റിയാദ് - സംഘ് കോർപറേറ്റ് വാഴ്ചയിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കുക എന്ന തലക്കെട്ടിൽ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവാസി സാംസ്‌കാരിക വേദി റിപ്പബ്ലിക് ദിന സംഗമം നടത്തി.
വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടന്ന സംഗമത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഗണേശ് വടേരി മുഖ്യ പ്രഭാഷണം നടത്തി. പൗരത്വ നിയമം, കാർഷിക ബിൽ, മനുഷ്യ വിരുദ്ധ നിയമങ്ങൾ, സാമ്പത്തിക സംവരണം എന്നിവ ആവശ്യമായ ചർച്ചകൾ പോലുമില്ലാതെ ഏകാധിപത്യ നടപടികളിലൂടെയാണ് ഭരണകൂടം പാസാക്കിയെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് ഭരണഘടനാ സ്ഥാപനങ്ങളും ഭരണാധികാരികളും തന്നെ നേതൃത്വം നൽകുന്ന അവസ്ഥയാണുള്ളത്. എന്നാൽ കരുത്തുള്ള പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ കാമ്പസുകളിലെ വിദ്യാർത്ഥികൾ, കർഷകർ, പൗരത്വ പ്രക്ഷോഭകർ എന്നിവരൊക്കെയാണ് യഥാർത്ഥ പ്രതിപക്ഷമായി നില കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റ് മേഖലാ പ്രസിഡന്റ് വി.എ. സമീഉല്ല അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്, വൈസ് പ്രസിഡന്റ് അഡ്വ.റെജി എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. വ്യത്യസ്ത കലാ ദൃശ്യ ആവിഷ്‌ക്കാരങ്ങൾ അരങ്ങേറി. ദുആ സലീം, ഷിഹാബ് കുണ്ടൂർ, റുക്‌സാന ഇർഷാദ്, നജാത്തുല്ല എന്നിവർ നേതൃത്വം നൽകി. ബാരിഷ് ചെമ്പകശ്ശേരി സ്വാഗതവും അലി ആറളം നന്ദിയും പറഞ്ഞു.