തിരുവനന്തപുരം- കേരള സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയ ശമ്പളം 166,800 രൂപയും ആക്കണമെന്ന് 11-ാം ശമ്പള പരിഷ്‌ക്കരണ കമ്മിഷൻ ശുപാർശ ചെയ്തു. കമ്മിഷന്റെ ശുപാർശകൾ മുഖ്യമന്ത്രിക്കു കൈമാറി.നിലവിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 17000 രൂപയും കൂടിയ അടിസ്ഥാന ശമ്പളം 1.20 ലക്ഷവുമാണ്. കുറഞ്ഞ പെൻഷൻ 11500 രൂപയാക്കണമെന്നാണ് ശുപാർശ. ഉയർന്ന പെൻഷൻ 83,400 രൂപ.
2019 ജൂലൈ 1മുതൽ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അടുത്ത പരിഷ്‌ക്കരണം കേന്ദ്രശമ്പള പരിഷ്‌ക്കരണത്തിനുശേഷം 2026 ൽ മതിയെന്നാണ് നിർദേശം. വൃദ്ധരെയും കുട്ടികളെയും നോക്കാൻ ഒരു വർഷത്തെ അവധി അനുവദിക്കാൻ ശുപാർശയുണ്ട്. അവധിക്കാലത്ത് 40 ശതമാനം ശമ്പളം ലഭിക്കും. ഈ വർഷം വിരമിക്കുന്നവർക്ക് ഒരു വർഷംകൂടി നീട്ടിനൽകിയാൽ സർക്കാരിനു 5700 കോടി ലാഭിക്കാമെന്ന നിർദേശവും കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നു.