ട്രാക്ടര്‍ റാലിക്കിടെ മരിച്ചത്  ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ നവവരന്‍ 

ന്യൂദല്‍ഹി-റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് 27 കാരന്‍. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശിയായ നവരീത് സിങ് ആണ് മരിച്ചത്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നു നവനീതിന്റെ വിവാഹം.
ഉന്നത വിദ്യാഭ്യാസത്തിനായാണ് നവനീത് ഓസ്‌ട്രേലിയയിലേക്ക് പോയത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കര്‍ഷക സമരത്തില്‍ പങ്കെടുത്തതെന്നാണ് വിവരം. പോലീസ് വെടിവെയ്പിലാണ് നവനീത് കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിക്കുമ്പോള്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് പോലീസ് പറയുന്നു.ട്രാക്ടര്‍ കീഴ്‌മേല്‍ മറിഞ്ഞു സാരമായി പരിക്കേറ്റാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമായെന്നുമാണ് യുപി പോലീസ് പറയുന്നത്. കൊല്ലപ്പെട്ട കര്‍ഷകനെയും പ്രതി ചേര്‍ത്താണ് ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തിരിക്കുന്നത്. ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തിലേക്ക് വഴിമാറിയതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ചില കര്‍ഷക സംഘടനകളുടെ ആരോപണം.
കര്‍ഷകര്‍ തെറ്റായ റൂട്ടിലൂടെ മാര്‍ച്ച് ചെയ്തത് പോലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണ്. സംഘര്‍ഷത്തില്‍ സംഘടനകള്‍ക്ക് പങ്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന ആരോപണവും ചില കര്‍ഷക നേതാക്കള്‍ ഉയര്‍ത്തുന്നു. ബാഹ്യ ശക്തികളും സാമൂഹ്യ വിരുദ്ധരുമാണ് അക്രമം അഴിച്ചു വിട്ടതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി.
 

Latest News