ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനത്തിന്റെ ശോഭ കെടുത്തിയ സംഭവങ്ങളാണ് തലസ്ഥാന നഗരയിൽ അരങ്ങേറിയത്. തലേ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു- ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്ന കാലമാണിത്. ഇന്ത്യയുടെ വാക്‌സിനുകൾ പല രാജ്യങ്ങളും തേടുന്നു. ഇന്ത്യ ലോകത്തിന്റെ വാക്‌സിൻ ഹബായി മാറുകയാണ്. ഇപ്പറഞ്ഞതെല്ലാം ഇന്ത്യക്കാരെ ആവേശം കൊള്ളിക്കുന്ന കാര്യങ്ങൾ. അതു കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ഇന്ദ്രപ്രസ്ഥം യുദ്ധക്കളമായി മാറിയത്. ദൽഹിയിലെ കർഷക സമരം പെട്ടെന്നുണ്ടായതല്ല. കഴിഞ്ഞ 61 ദിവസമായി നഗരാതിർത്തിയിൽ കൃഷിക്കാർ സമരത്തിലായിരുന്നു. നിരവധി ചർച്ചകൾക്കും കോടതി ഇടപെടലുകൾക്കും ശേഷമാണ് ട്രാക്ടറുമായി തലസ്ഥാനത്തേക്ക് പ്രവേശനാനുമതി ലഭിച്ചത്. ഒരു കാര്യം ഉറപ്പാണ്. പെട്ടെന്ന് വിമാനത്തിൽ വന്നിറങ്ങിയവരൊന്നുമല്ല ദൽഹിയിൽ കുഴപ്പമുണ്ടാക്കിയത്. സംസ്ഥാന സർക്കാരുകൾക്ക് തന്നെ ധാരാളം രഹസ്യാന്വേഷണ സംവിധാനങ്ങളുണ്ട്. കേന്ദ്രത്തിന്റെ കാര്യം പറയാനുമില്ല. ദൽഹിയുടെ പ്രാന്ത പ്രദേശത്ത് തമ്പടിച്ച കർഷകർ ചായ കുടിക്കാനെത്തുന്ന ഹോട്ടലിൽ പോയി കുറച്ച് നേരം നിരീക്ഷിച്ചാൽ തന്നെ സമര പരിപാടി മനസ്സിലാക്കാവുന്നതേയുള്ളൂ. ദൽഹിയുടെ തന്ത്രപ്രധാനമായ ചെങ്കോട്ടയിലും ഐ.ടി.ഒയിലും പോലും എത്താൻ കർഷകർക്ക് കഴിഞ്ഞത് രഹസ്യാന്വേഷണ ഏജൻസികളെ ഞെട്ടിച്ചിട്ടുണ്ട്.
ഇന്റലിജൻസ് വിഭാഗങ്ങളുടെ സമ്പൂർണ പരാജയമാണ് ദൽഹിയിൽ കണ്ടത്. റിപ്പബ്ലിക് ദിനത്തിൽ പ്രക്ഷോഭത്തിനെത്തിയ ചില സംഘടനകൾക്ക് വിദേശ ഫണ്ടിംഗ് ലഭിച്ചിരുന്നുവെന്ന് എൻ.ഐ.എ പോലുള്ള ഏജൻസികൾ ഇപ്പോഴല്ല പറയേണ്ടത്.
ചെങ്കോട്ടയിലും ചെങ്കൊടി നാട്ടുമെന്നൊക്കെ പണ്ട് എസ്.എഫ്.ഐക്കാർ ആവേശം കൂട്ടാൻ മുദ്രാവാക്യം മുഴക്കാറുണ്ടായിരുന്നു. അതാണിപ്പോൾ യാഥാർഥ്യമായത്. കർഷക സമരക്കാർ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ കയറി പതാക നാട്ടി. കർഷകർ ചെങ്കോട്ടയിലേക്ക് എത്തിയത് പോലീസിനെയും അമ്പരപ്പിച്ചു. ദൽഹിയിൽ ഏറ്റവും കൂടിയ സുരക്ഷാ ക്രമീകരണങ്ങളുള്ള മേഖലകളിലൊന്നാണിത്.
