നാഗ്പൂര്‍- ലൈംഗിക പീഡനക്കേസില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍നിന്ന് വീണ്ടും വിവാദ നിരീക്ഷണം. പീഡന സംഭവത്തില്‍ ഒരാള്‍ക്ക് യാതൊരു എതിര്‍പ്പും നേരിടാതെ ഇരയുടെ വസ്ത്രവും സ്വന്തം വസ്ത്രവും മാറ്റുക തീര്‍ത്തും അസാധ്യമാണെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാല നിരീക്ഷിച്ചു.
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട യവാത്മല്‍ സ്വദേശിയായ 26 കാരന്‍ നല്‍കിയ അപ്പില്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പുഷ്പ. ഒരാള്‍ക്ക് ഇരയുടെ വായ അമര്‍ത്തിപ്പിടിക്കാനും അവളുടെ വസ്ത്രവും സ്വന്തം വസ്ത്രവും നീക്കം ചെയ്യാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും സാധ്യമല്ലെന്നാണ് ജഡ്ജി വ്യക്തമാക്കിയത്.
മെഡിക്കല്‍ തെളിവുകളും കേസില്‍ പ്രോസിക്യൂഷന്റെ വാദത്തെ സാധൂകരിക്കുന്നില്ല. 2013 ജൂലൈ 26 നാണ് ഇരയുടെ അമ്മ അയല്‍വാസിയായ സൂരജ് കസാര്‍ക്കര്‍ എന്നയാള്‍ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയത്. സംഭവം നടക്കുമ്പോള്‍ മകള്‍ക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും യുവതിയുടെ അമ്മ വ്യക്തമാക്കിയിരുന്നു.
ബലാത്സംഗം, ക്രിമിനല്‍ അതിക്രമം എന്നിവ പ്രോസിക്യൂഷന് തെളിയിക്കാനായെങ്കിലും പ്രായം 18 വയസ്സിനു താഴെയാണെന്ന് തെളിയിക്കന്‍ സാധിച്ചില്ല.
പെണ്‍കുട്ടിക്ക് പ്രായം 18 വയസ്സിന് മുകളിലായിരുന്നുവെന്നും ഇരുവരും തമ്മില്‍ സമ്മതത്തോടെയാണ് ലൈംഗികബന്ധം നടന്നതെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ബലാത്സംഗം ചെയ്‌തെതെന്നാണ് പെണ്‍കുട്ടി ബോധിപ്പിച്ചിരുന്നത്.
പെണ്‍കുട്ടിയെ കൊണ്ട് പാന്റ്‌സിന്റെ സിപ് അഴിപ്പിച്ചതും വസ്ത്രം മാറ്റാതെ മാറിടത്തില്‍ സ്പര്‍ശിച്ചതും പോക്‌സോ ചുമത്താവുന്ന ലൈംഗികാതിക്രമമല്ലെന്ന നിരീക്ഷണങ്ങളിലൂടെ വിവാദം സൃഷ്ടിച്ച ജസ്റ്റിസാണ് പുഷ്പ ഗേനഡിവാല.