Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂതേരി ബാലൻ ചെറിയ മീനായാൽ തന്നെയെന്ത്?

കൃത്യം പത്ത് കൊല്ലം മുമ്പത്തെ ജനു.25 വൈകുന്നേരം . തൃശൂർ സാഹിത്യ അക്കാദമിയുടെ വൈലോപ്പള്ളി ഹാളിൽ ഏതോ പൊതുപരിപാടി നടക്കുകയാണ്. വേദിയിൽ ഞാനുമുണ്ട് .തൃശൂർ മാതൃഭൂമി എഡിഷൻ്റെ പത്രാധിപർ എം പി സുരേന്ദ്രൻ പ്രാസംഗികരിൽ ഒരാളായിരുന്നു .പരിപാടിയുടെ ഒടുവിൽ നന്ദി പ്രകടനത്തിനു തൊട്ടുമുമ്പാണ് സുരേന്ദ്രൻ ഓടിക്കിതച്ചെത്തുന്നത്: ഇക്കൊല്ലത്തെ പ്രാഞ്ചിയേട്ടന്മാർ ആരാരെല്ലാമെന്നുള്ള പ്രഖ്യാപനമറിഞ്ഞിട്ടു വേണമായിരുന്നു ഓഫീസിൽ നിന്നിറങ്ങാൻ . പത്രക്കാരനായിപ്പോയല്ലോ .....

ഒരു പത്മ പുരസ്കാരം കിട്ടണമെന്നുണ്ടായിരുന്നു .മൂന്ന് കോടിയാണ് ചിലവെന്ന് കേൾക്കുന്നു . അതിനു മാത്രമൊന്നുമില്ല ആ പുരസ്കാരത്തിന് തിളക്കം . ഒരു കോടി വരെ മുടക്കാമായിരുന്നു -എന്നൊരു മത -വിദ്യാഭ്യാസ സംഘടനയുടെ നേതാവ് പറഞ്ഞതും ഓർക്കുന്നു . കുറച്ച് പ്രാഞ്ചിയേട്ടമാർ , കക്ഷി രാഷ്ടീയക്കാരുടെ കുറച്ച് നോമിനികൾക്കുമിടയിൽ അർഹരായ ചിലരും പെട്ടാലായി. ഇത്തവണയും അത്തരം അർഹരായ ചിലരുണ്ടല്ലോ . അവരിൽ എസ് പി ബാലസുബ്രമണ്യവും ചിത്രയും രാമചന്ദ്രപുലവരും അലി മണിക്ഫാനും നമുക്ക് പ്രിയപ്പെട്ടവർ . അവർക്ക്, അവരെപ്പോലുള്ളവർക്ക് ഹായ് പറയാനല്ലാതെ പത്മ പുരസ്കാര പട്ടികയിലൂടെ ഞാൻ കടന്നു പോകാറില്ല . ഈ സർക്കാർ പുരസ്കാരത്തിനു മാത്രമല്ല നോബൽ സമ്മാനം മുതൽ നമ്മുടെ സാഹിത്യ അക്കാദമി അവാർഡിനു വരെ അത്രയേയുള്ളു വിശ്വസനീയത ....

എന്നിട്ടുമെന്തേ ഇത്തവണ പൂതേരി ബാലനെ മാത്രം തെരഞ്ഞുപിടിച്ച് നീചമായാക്രമിക്കുന്നു ? അടുത്ത യുവ സുഹൃത്തുക്കളടക്കം കലമ്പൽ കൂട്ടുന്നു: ഫോർ പ്ലേക്കു ശേഷം മലയാളി ഏറ്റവുമധികം സെർച്ച് ചെയ്തത് ഇപ്പേരാണ് . ആരാണിയാൾ ,ഈ പത്മ പുരസ്കാര ജേതാവ് രാരാരാശ്രീ ബാതേരി പൂലൻ ?

ഇദ്ദേഹത്തിൻ്റെ പുസ്തകം വായിച്ചത് ഞാനെൻ്റെ ഭാര്യയുടെ ചിതാഭസ്മവുമായി തിരുനെല്ലി ക്ഷേത്രത്തിലെത്തിയപ്പോഴാണ് .