ദൽഹിയിലെ തന്ത്രപ്രധാനമായ ഭാഗങ്ങളിൽ പ്രവേശിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും അത് തങ്ങളുടെ അറിവോടെയല്ല എന്നുമാണ് സംയുക്ത കർഷക യൂനിയൻ പ്രതികരിച്ചത്. സംഘർഷം വ്യാപകമായ പശ്ചാത്തലത്തിൽ നഗരത്തിലേക്കുള്ള എല്ലാ അതിർത്തികളും പോലീസ് അടച്ചിരുന്നു. മെട്രോ സർവീസ് നിർത്തിവെക്കുകയും ചെയ്തു. എന്നാൽ നേരത്തെ പ്രഖ്യാപിച്ച വഴികളിലൂടെയല്ല കർഷകർ മാർച്ച് നടത്തിയത്. പലയിടത്തും പോലീസ് തടയാൻ നോക്കിയതോടെ കർഷകർ എല്ലാ വഴിയിലൂടെയും ട്രാക്ടറുമായും കാൽനടയായും എത്തുകയായിരുന്നു.
കർഷകരുടെ ട്രാക്ടർ റാലി തുടങ്ങിയ വേളയിൽ തന്നെ സംഘർഷവും തുടങ്ങിയിരുന്നു. ട്രാക്ടറുമായി എത്തിയ കർഷകരെ പോലീസ് ഫരീദാബാദിനടുത്ത് വെച്ച് തല്ലിച്ചതച്ചു. ട്രാക്ടർ ഓടിച്ചിരുന്നവരെ തല്ലിച്ചതച്ച പോലീസ് ചില ട്രാക്ടറുകളുടെ കാറ്റഴിച്ചുവിട്ടു. അനുമതി നൽകിയ വഴി വിട്ട് മറ്റു വഴികളിലൂടെ കർഷകർ എത്തി എന്നാണ് പോലീസിന്റെ ആരോപണം. സമരക്കാർക്കിടയിൽപെട്ട പോലീസുകാരനെ കർഷകർ രക്ഷപ്പെടുത്തുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്. ചില ട്രാക്ടറുകൾ ഓടിച്ചിരുന്നത് സ്ത്രീകളാണ്. പോലീസിന് നേർക്ക് ഒരു കർഷകൻ ട്രാക്ടർ ഓടിച്ചുകയറ്റി. സംഘർഷമുണ്ടായ ഐ.ടി.ഒയിലേക്ക് പെട്ടെന്ന് കേന്ദ്ര സേനയെ വിന്യസിച്ചു. പോലീസുകാർക്ക് മർദനമേറ്റ കേന്ദ്രമാണിത്.
ഇത് കർഷകരുടെ ഇന്ത്യയാണെന്ന പ്രഖ്യാപനമാണ് ലോകത്തിന് മുന്നിൽ രാജ്യത്തെ കർഷകരിപ്പോൾ നടത്തിയിരിക്കുന്നത്. നിറതോക്കുകളെ വകവെക്കാതെയാണ് ചെങ്കോട്ടയിൽ കർഷകർ പ്രതിഷേധ കൊടി നാട്ടിയത്. കേന്ദ്ര സർക്കാരിന്റെ സകല യുദ്ധ സന്നാഹങ്ങളെയും തകർത്തെറിഞ്ഞാണ് കർഷകർ ചെങ്കോട്ടയിൽ പ്രതിഷേധക്കൊടി ഉയർത്തിയിരിക്കുന്നത്. ലോകത്തിന് മുന്നിൽ ഇന്ത്യൻ ജനാധിപത്യം തല ഉയർത്തി നിന്നപ്പോൾ, തല കുനിക്കേണ്ടി വന്നിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അദ്ദേഹത്തിന്റെ സർക്കാരിനുമാണ്.
ജനങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധമാണ് കേന്ദ്ര സർക്കാരിനെതിരെ നിലവിൽ ഉയർന്നിരിക്കുന്നത്. അന്നം തരുന്ന കൈക്ക് തന്നെ ഭരണകൂടം കടിച്ചതാണ് കർഷകരെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നത്. ജയ് കിസാൻ മുദ്രാവാക്യം വിളികളോടെ പൊതു സമൂഹം കർഷകർക്ക് പിന്തുണയുമായി രംഗത്തിറങ്ങിയതോടെ അക്ഷരാർത്ഥത്തിൽ കേന്ദ്രം വെട്ടിലായിരിക്കുകയാണ്.
കർഷകരെ അടിച്ചമർത്തി ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാൻ കഴിയുകയില്ല. ഇത് കേന്ദ്ര സർക്കാർ വിളിച്ചുവരുത്തിയ പ്രതിഷേധമാണ്. റിപ്പബ്ലിക് ദിനത്തിൽ 12 മണിക്ക് ദൽഹി അതിർത്തിയിൽ പ്രവേശിച്ച് 5 മണിക്ക് തിരികെ എത്തണമെന്ന പോലീസ് നിർദേശമാണ് കർഷക രോഷത്തിന് മുന്നിൽ തകർന്നത്. മാസങ്ങളായി സമരം ചെയ്യുന്ന കർഷകരുടെ പോരാട്ട വീര്യമാണ് ഇവിടെ പ്രകടമായിരിക്കുന്നത്. 150 ലേറെ കർഷകരാണ് രണ്ടു മാസം പിന്നിട്ട സമര മുഖത്ത് മരണപ്പെട്ടത്. എന്നിട്ടും വിവാദ കർഷക നിയമം പിൻവലിക്കാൻ സർക്കാർ തയാറായിരുന്നില്ല. ഇതാണിപ്പോൾ ദൽഹിയെ കലാപ കലുഷിതമാക്കിയിരിക്കുന്നത്.
ഗാസിപുരിലും സിംഘുവിലും ഉൾപ്പെടെ ട്രാക്ടർ റാലി തടയാനുള്ള ശ്രമം തുടക്കത്തിൽ തന്നെ ഉണ്ടായെങ്കിലും ബാരിക്കേഡുകളും ഗ്രനേഡ് പ്രയോഗവും മറികടന്നാണ് കർഷകർ ദൽഹിയിലേക്ക് കുതിച്ചെത്തിയത്. കർഷകരിൽ തീവ്ര മനസ്സുള്ളവർ നുഴഞ്ഞ് കയറി കുഴപ്പമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യേണ്ടത് കർഷക സംഘടനാ നേതാക്കൾ തന്നെയാണ്. എന്നാൽ ഇവിടെ എല്ലാം നിയന്ത്രണങ്ങൾക്ക് അപ്പുറമായിരുന്നു. കേന്ദ്ര സർക്കാരിന്റെ ധിക്കാരമാണ് കർഷകരുടെ രോഷം പൊട്ടിത്തെറിയിലെത്തുന്നതിൽ വലിയ പങ്കുവഹിച്ചിരിക്കുന്നത്. കർഷക സംഘടനകൾ പ്രതീക്ഷിച്ചതിലും അധികം കർഷകർ നഗരത്തിൽ കടന്നതിനാൽ കർഷക സംഘടനാ നേതാക്കളുടെ നിയന്ത്രണത്തിലും അപ്പുറമായാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്. ഇന്ത്യയിൽ 'അസാധാരണ സ്ഥിതിവിശേഷം' എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനമനസ്സുകളിൽ റിപ്പബ്ലിക് ദിന പരേഡിന്റെ ചിത്രങ്ങൾ പതിയേണ്ട ദിവസത്തിൽ കർഷക പരേഡും ആക്രമണങ്ങളുമാണിപ്പോൾ പതിഞ്ഞിരിക്കുന്നത്.
സ്വതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ഉജ്വലമായ സമരമായാണ് കർഷക പരേഡ് ഇപ്പോൾ മാറിയത്. രാജ്യ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണിത്. അക്രമ സംഭവങ്ങൾ അപലപിക്കപ്പെടേണ്ടതാണെങ്കിലും കർഷകർ നടത്തിയ ഐതിഹാസിക മുന്നേറ്റത്തെ കാണാതിരിക്കാൻ കഴിയുകയില്ല. കോർപറേറ്റുകൾക്കായാണ് മോഡി സർക്കാർ കർഷക നിയമങ്ങൾ ഉണ്ടാക്കിയതെന്നാണ് കർഷകർ ആരോപിക്കുന്നത്. അതിനാൽ തന്നെ ഈ നിയമം പൂർണമായും പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ചങ്കിടിപ്പിക്കുന്ന തീരുമാനമാണിത്.
