തദ്ദേശ തെരഞ്ഞടുപ്പിലുണ്ടായ ചെറിയ ക്ഷീണം യു.ഡി.എഫിനു ഗുണമായി-കെ.സി.വേണുഗോപാല്‍

കല്‍പറ്റ-സംസ്ഥാനത്തു തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ചെറിയ ക്ഷീണം യു.ഡി.എഫിനു യഥാര്‍ഥത്തില്‍ ഗുണമായെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി.

ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം നേതൃസംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ യു.ഡി.എഫിനായില്ല. ഇതു നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള ആവേശം യു.ഡി.എഫ് പ്രവര്‍ത്തകരില്‍ സൃഷ്ടിച്ചിരിക്കയാണ്.

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരും. ഭരണത്തുടര്‍ച്ചയെന്നതു എല്‍.ഡി.എഫിന്റെ വ്യാമോഹം മാത്രമാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേതുപോലെയാകില്ല നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി.

യു.ഡി.എഫിലും കോണ്‍ഗ്രസിലും അനൈക്യം ഉണ്ടാക്കി മുതലെടുപ്പുനടത്താന്‍ ആരു വിചാരിച്ചാലും കഴിയില്ല. നിയമസഭാ തെരഞ്ഞടുപ്പില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലം പരിധിയിലെ ഏഴു നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാണ്. ഇപ്പോള്‍ എല്‍.ഡി.എഫിന്റെ പക്കലുള്ള കല്‍പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങള്‍ യു.ഡി.എഫ് പിടിക്കും.


താത്കാലിക രാഷ്ട്രീയ നേട്ടത്തിനു സംസ്ഥാനത്തു ജാതി-മത വികാരം ഇളക്കിവിടുകയാണ് സി.പി.എം. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാവിനെ കണാന്‍പോയതിനെപോലും വര്‍ഗീയമായി വ്യാഖ്യാനിക്കുന്ന സി.പി.എം തീക്കളിയാണ് നടത്തുന്നത്. സിപിഎം പദ്ധതിയുടെ പിന്നാമ്പുറം ജനം അറിയുന്നുണ്ട്.


സംസ്ഥാനത്തു സി.പി.എമ്മിനും ബി.ജെ.പിക്കുമിടയില്‍ അന്തര്‍ധാരയുണ്ട്. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയുംകുറിച്ചു രണ്ടു പാര്‍ട്ടി നേതാക്കളും ഒന്നുതന്നെയാണ് പറയുന്നത്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയുമെന്നും വേണുഗോപാല്‍ പറഞ്ഞു.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News