മലബാറിലെ കാശിയാണല്ലോ തിരുനെല്ലി . ഏറെക്കാലം വയനാട്ടിലുണ്ടായിട്ടും ,നരിനിരങ്ങി മലയിൽനിന്ന് നരികൾ നിരനിരയായിറങ്ങി വരുന്ന കാല്പനിക എഴുപതുകൾ കവിതയാക്കിയിട്ടുണ്ടെങ്കിലും കൂടെയുള്ളവർക്ക് ക്ഷേത്രത്തെക്കുറിച്ചെന്തെങ്കിലും പറഞ്ഞുകൊടുക്കാൻ ഒട്ടും അറിയില്ലായിരുന്നു :അയ്യേ ,ഞാനെത്ര സാംസ്കാരിക നിരക്ഷരൻ!എന്തേലും വായിക്കാൻ കിട്ടുമോ എന്നന്വേഷിച്ചപ്പോൾ ക്ഷേത്രത്തിൻ്റെ കൗണ്ടറിൽ തന്നെ ബാലൻ്റെ പുസ്തകമുണ്ടായിരുന്നു .ആ അമ്പലത്തെക്കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാമുള്ള ചെറിയൊരു പുസ്തകം . കേരളത്തിലെ ഇരുന്നൂറിലധികം ക്ഷേത്രങ്ങളെക്കുറിച്ച് ഇങ്ങനെ ഇയാളെഴുതിയ പുസ്തകങ്ങളുണ്ടത്രേ .എല്ലാം കൂടെ ചേർത്ത് ബൈൻ്റ് ചെയ്താലത് കേരളത്തിൻ്റെ ക്ഷേത്ര വിജ്ഞാന കോശമാകുമായിരിക്കാം. ഗൂഗ്ൾ സെർച്ച് ചെയ്ത് മാലോകർ കണ്ടെത്തിയ ഹിന്ദുത്വാനുകൂല സാഹിത്യവും കൂടെ പരിഗണിക്കപ്പെട്ടിട്ടുണ്ടാവാം പത്മ പുരസ്കാരത്തിന് . എന്നാലെന്ത് ? അത് സർക്കാരിൻ്റെ ചോയ്സ് .ഭൂമി മലയാളത്തിലിപ്പോൾ എഴുതുന്ന കാക്കത്തൊള്ളയിരം പേരിൽ ,ഇവരിൽ 80 ശതമാനം പേരും കവിയശ: പ്രാർഥികളും വെറും പി ആർ വർക്ക് കൊണ്ടു മാത്രം അറിയപ്പെടുന്നവരുമാണ് ,ഏറ്റവും മികച്ചയാളെ തെരഞ്ഞെടുത്താദരിക്കുന്ന പുരസ്കാര പ്രഖ്യാപനമല്ല കേന്ദ്ര സർക്കാർ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തിയിട്ടുള്ളത് .

ഇടതുപക്ഷ സർക്കാരായിരുന്നു കേന്ദ്രത്തിലെങ്കിൽ പത്മശ്രീ പുരസ്കാരം പ്രഭാവർമക്ക് ലഭിക്കുമായിരുന്നല്ലോ . മുമ്പൊരു വർഷം കവിതക്കുള്ള അക്കാദമിയുടെ സീനിയർ അവാർഡ് പ്രഭാവർമക്കും എഴുതി തുടങ്ങുന്നവർക്കുള്ള പ്രോത്സാഹന സമ്മാനം കെ ജി ശങ്കരപിള്ളക്കും ലഭിച്ചത് ചിലരുടേയെങ്കിലും ഓർമയിലുണ്ടാവും. ഒക്കെ അത്രയേ ഉള്ളു ,സർ ...

