Sorry, you need to enable JavaScript to visit this website.

ഈന്തപ്പഴം ഇറക്കുമതി: കസ്റ്റംസിനോട് വിവരാവകാശ വിവരങ്ങള്‍  തേടി സര്‍ക്കാരിന്റെ അസാധാരണ നീക്കം

തിരുവനന്തപുരം- ഈന്തഴപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടി സര്‍ക്കാര്‍. ആറ് ചോദ്യങ്ങളാണ് സര്‍ക്കാരിന്റെ വിവരാവകാശത്തില്‍ ഉള്ളത്. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ വിവരങ്ങള്‍ തേടുന്നത്. തിരുവനന്തപുരത്തെ യു.എ.ഈ കോണ്‍സുലേറ്റ് നിയമ പ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്തു എന്ന വിവാദവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള സര്‍ക്കാരിന്റെ അസാധാരണ നീക്കം. അഡീഷണല്‍ സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ.പി. രാജീവന്‍ നല്‍കിയിരിക്കുന്ന വിവരാവകാശത്തില്‍ ആറ് ചോദ്യങ്ങളാണ് കേന്ദ്ര ഏജന്‍സികളോട് ചോദിച്ചിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ് എന്നതാണ് പ്രധാന ചോദ്യം.അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസ് ആര്‍ക്കൊക്കെ സമന്‍സ് അയച്ചിട്ടുണ്ട് അവരുടെ പേര്, തസ്തിക, ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണം. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കൊടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനാര് എന്നീ ചോദ്യങ്ങളും വിവരാവകാശത്തിലുണ്ട്.കസ്റ്റംസ് ആരംഭിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്നും അപേക്ഷ പറയുന്നു. തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെ ഈ വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടുന്നത്. ഈ മാസം 28നാണ് സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ ഉള്ള കേസ് ആയതിനാല്‍ കസ്റ്റംസ് ഇതിന് മറുപടി നല്‍കിയേക്കില്ലയെന്നാണ് വിവരം.
 

Latest News