Sorry, you need to enable JavaScript to visit this website.

റിയാദ് മെട്രോ ഉദ്ഘാടനം ഈ വർഷം മൂന്നാം പാദത്തിൽ 

റിയാദ്- ഈ വർഷം മൂന്നാം പാദത്തിൽ റിയാദ് മെട്രോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനാണ് ആലോചിക്കുന്നതെന്ന് റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് അൽറശീദ് വെളിപ്പെടുത്തി. റിയാദ് മെട്രോയിൽ പരീക്ഷണ സർവീസുകൾക്ക് തുടക്കമായിട്ടുണ്ട്. മൂന്നാം പാദത്തിൽ ഭാഗികമായി പദ്ധതി ഉദ്ഘാടനം ചെയ്യും. മെട്രോ വിപുലീകരിക്കുന്നതിനെ കുറിച്ച് റിയാദ് റോയൽ കമ്മീഷൻ പഠിക്കുന്നുണ്ട്. തലസ്ഥാന നഗരിയുടെ വിസ്തീർണവും ജനസംഖ്യയും റിയാദിലെ നിക്ഷേപങ്ങളും വർധിച്ചത് കണക്കിലെടുത്താണ് മെട്രോ വിപുലീകരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നത്. 
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച റിയാദ് തന്ത്രത്തിൽ നൂറോളം പദ്ധതികൾ അടങ്ങിയിരിക്കുന്നു. ഇരുപതു ആഗോള കമ്പനികൾ തങ്ങളുടെ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക നഗരമാണ് റിയാദ് എന്ന കാര്യവും നിക്ഷേപങ്ങൾക്കുള്ള മികച്ച ഭാവി നഗരം വാഗ്ദാനം ചെയ്യുന്ന കാര്യവും കണക്കിലെടുത്താണ് ഈ കമ്പനികൾ തങ്ങളുടെ ഔദ്യോഗിക ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റുന്നത്. 


നിലവിൽ റിയാദിലെ ജനസംഖ്യ 75 ലക്ഷമാണ്. ലോകത്തെ ഏറ്റവും വലിയ നാൽപതാമത്തെ സാമ്പത്തിക നഗരമാണ് റിയാദ്. കിരീടാവകാശി പ്രഖ്യാപിച്ച പുതിയ തന്ത്രം അനുസരിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തലസ്ഥാന നഗരിയിലെ ജനസംഖ്യ ഒന്നര കോടി മുതൽ രണ്ടു കോടി വരെയായി ഉയർത്താനാണ് ഉന്നമിടുന്നത്. 
പൊതുഗതാഗത പദ്ധതികൾ, മെട്രോ, പശ്ചാത്തല വികസന പദ്ധതികൾ അടക്കമുള്ള പദ്ധതികളിലൂടെ ഈ ദിശയിലുള്ള പ്രയാണത്തിന് റിയാദ് റോയൽ കമ്മീഷൻ തുടക്കമിട്ടിട്ടുണ്ട്. കിംഗ് സൽമാൻ പാർക്ക്, ഖിദിയ, ദിർഇയ്യയിലെ പൈതൃക ടൂറിസം അടക്കമുള്ള പദ്ധതികളും ഇക്കൂട്ടത്തിൽ പെടുന്നു. ആഗോള തലത്തിൽ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങളുള്ള നഗരങ്ങളുടെ പട്ടികയിൽ റിയാദ് 13 ാം സ്ഥാനത്താണ്. 


ലോകത്തെ ഏറ്റവും വലിയ വ്യാവസായിക നഗരം റിയാദിൽ സ്ഥാപിക്കുന്നതിലൂടെ മേഖലയിലെ 10 കോടി ജനങ്ങളെയാണ് ലക്ഷ്യമിടുന്നത്. മേഖലക്ക് മൊത്തം ആശ്രയിക്കാവുന്ന ലോജിസ്റ്റിക് കേന്ദ്രമാക്കി റിയാദിനെ പരിവർത്തിപ്പിക്കും. മേഖലയിലെ മുഴുവൻ നഗരങ്ങളും തമ്മിലുള്ള വ്യാപാരത്തിന് സഹായിക്കുന്ന റീജനൽ ലോജിസ്റ്റിക് സെന്ററായി റിയാദ് മാറും. റിയാദിൽ ആരംഭിക്കുന്ന പുതിയ വ്യവസായ നഗരത്തിൽ വ്യവസായങ്ങൾക്കു പുറമെ ലോജിസ്റ്റിക് സേവനങ്ങൾക്കും ഊന്നൽ നൽകുമെന്ന് ഫഹദ് അൽറശീദ് പറഞ്ഞു. 


റിയാദ് ഗവർണറായി 55 വർഷക്കാലം സൽമാൻ രാജാവ് സേവനമനുഷ്ഠിച്ച കാലത്ത് നിരവധി വികസന പദ്ധതികൾക്കാണ് നഗരം സാക്ഷ്യം വഹിച്ചത്. ഇക്കാലയളവിൽ നഗരത്തിന്റെ മുഖഛായ മാറ്റുന്ന നിരവധി പശ്ചാത്തല വികസന പദ്ധതികൾ നടപ്പാക്കി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച, റിയാദ് വികസനത്തിനുള്ള തന്ത്രവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മാസങ്ങൾക്കുള്ളിൽ പരസ്യപ്പെടുത്തും. തലസ്ഥാന നഗരിയിൽ സമൂല മാറ്റമുണ്ടാക്കാൻ പുതിയ തന്ത്രം സഹായകമാകും. കഴിഞ്ഞ ദശകങ്ങളിൽ റിയാദിലെ ജനസംഖ്യ പലമടങ്ങ് വർധിച്ചിട്ടുണ്ട്. ജനസംഖ്യയിലെ വളർച്ചക്ക് നഗരം സുസജ്ജമായിരുന്നു. കിംഗ് സൽമാൻ പാർക്ക്, റിയാദ് ഹരിതവൽക്കരണ പദ്ധതി അടക്കമുള്ള പദ്ധതികളിലൂടെ റിയാദിലെ പരിസ്ഥിതി മെച്ചപ്പെടുത്തുമെന്നും ഫഹദ് അൽറശീദ് പറഞ്ഞു. 


 

Latest News