നഗ്നചിത്രം ചോദിക്കും, കൊടുത്തില്ലെങ്കില്‍ മോര്‍ഫ് ചെയ്ത് ഭീഷണി, പയ്യന്‍ പിടിയില്‍

തൃശൂര്‍- പ്രമുഖ നടീനടന്മാരുടെ ഫാന്‍ പേജ് അംഗമാക്കാമെന്നു വിശ്വസിപ്പിച്ചു സൗഹൃദം സ്ഥാപിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്നതു പതിവാക്കിയ കൗമാരക്കാരന്‍ സൈബര്‍ സെല്ലിന്റെ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത കൊല്ലം സ്വദേശിയാണ് കുടുങ്ങിയത്. ഒന്നിലധികം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘം കൗമാരക്കാരനെ പിടികൂടുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്, ടെലിഗ്രാം, വാട്‌സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെ നിരീക്ഷിച്ചു കണ്ടെത്തുകയാണു രീതി. ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളില്‍ അംഗമാക്കാന്‍ ക്ഷണിക്കും. സൗഹൃദം സ്ഥാപിച്ച്, ഫോട്ടോ അയച്ചു നല്‍കാന്‍ പ്രേരിപ്പിക്കും.

സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തും. കൗമാരക്കാരന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ചതിക്കുഴിയില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ അകപ്പെട്ടതായി കണ്ടെത്തി. പലരുടെയും ചിത്രങ്ങള്‍ സെക്‌സ് ഗ്രൂപ്പകളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും സംശയമുണ്ട്.

 

Latest News