രാജ്യത്തെ എല്ലാ പ്രമുഖ കർഷക സംഘടനകളും അംഗങ്ങളായ കൂട്ടായ്മയാണ് ദൽഹിയിലെ കർഷക സമരത്തിനും നേതൃത്വം നൽകുന്നത്.
കേന്ദ്രം പാസാക്കിയ പുതിയ മൂന്ന് കാർഷിക ബില്ലുകൾ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മഹാരാഷ്ട്ര സ്പീക്കർ നാന പട്ടോലെ അറിയിച്ചു. ദൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് മുംബൈയിൽ കഴിഞ്ഞ രണ്ട് ദിവസമായി സമരം ചെയ്യുകയാണ്. 72 ാമത് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കവേയാണ് പുതിയ കാർഷിക ബില്ലുകൾ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് കർഷകർക്ക് സ്പീക്കർ ഉറപ്പു നൽകിയത്. പുതിയ കാർഷിക ബില്ലുകളെക്കുറിച്ച് പഠിക്കാൻ മഹാരാഷ്ട്ര സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിക്കും.
സംസ്ഥാനത്ത് കാർഷിക നിയമങ്ങൾ നടപ്പാക്കില്ല. താൻ ആദ്യം കർഷകനായിരുന്നെന്നും പിന്നീടാണ് ഭരണഘടനാ പദവിയിലേക്കെത്തിയതെന്നും പട്ടോലെ പറഞ്ഞു. കഴിഞ്ഞ ദിവസം എൻ.സിപ.ി നേതാവ് ശരത് പവാർ ആസാദ് മൈതാനിയിൽ സമരം ചെയ്യുന്ന കർഷകരെ അഭിവാദ്യം ചെയ്ത് സംസാരിച്ചിരുന്നു. ശരത് പവാറും നിയമങ്ങൾ നടപ്പിലാക്കില്ലെന്ന് കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. കർഷക ബില്ലുകളുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാറിന് മെമ്മോറാണ്ടം കൈമാറാൻ കർഷകർ പദ്ധതിയിട്ടിരുന്നെങ്കിലും ഗവർണർ സമയം അനുവദിച്ചിരുന്നില്ല. ഇതിനെതിരെയും പവാർ പ്രസംഗത്തിൽ പരാമർശിച്ചു. ഗവർണർക്ക് കങ്കണ റണാവത്തിനെ കാണാൻ സമയമുണ്ടെന്നും എന്നാൽ സംസ്ഥാനത്തെ കർഷകരെ കാണാൻ സമയമില്ലെന്നും ശരത് പവാർ ആരോപിച്ചു. ചുരുങ്ങിയ പക്ഷം മഹാരാഷ്ട്ര സർക്കാരിനെ മാതൃകയാക്കിയെങ്കിലും കേന്ദ്ര സർക്കാരിന് വിവാദ നിയമങ്ങളിൽ നിന്ന് പിന്മാറാവുന്നതാണ്. എന്തൊക്കെ പറഞ്ഞാലും പുതിയ നിയമങ്ങളുടെ ഗുണഭോക്താക്കൾ കോർപറേറ്റുകൾ മാത്രമായിരിക്കും. പെട്രോൾ, ഡീസൽ വില നിർണയാധികാരം കോൺഗ്രസ് ഭരണത്തിൽ അവരെ ഏൽപിച്ചതിന്റെ ഭവിഷ്യത്ത് ഇന്ത്യക്കാർ അനുഭവിച്ചു വരികയാണല്ലോ. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യ വിഭവങ്ങൾക്ക് കൂടി തീവിലയാക്കി കോർപറേറ്റുകളെ ഇനിയും അതിസമ്പന്നരാക്കേണ്ടതുണ്ടോ?