തിരുവനന്തപുരം- തിരുവനന്തപുരത്ത്‌നിന്ന് നിയമസഭയിലേക്ക് താൻ മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.