് ഒരു പുതിയ അമേരിക്ക പിറക്കുമോ എന്ന ആശ ഉയര്‍ന്നത്. സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു പുതിയ ലോകത്തിന്റെ ആശാകിരണങ്ങള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം.

                             
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അമേരിക്കന്‍ ജനാധിപത്യ സംവിധാനത്തിന് മായാത്ത കളങ്കം ചാര്‍ത്തിക്കൊണ്ട് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് പുറത്തേക്കിറങ്ങി. ആരാലും ശ്രദ്ധിക്കപ്പെടാതെ, ആരും യാത്രയയപ്പ് നല്‍കാതെ, ഒരു ആചാര വെടിയും മുഴങ്ങാതെ, ഒരു ഗാര്‍ഡും ഹോണര്‍ നല്‍കാതെ അപമാനിതനായി സ്ഥലം വിട്ടു. ട്രംപിന്റെ ആളുകളുടെ അക്രമം ഭയന്ന് പൊതുജനത്തെ ഒഴിവാക്കിയാണ് അധികാര കൈമാറ്റം നടന്നത്. 25,000 നാഷണല്‍ ഗാര്‍ഡ് സേനയെ കാവലിരുത്തി സ്ഥാനാരോഹണം നടക്കുമ്പോള്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഉണ്ടായിരുന്നില്ല.
ലോകം പരിപാവനമായി കരുതുന്ന എല്ലാ മൂല്യങ്ങളെയും തള്ളിക്കളഞ്ഞ ജനാധിപത്യ വിരുദ്ധനും അക്രമാസക്തനും വംശീയ വിഭ്രാന്തനും മനുഷ്യത്വ ഹീനനും എല്ലാമായ ഒരു ഭരണാധികാരിയെ ജനാധിപത്യ സംവിധാനത്തിലൂടെ പുറത്തിടാന്‍ സാധിച്ചതില്‍ അമേരിക്കന്‍ ജനതക്ക് ആശ്വസിക്കാം.  തോറ്റെങ്കിലും 740 ലക്ഷം വോട്ട് ട്രംപിന് കിട്ടി എന്നത് വിസ്മരിച്ചുകൂടാത്തതാണ്. (ബൈഡന് ലഭിച്ചത് 811 ലക്ഷം).
അമേരിക്കന്‍ സമൂഹം ഏറ്റവുമധികം വിഭജിക്കപ്പെട്ട ഒരു കാലം മുമ്പ് ഉണ്ടായിട്ടുണ്ടാവില്ല.  ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയായി മാറിയ അനുഭവം. 1460 ദിവസം കൊണ്ട് ട്രംപ് 30,529 കള്ളം പറഞ്ഞു എന്ന് 'ന്യൂയോര്‍ക്ക് ടൈംസ് ' റിപ്പോര്‍ട്ട് ചെയ്തത് ചില്ലറ കാര്യമല്ല. പ്രസിഡന്റ് കളവ് പറയുക എന്നത് അമേരിക്കന്‍ ധാര്‍മികതക്ക് തീരെ നിരക്കാത്ത ഒന്നാണ്. മോണിക്ക ലവിന്‍സ്‌കി എന്ന വൈറ്റ് ഹൗസ് ജീവനക്കാരിയുമായുള്ള ബന്ധങ്ങളില്‍ പ്രസിഡന്റ് ക്ലിന്റന്‍ ശിക്ഷിക്കപ്പെട്ടത് അവിഹിത വേഴ്ചയുടെ പേരിലായിരുന്നില്ല, ബന്ധപ്പെട്ടില്ല എന്ന് കളവ് പറഞ്ഞതിനായിരുന്നു.
പ്രതിപക്ഷത്തെ അപ്രസക്തമാക്കുന്ന, വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാട്ടുന്ന, നീതിന്യായ വ്യവസ്ഥകളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കാറ്റില്‍ പറത്തുന്ന ഒരു ദുര്‍ഭരണം - അതാണ് കഴിഞ്ഞ നാല് വര്‍ഷം അമേരിക്കയില്‍ നടന്നത്. ജനുവരി ആറിന് കാപിറ്റോള്‍ മന്ദിരത്തില്‍ നടന്നത് പോലെയുള്ള സംഭവങ്ങള്‍ ബനാന റിപ്പബ്ലിക്കുകളില്‍ പോലും നടന്നിട്ടില്ല എന്നതാണ് വസ്തുത. എല്ലായിടത്തും എന്ന പോലെ അമേരിക്കയിലും വര്‍ഗീയവും വംശീയവുമായ അതിക്രമങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റ് തന്നെ ലഹളക്ക് ആഹ്വാനം ചെയ്യുന്നത് ആദ്യമായിരുന്നു.  അതുകൊണ്ട് തന്നെ ട്രംപിന് രണ്ടാമതൊരു അവസരം നല്‍കാന്‍ പാടില്ലെന്ന് വിവേകശാലികളായ അമേരിക്കന്‍ ജനത തീരുമാനിക്കുകയായിരുന്നു. നീതിബോധവും മാനവികതയും അവിടെ പൂര്‍ണമായും നശിച്ചിട്ടില്ല എന്ന് സാരം.  
