കല്‍പറ്റ-കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃസംഗമം വേറിട്ടതായി. രാഹുല്‍ഗാന്ധി എം.പി ഉദ്ഘാടകനായ സംഗമവേദിയില്‍ യു.ഡി.എഫ് നേതാക്കളുടെ തിക്കും തിരക്കും ഉണ്ടായതേയില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പറ്റ, ഉദ്ഘാടനപ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ വനിത, രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മാത്രമാണ് ആദ്യന്തം വേദിയില്‍ ഉണ്ടായിരുന്നത്.
വേദിക്കു മുന്നില്‍നിന്നാണ് യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി.ആലി സ്വാഗതപ്രസംഗം തുടങ്ങിയത്. ഈ സമയം ഇരിപ്പിടത്തില്‍നിന്നു എണീറ്റു മൂന്നോട്ടുവന്ന രാഹുല്‍ഗാന്ധി വേദിയില്‍ മൈക്കിനു മുന്നില്‍ പ്രസംഗിക്കാന്‍ ആലിക്കു നിര്‍ദേശം നല്‍കിയതു കൗതുകമായി. വേദിയില്‍ കയറിയാണ് ആലി പ്രസംഗം പൂര്‍ത്തിയാക്കിയത്.
കര്‍ഷകരെ കൊള്ളയടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് മോഡി; രാഹുലിന്‍റെ രൂക്ഷ വിമർശം
കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി, ജനറല്‍ സെക്രട്ടറി പി.കെ.ജയലക്ഷ്മി, സെക്രട്ടറിമാരായ കെ.കെ.അബ്രഹാം, ടി.ജെ.ഐസക് , വണ്ടൂര്‍ എം.എല്‍.എ എ.പി.അനില്‍കുമാര്‍, യു.ഡി. എഫ്. ജില്ലാ ചെയര്‍മാന്‍ പി.പി.എ.കരീം, കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍, നിയോജകമണ്ഡലം കണ്‍വീനര്‍ പി.പി.ആലി, കെ.പി.സി.സി അംഗം വി.എ.മജീദ്, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനുമായ സംഷാദ് മരക്കാര്‍, കെഎസ്‌യു ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗമവുമായ അമല്‍ ജോയി തുടങ്ങിയവര്‍ക്കു സദസിന്റെ മുന്‍നിരയിലായിരുന്നു ഇരിപ്പിടം. നിയോജകമണ്ഡലം പരിധിയില്‍ മുനിസിപ്പാലിറ്റിയിലെയും ത്രിതല പഞ്ചായത്തുകളിലെയും യു.ഡി.എഫ് ജനപ്രതിനിധികളും തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരുമാണ് നേതൃസംഗമത്തില്‍ പങ്കെടുത്തവരില്‍ അധികവും. 500ല്‍പരം ആളുകളെ പങ്കെടുപ്പിച്ചു സംഗമം നടത്താനായിരുന്നു യു.ഡി.എഫ് നേതൃത്വത്തിന്റെ പദ്ധതി. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഇതിനു അനുമതി നല്‍കിയില്ല. നേതാക്കളടക്കം 300ല്‍ താഴെ ആളുകളാണ് സദസില്‍ ഉണ്ടായിരുന്നത്. കോവിഡ് സ്ഥിരീകരിച്ച ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ സംഗമത്തിനു എത്തിയില്ല. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായ നേതാക്കളും വിട്ടുനിന്നു.
രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന യു.ഡി.എഫ് നേതൃസംഗമം ബത്തേരിയിലും മാനന്തവാടിയിലും ഷെഡ്യൂള്‍ ചെയ്തതു സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു.






