ജിദ്ദ- കൊറോണയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്ന അഭ്യര്‍ഥനയുമായി സൗദി അധികൃതര്‍. ദിവസേനയുള്ള കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ നിര്‍ദേശം.
വെല്ലുവിളികള്‍ നമ്മള്‍ ഒരുമിച്ചാണ് നേരിട്ടതെന്നും ഈ വെല്ലുവിളിയെ തിരിച്ചുവരാന്‍ അനുവദിക്കരുതെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍ അറബീഅ് ട്വിറ്ററില്‍ പറഞ്ഞു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ ബാധിച്ച് ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ മരിക്കുന്നവരുടെ എണ്ണം രണ്ടായി കുറഞ്ഞുവെങ്കിലും കേസുകള്‍ വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ രണ്ടു കൊറോണ മരണങ്ങള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ പുതുതായി 267 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിക്കുകയും 253 കൊറോണ രോഗികള്‍ അസുഖം ഭേദമായി ആശുപത്രികള്‍ വിടുകയും ചെയ്തു. രാജ്യത്ത് ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്ന 355 പേര്‍ അടക്കം 2,169 കൊറോണ രോഗികള്‍ ചികിത്സയിലാണ്.
റിയാദ്-89, കിഴക്കന്‍ പ്രവിശ്യ-70, മക്ക-49, അസീര്‍-12, അല്‍ഖസീം-7, അല്‍ബാഹ-7, ഹായില്‍-7, മദീന-6, ഉത്തര അതിര്‍ത്തി പ്രവിശ്യ-5, നജ്‌റാന്‍-5, അല്‍ജൗഫ്-4, ജിസാന്‍-3, തബൂക്ക്-3 എന്നിങ്ങിനെ സൗദിയിലെ പ്രവിശ്യകളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണബാധ സംശയിച്ച് രാജ്യത്ത് പുതുതായി 48,445 പേര്‍ക്ക് പി.സി.ആര്‍ പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.






