അഹമ്മദാബാദ്- പട്ടേൽ സമുദായത്തിന് സംവരണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് അന്തിമതീരുമാനം അറിയിക്കണമെന്ന് ഹർദിക് പട്ടേലിന്റെ അന്ത്യശാസനം. മുപ്പതോളം സീറ്റുകളിൽ തങ്ങൾ നിർദ്ദേശിക്കുന്ന ആളുകളെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഹർദിക് വിഭാഗം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതിനോട് അനുകൂലമായി പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. കുറച്ചു സീറ്റുകളിൽ പട്ടിദാർ വിഭാഗത്തെ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത്രയധികം സീറ്റുകൾ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
ഹർദിക് പട്ടേലിനെ അനുകൂലിക്കുന്ന നാലു നേതാക്കൾ കഴിഞ്ഞദിവസം ദൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാവിനെ സന്ദർശിച്ച് ആവശ്യം ഉന്നയിച്ചിരുന്നു. പട്ടേൽ സമുദായത്തിന്റെ സംവരണ ക്വാട്ടയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദിനേശ് ബംബാനിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദൽഹിയിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയത്. എന്നാൽ ഇന്ന് രാത്രിക്ക് മുമ്പ് ഇക്കാര്യത്തിൽ അന്തിമതീരുമാനം വേണമെന്നാണ് പട്ടിദാർ വിഭാഗത്തിന്റെ ആവശ്യം. ആവശ്യം അംഗീകരിക്കുന്നില്ലെങ്കിൽ പട്ടിദാർ വിഭാഗത്തിന്റെ പിന്തുണ കോൺഗ്രസിന് ആവശ്യമില്ലെന്ന് കണക്കാക്കി മറ്റുവഴികൾ തേടുമെന്നും ബംബാനിയ പറഞ്ഞു. ഇന്ന് അർധരാത്രിയാണ് കോൺഗ്രസിന് പട്ടിദാർ സമുദായം നൽകിയ അന്ത്യശാസനം.