നരേന്ദ്ര മോഡിയും ഡോണള്‍ഡ് ട്രംപും അസാധാരണ സൗഹൃദത്തിലായിരുന്നു എന്ന പ്രചാരണം ശരിയല്ല.  'മൈ ബെസ്റ്റ് ഫ്രണ്ട്' ഇന്ത്യയിലെ തമാശ വാചകമായിരുന്നു.  തന്ത്രം കൊണ്ട് മോഡിയെ വളക്കുകയാണ് ട്രംപ് ചെയ്തത്. മോഡിയുടെ ബലഹീനതകള്‍ അമേരിക്ക ശരിക്കും മനസ്സിലാക്കിയിരുന്നു. നമസ്‌തേ ട്രംപ്, ഹൗഡി മോഡി എല്ലാം ട്രംപിന്റെ പാര്‍ട്ടി ഫണ്ട് ശേഖരണമായിരുന്നു.  ഇന്ത്യക്ക് ഗുണകരമായ ഒന്നും ഈ സൗഹൃദത്തില്‍ കിട്ടിയിട്ടില്ല. അതേ സമയം അമേരിക്ക പരമാവധി മുതലെടുക്കുകയും ചെയ്തു.  അമേരിക്കയുടെ വിസ നിയന്ത്രണം, ദശാബ്ദങ്ങളായി ഇന്ത്യക്ക് നല്‍കിയ പൊതുപരിഗണന റദ്ദാക്കല്‍, ഇന്ത്യന്‍ ഉരുക്കിന്റെ തീരുവ വര്‍ധിപ്പിക്കല്‍, ഇറാന്‍ എണ്ണ ഇറക്കുമതി നിര്‍ത്തിക്കല്‍ തുടങ്ങിയ പലതിലും നമുക്ക് വന്‍ നഷ്ടം വരുത്തിവെക്കാന്‍ ട്രംപിന് കഴിഞ്ഞു. അമേരിക്കയില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യാനും നാം നിര്‍ബന്ധിതമായി. നമ്മുടെ ക്ഷീര വ്യവസായത്തെ ഇത് തകര്‍ത്തു.  

ദീര്‍ഘദൃഷ്ടിയും ദൃഢനിശ്ചയവും ഉള്ള ജോ ബൈഡനെ ഈ അവസരത്തില്‍ പ്രസിഡന്റ് ആയി ലഭിച്ചത് അമേരിക്കയുടെയും ലോകത്തിന്റെയും ഭാഗ്യം എന്ന് പറയാം. എട്ടു വര്‍ഷം ഒബാമയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം കൈകാര്യം ചെയ്യാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സെനറ്റ് അംഗമായ ബൈഡന്‍ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്. (78 കാരന്‍) ജോണ്‍ കെന്നഡിക്ക് ശേഷം പ്രസിഡന്റ് ആകുന്ന ന്യൂനപക്ഷ കത്തോലിക്കാ മതക്കാരനും.  കെന്നഡി പ്രസിഡന്റ് ആകുമ്പോള്‍ നേരിടേണ്ടി വന്ന മതപരമായ പ്രശ്‌നങ്ങളൊന്നും ബൈഡന് നേരിടേണ്ടി വന്നില്ല.  
കമല ദേവി ഹാരിസ് ആണ് പുതിയ വൈസ് പ്രസിഡന്റ്. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആണെങ്കിലും ലോക രംഗത്ത് അതിനു വലിയ തിളക്കമില്ല. അമേരിക്കയില്‍ അത് വൈകി എന്ന് പറയാം. കഴിഞ്ഞ തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ ഹിലാരി എന്ന വനിത ട്രംപിനെതിരെ മത്സരിച്ചിരുന്നു. ലോകത്ത് ഇതിനകം പല രാജ്യങ്ങളിലും പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിമാരുമൊക്കെയായി സ്ത്രീകള്‍ വന്നു കഴിഞ്ഞു.   ഏറ്റവും യാഥാസ്ഥിതികമെന്ന് നാം കരുതുന്ന ഇറാനില്‍ എത്രയോ വനിതകള്‍ വൈസ് പ്രസിഡന്റുമാരായിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക, ജര്‍മനി, ബ്രിട്ടന്‍, ന്യൂസിലാന്റ് തുടങ്ങിയ പല രാജ്യങ്ങളിലും വനിതകള്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ ആയിട്ടുണ്ട്.
