ചെന്നൈ- തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി യൂട്യൂബ് ഫുഡ് ചാനലായ വില്ലേജ് കുക്കിങ് പ്രവർത്തകർക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായി. തമിഴ്‌നാട്ടിൽനിന്നുള്ള ഈ യുറ്റിയൂബ് ചാനൽ വൻ ഹിറ്റാണ്. ഈ സംഘത്തിനൊപ്പം എത്തിയ രാഹുൽ ഗാന്ധി കൂൺ ബിരിയാണി ആസ്വദിക്കുകയും ഉള്ളിയും തൈരും കല്ലുപ്പും ചേർത്ത് സാലഡ് ഉണ്ടാക്കുകയും ചെയ്തു. യു റ്റിയൂബ് പ്രവർത്തകർ ബിരിയാണി ഉണ്ടാക്കി കഴിഞ്ഞതിന് ശേഷമാണ് രാഹുൽ സ്ഥലത്തേക്ക് എത്തിയത്. തുടക്കം മുതൽ നിങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും തിരക്ക് കാരണം കഴിഞ്ഞില്ലെന്ന് ക്ഷമ ചോദിച്ചായിരുന്നു രാഹുൽ സംഘത്തിനൊപ്പം ചേർന്നത്. താൻ വല്ലപ്പോഴും പാചകം ചെയ്യാറുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി.
മറ്റ് രാജ്യങ്ങളിൽ പോയി പാചകം ചെയ്യുന്ന എന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് സംഘം രാഹുലിനോട് പറഞ്ഞു. അമേരിക്കയിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സംഘത്തോട് തന്റെ സുഹൃത്ത് സാം പിട്രോഡയോട് പറഞ്ഞ് അതിനുള്ള ഏർപ്പാടുകൾ ചെയ്തുതരാമെന്ന വാഗ്ദാനവും രാഹുൽ നൽകി.
പിന്നീട് നിലത്തു വിരിച്ച പായയിൽ ഇരുന്ന് ഗ്രാമീണർക്കൊപ്പം ഭക്ഷണം കഴിച്ചു. ബിരിയാണി എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് 'നല്ല ഇരുക്ക്' എന്ന് രാഹുൽ മറുപടി നൽകി.






