തിരുവനന്തപുരം- ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നും തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സി.പി.എം കേരളത്തില്‍ മാത്രം മുസ്്‌ലിം ലീഗിനെ മതമൗലികവാദിയാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണവും നടത്താന്‍ സി.പി.എമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് വിജയരാഘവനില്‍ നിന്ന് പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗീയ ചേരിതിരുവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സി.പി.എം തുടരുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദര്‍ശനലക്ഷ്യമെന്നായിരുന്നു വിജയരാഘവന്റെ ആരോപണം.
എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സര്‍ക്കാര്‍ വര്‍ഗീയ പ്രചാരണത്തിന് കുടപിടിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. കോണ്‍ഗ്രസും യുഡിഎഫും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയാല്‍ അതില്‍ വര്‍ഗീയത കണ്ടെത്താന്‍ ഇടുങ്ങിയ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ കഴിയൂ. അത് കേരളം അംഗീകരിക്കില്ല- രമേശ് ചെന്നിത്തല പറഞ്ഞു.