Sorry, you need to enable JavaScript to visit this website.

ഇറാൻ ആണവ പ്രശ്‌നം: അമേരിക്കയുമായി ചർച്ച നടത്തും - വിദേശ മന്ത്രി

വെർച്വൽ രീതിയിൽ നടന്ന ദാവോസ് ലോക സാമ്പത്തിക ഫോറം സെഷനിൽ സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ സംസാരിക്കുന്നു. 

റിയാദ് - മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ പ്രവർത്തനങ്ങളെ കുറിച്ചും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചും അമേരിക്കയുമായും യൂറോപ്പുമായും സൗദി അറേബ്യ ചർച്ച നടത്തുമെന്ന് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. വെർച്വൽ രീതിയിൽ നടന്ന ദാവോസ് ലോക സാമ്പത്തിക ഫോറം സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മേഖലയുടെ സുരക്ഷാ കാര്യത്തിൽ അമേരിക്കക്കും യൂറോപ്പിനും അതീവ താൽപര്യമുണ്ട്. മേഖലയിൽ സുരക്ഷാ ഭദ്രതയുണ്ടാക്കാൻ ജോ ബൈഡൻ ഭരണകൂടം ആഗ്രഹിക്കുന്നതായി അമേരിക്കൻ നേതാക്കൾ നടത്തിയ പ്രസ്താവനകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് മേഖലാ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന ഇറാന്റെ പ്രവർത്തനങ്ങളും ഇറാന്റെ ആണവ പദ്ധതിയും അടക്കം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അമേരിക്കയുമായും യൂറോപ്പുമായും ചർച്ച നടത്തുക. ഒരുമിച്ച് പ്രവർത്തിച്ചാൽ വെല്ലുവിളികൾ തരണം ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ സൗദി അറേബ്യക്ക് വിശ്വാസമുണ്ട്. 


സുരക്ഷാ ഭീഷണികളിലും സൈനിക സംഘർഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം ലോകത്ത് അഭിവൃദ്ധിയും ക്ഷേമവും വികസനവും കൈവരിക്കുന്നതിന് നൽകുന്ന സംഭാവനകൾക്ക് ഊന്നൽ നൽകണമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യത്തിനു വേണ്ടി പങ്കാളികളുമായി സഹകരിച്ച് സൗദി അറേബ്യ പ്രവർത്തിക്കും. അൽഉല പ്രഖ്യാപന കരാർ ഒപ്പുവെച്ചതിലൂടെ മേഖല ക്രിയാത്മകമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 


മേഖലാ സഹകരണം കൈവരിക്കാതെ ആഗോള സഹകരണം സാധ്യമാകില്ലെന്ന് സൗദി അറേബ്യ മനസ്സിലാക്കുന്നു. ഇതാണ് അൽഉല പ്രഖ്യാപന കരാർ ഒപ്പുവെക്കാൻ പ്രേരകമായത്. വെല്ലുവിളികൾ ഒറ്റക്കെട്ടായി അഭിമുഖീകരിക്കാനും സുരക്ഷയും സ്ഥിരതയും കൈവരിക്കാനും അൽഉല പ്രഖ്യാപന കരാർ പ്രധാനമാണ്. 
ലോകം നേരിടുന്ന എല്ലാ വെല്ലുവിളികളും ഐക്യദാർഢ്യവും കൂട്ടായ പ്രവർത്തനവും ആവശ്യപ്പെടുന്നു. ഒരുമിച്ച് പ്രവർത്തിച്ചില്ലെങ്കിൽ ആഗോള വെല്ലുവിളികൾ നേരിടാൻ സാധിക്കില്ലെന്ന് 2020 ൽ ലോകം പഠിച്ചു. ജി-20 ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച് കൊറോണ വൈറസ് നേരിടാനുള്ള ആഗോള പ്രതികരണം ഏകോപിപ്പിക്കാൻ സൗദി അറേബ്യ പ്രവർത്തിച്ചു. മഹാമാരി സൃഷ്ടിക്കുന്ന ഭീഷണിക്ക് തടയിടുന്നതിന് ലോക രാജ്യങ്ങൾ തമ്മിൽ സഹകരണം ഏറെ പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനം അടക്കം ലോകം നേരിടുന്ന മറ്റു വെല്ലുവിളികൾ അഭിമുഖീകരിക്കാനും സഹകരണം ആവശ്യമാണ്. 


മേഖലാ, ആഗോള സഹകരണം സാക്ഷാൽക്കരിക്കാനും വെല്ലുവിളികൾ നേരിടാനും ലോകമെമ്പാടുമുള്ള ജനങ്ങളുടെ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും നേടാനും അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നുള്ള പ്രവർത്തനം സൗദി അറേബ്യ തുടരും. വെല്ലുവിളികൾ അഭിമുഖീകരിക്കാൻ നേതൃത്വവും ഉത്തരവാദിത്തവും ആവശ്യമാണെന്നും വിദേശ മന്ത്രി പറഞ്ഞു. 

 

Latest News