അമേരിക്കയില്‍ കൗതുകകരമായ ഒരു മാരക സങ്കല്‍പമുണ്ട്.  പൂജ്യം വര്‍ഷത്തില്‍ അതായത് 20, 40, 60 എന്നിങ്ങനെയുള്ള വര്‍ഷങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റുമാര്‍ അധികാരത്തിലിരിക്കേ തന്നെ മരണമടയും.  എന്നാല്‍ 1960 ല്‍ ജോണ്‍ കെന്നഡി മരിച്ച ശേഷം ഈ ദുരന്തം ഉണ്ടായിട്ടില്ല. 1980 ല്‍ തെരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡ് റീഗനും 2000 ത്തില്‍ ജയിച്ച ബുഷും കാലാവധി പൂര്‍ത്തിയാക്കുകയുണ്ടായി. എബ്രഹാം ലിങ്കന്‍, (1860) ജെയിംസ് ഗാര്‍ഫീല്‍ഡ്, (1880) വില്യം മെക്കാണ്‍ലി, (1900) കെന്നഡി (1960) എന്നിവര്‍ വധിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ രോഗം മൂലമാണ് മരിച്ചത്.   ഇപ്പോള്‍ 2020 പൂജ്യം വര്‍ഷത്തിലാണ് ബൈഡന്റെ ജയം.
ജോ ബൈഡന്‍ ദീര്‍ഘായുസ്സോടും പൂര്‍ണ ആരോഗ്യത്തോടും പ്രസിഡന്റ് പദത്തില്‍ തുടരട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. ലോകത്തിന്റെ പ്രത്യാശയാണദ്ദേഹം. അമേരിക്കയുടെ പുതിയ മുഖം.  ബൈഡന്‍, കമല കൂട്ടുകെട്ട് സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റുകളാണെന്ന വലിയ ആക്ഷേപം തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ട്രംപ് ഉന്നയിച്ചിരുന്നു.
ആരു പ്രസിഡന്റായാലും അമേരിക്കന്‍ വിദേശ നയത്തില്‍ വലിയ മാറ്റമുണ്ടാകാറില്ല.  അമേരിക്ക ഒന്നാമത് എന്നതാണ് അവരുടെ നയം. സാമ്പത്തിക ചൂഷണം നടത്തിയും വന്‍ ആയുധ വില്‍പന നടത്തിയും മെരുങ്ങാത്ത ലോക രാഷ്ട്രങ്ങളെ ഒതുക്കിയും അവര്‍ മുന്നോട്ട് പോകും. കച്ചവട രാഷ്ട്രീയം മാത്രം. രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം അമ്പതോളം രാഷ്ട്രങ്ങളില്‍ അമേരിക്ക അട്ടിമറി നടത്തിയിട്ടുണ്ട്.  
ട്രംപിന്റെ പല ആഭ്യന്തര, വിദേശ നയങ്ങളും അധികാരമേറ്റ ആദ്യ ദിവസം തന്നെ ബൈഡന്‍ തിരുത്തുകയുണ്ടായി. അതുകൊണ്ടാണ് ഒരു പുതിയ അമേരിക്ക പിറക്കുമോ എന്ന ആശ ഉയര്‍ന്നത്. 31 കോടി ജനങ്ങളുള്ള അമേരിക്കയില്‍ ഒരു ശതമാനം മാത്രമുള്ള ഇന്ത്യന്‍ വംശജരില്‍ നിന്ന് വിവിധ മേഖലയില്‍ ഉള്ള ഇരുപതു പേരെ തന്റെ ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസ് ടീമിലെ മര്‍മപ്രധാന സ്ഥാനങ്ങളില്‍ ബൈഡന്‍ നിയമിച്ചത് ശ്രദ്ധിക്കപ്പെട്ട കാര്യമാണ്.  ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങി ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിന്ന് തന്നെ നിരവധി പേര്‍ വേറെയും അവിടെ നിയമിതരായിട്ടുണ്ട്. സമിറ ഫാസിലി എന്ന കശ്മീരുകാരിയായ ഇന്ത്യന്‍ വംശജ ശിരോവസ്ത്രമണിഞ്ഞു എത്തിയതും കൗതുകകരം.  ആര്‍ .എസ്.എസ് മനോഭാവക്കാരെ തന്റെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തി എന്ന വാര്‍ത്തയും വരികയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ബൈഡന്‍ പ്രവാചക സൂക്തങ്ങള്‍ ഉദ്ധരിച്ചതും വാര്‍ത്തയായിരുന്നു. ആകപ്പാടെ വൈറ്റ് ഹൗസ് അധികാര കൈമാറ്റം ശുഭകരമാണെന്ന് ലോകം വിലയിരുത്തുന്നുണ്ട്. സമാധാനവും സംതൃപ്തിയും നിറഞ്ഞ ഒരു പുതിയ ലോകത്തിന്റെ ആശാകിരണങ്ങള്‍ക്കായി നമുക്ക് പ്രാര്‍ഥിക്കാം.

 

Latest News