ബാലൻ പൂതേരിയുടെ പുസ്തകങ്ങൾ ഡിസിയുടെ യോ മാതൃഭൂമിയുടേയോ എൻ ബി എസിൻ്റേയോ ദേശാഭിമാനിയുടേയോ ബുക് ഷെൽഫുകളിലില്ലാത്തതാണോ പ്രശ്നം ? എഴുത്തച്ഛനേയും പൂന്താനത്തേയും കുമാരനാശാനേയും ചങ്ങമ്പുഴയേയുമെല്ലാം ജനപ്രിയരാക്കിയത് ഇവന്മാരുടെ പുസ്തകമേളകളും ലിറ്റ് ഫെസ്റ്റുകളുമായിരുന്നോ ? വി സാബശിവന്റേയും കെടാമംഗലം സദാനന്ദൻ്റേയും കഥാപ്രസംഗങ്ങളിലൂടെ ഈ എഴുത്തുകാരെ ,പുസ്തകങ്ങളെ ഉത്സവപ്പുരുഷാരം പരിചയപ്പെടുന്നു . പിന്നെ ഉത്സവപ്പറമ്പിലെ സ്റ്റാളുകളിൽ സോപ്പു ചീപ്പ് കണ്ണാടി സിന്ദൂരം കൺമഷി കുപ്പിവളകൾ ബെൽറ്റും തൊപ്പിയും തെരയുന്നതിനിടയിൽ അതാ രമണൻ ,കരുണ ,ദുരവസ്ഥ ... ഇങ്ങനെയാണ് സാധാരണ മലയാളികൾ സാഹിത്യ സാക്ഷരരായത് . പുസ്തകങ്ങളച്ചടിച്ച് വില കുറച്ച് ഉത്സവപ്പറമ്പുകളിലെത്തിച്ചിരുന്ന വിദ്യാരംഭം മുല്ലക്കൽ , എസ്ടി റെഡ്ഡ്യാർ കൊല്ലം , ശാന്താ ബുക്ക്സ്റ്റാൾ ഗുരുവായൂർ ,ദേവി ബുക്ക്സ്റ്റാൾ കൊടുങ്ങല്ലൂർ തുടങ്ങിയവരുടെ സേവനങ്ങൾ വേണ്ടത്ര പരിഗണിച്ചിട്ടില്ല നമ്മുടെ സാംസ്കാരിക ചരിത്രം .

മുമ്പൊരിക്കൽ നളിനി ജമീലയുടെ ആത്മാഖ്യാനം ബെസ്റ്റ് സെല്ലറായപ്പോൾ എം മുകന്ദൻ കുശുമ്പ് പറഞ്ഞതിങ്ങനെ: ഇനി രതിവ്യാപാരികളാവും മലയാളത്തിലെ സാഹിത്യ നായകർ ! വൈകാതെ ജയ്പ്പൂർ ലിറ്റ്ഫെസ്റ്റിൽ സക്കറിയക്കും സച്ചിദാനന്ദനും നളിനി ജമീലയെ അവതരിപ്പിക്കേണ്ടി വന്നു . പുസ്തകങ്ങളിറങ്ങിയതിനു ശേഷം ഏതായാലും ശരീരം വിറ്റ് ജീവിക്കേണ്ടി വന്നിട്ടില്ല നളിനിക്ക് .മലയാളത്തിലെത്ര പേരുണ്ട് റോയൽറ്റി കൊണ്ടു മാത്രം ജീവിക്കുന്നവർ ?എഴുത്തുകാർക്ക് അത്താഴമെങ്കിലും വിളമ്പുന്ന പ്രസാധകർ നമുക്കുണ്ടോ? പൂതേരി വെബിനാറുകളിൽ പരിചിതനാവില്ല . എന്നാൽ ഉത്സവപ്പറമ്പിൽ ചെല്ലിഷ്ടാ... ചുമ്മാ ചൊറിയാതെ , ചൊറിച്ചുമല്ലാതെ .

ബാലൻ പൂതേരി ചെറിയ മീനൊന്നുമല്ലെന്ന് അംഗീകരിച്ചു കൊടുക്കണമെന്നില്ല. ചെറിയ മീനായാലെന്ത് ?ചെറിയ മീനുകൾക്കു കൂടിയുള്ളതാണ് പുഴയും കായലും കടലും . സിംഹത്തിന്റെയും പുലിയുടെയും കടുവയുടെതും ആനയുടേയും മാത്രമല്ല കാട് . ഉറുമ്പിൻ്റേയും മണ്ണിരയുടെയും ചിതലിൻ്റേയും കൂടെയല്ലോ .കാടിന് കാടിൻ്റെ ഭംഗി ,തോട്ടത്തിന് തോട്ടക്കാരൻ നല്കുന്നതും .

മോണോ കൾച്ചർ മൂർദ്ദാബാദ്!

Latest News