Sorry, you need to enable JavaScript to visit this website.

മോഷ്ടാവായ ഭര്‍ത്താവിനെ നന്നാക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല, മനംനൊന്ത് യുവതി ജീവനൊടുക്കി

കൊല്ലം- പാവുമ്പ വടക്ക് മുരളീ ഭവനത്തില്‍ വിജയലക്ഷ്മി (ഉണ്ണിയാര്‍ച്ച-33) യെ ചിറക്കല്‍ ക്ഷേത്രത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാവാണെന്നറിഞ്ഞ ഭര്‍ത്താവിനെ നന്നാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെയാണ് യുവതി ജീവനൊടുക്കിയതെന്നു പറയുന്നു.
പതിവു പോലെ പുലര്‍ച്ചെ 5.30 ന് വീട്ടില്‍ നിന്ന് ക്ഷേത്ര ദര്‍ശനത്തിനിറങ്ങിയ വിജയ ലക്ഷ്മിയെ രാവിലെ ഏഴ് മണി ആയിട്ടും മടങ്ങി എത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും യുവതിയുടെ ഇരുചക്ര വാഹനം മാത്രം കണ്ടെത്തി. മറ്റേതെങ്കിലും ക്ഷേത്രത്തില്‍ പോയതാണെന്ന് കരുതി വീട്ടുകാര്‍ മടങ്ങിയെങ്കിലും ഒമ്പതോടെ ക്ഷേത്രക്കുളത്തില്‍ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. വിജയലക്ഷ്മിയുടെ ഭര്‍ത്താവ് താമരക്കുളം സ്വദേശി പ്രദീപ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. വിവാഹ ശേഷം പിടിയിലായതോടെയാണ് ഇയാള്‍ മോഷ്ടാവാണെന്ന് അറിയുന്നത്. ബിസിനസുകാരനെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. പോലീസ് കുടുക്കിയതാണെന്ന വാദം ഉന്നയിച്ച് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം പ്രശ്‌നം ലഘൂകരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വീണ്ടും പോലീസ് പിടിയിലായതോടെയാണ് യഥാര്‍ഥ വിവരം പുറത്തായത്. ഇതിനിടെ ഭര്‍ത്താവിന്റെ സ്വഭാവം മാറ്റിയെടുക്കാമെന്ന ഉദ്ദേശ്യത്തോടെ വിജയലക്ഷ്മി ഇയാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോയി കച്ചവടം തുടങ്ങിയെങ്കിലും അവിടെയും ഇയാള്‍ മോഷണം തുടര്‍ന്നതോടെ തിരികെ നാട്ടിലേക്ക് പോരുകയായിരുന്നു.

പഠിക്കാന്‍ മിടുക്കിയായിരുന്ന വിജയലക്ഷ്മി അയാട്ട കോഴ്‌സ് പഠിക്കുന്നതിനിടെയാണ് പ്രദീപിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലായതും. എന്നാല്‍ പ്രദീപിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാല്‍ ആദ്യം വീട്ടുകാര്‍ വിസമ്മതിച്ചെങ്കിലും വിജയലക്ഷ്മിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് 2007 ല്‍ ആയിരുന്നു വിവാഹം.
വിജയലക്ഷ്മിയുടെ വീട്ടുകാരുമായി വലിയ അടുപ്പത്തിലായിരുന്ന പ്രദീപ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. അടുത്തിടെ പ്രദീപ് മോഷണക്കേസില്‍ വീണ്ടും അറസ്റ്റിലായപ്പോള്‍ ഏറെ മാനസിക സമ്മര്‍ദത്തിലായിരുന്നു വിജയലക്ഷ്മിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ക്ക് പന്ത്രണ്ടും ഒമ്പതും വയസുള്ള രണ്ട് മക്കളുണ്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

 

Latest News