കാമുകിയുടെ കാമുകനെ ഒളിച്ചിരുന്നു പിടികൂടി, ഇരുമ്പ് വടി കൊണ്ട് അടിച്ചു

അറസ്റ്റിലായ സജിമോന്‍

കൊച്ചി-  50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കളമശേരി  ചേനക്കാലയിലാണ് സംഭവം. ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാറിനെ (38) എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സന്തോഷിനെ മര്‍ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു.


ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുന്ന 50 കാരിക്കൊപ്പമാണ് ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ പത്രോസ് താമസിച്ചിരുന്നത്. ഇതിനിടെ സ്ത്രീക്ക് സന്തോഷ്‌കുമാര്‍ എന്ന യുവാവുമായും ബന്ധമുണ്ടെന്ന് സജിമോന് വിവരം ലഭിച്ചു.
ഇത് കണ്ടുപിടിക്കുന്നതിനായി സജിമോന്‍ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചിരുന്നു. ഈ സമയം വീട്ടിലെത്തിയ സന്തോഷ്‌കുമാര്‍ അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. ഇതോടെ ശുചിമുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പുറത്തു വന്നതോടെ സജിമോന്‍ ഇരുമ്പുവടി ഉപയോഗിച്ച് സന്തോഷ്‌കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News