ജിദ്ദ- പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ ഫൈസലിയ മേഖലാ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പ്രവാസി സാംസ്‌കാരികവേദി സെൻട്രൽ കമ്മറ്റിയംഗം ഉമർ ഫാറൂഖ് പാലോട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അരങ്ങുതകർക്കുന്ന സർക്കാരും വർഗീയ ധ്രുവീകരണത്തിന് ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിയുമാണ് കേരളത്തിന്റെ നേർക്കാഴ്ചയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളിൽ ഇഷ്ടമുള്ളിടത്ത് ഇഷ്ടക്കാരെ കുത്തി നിറക്കുന്ന ദയനീയ കാഴ്ച ഒരു വശത്തും, മറുവശത്ത് അത്യന്തം അപകടകരമായ ഫാസിസത്തിനു വേണ്ടി ചൂട്ട് കത്തിക്കുന്ന പ്രവണതയുമാണെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ തുടർ ഭരണം മാത്രം ലാക്കാക്കി ഫാസിസത്തിനു വേണ്ടിയും ബി.ജെ.പിക്ക് വേണ്ടിയും ചൂട്ട് കത്തിക്കുന്ന പ്രവണത അത്യന്തം അപകടകരവും ജനാധിപത്യത്തിന് നിരക്കാത്തതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസി സാംസ്‌കാരിക വേദി ഫൈസലിയ മേഖല സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് ദാവൂദ് രാമപുരം അധ്യക്ഷനായിരുന്നു.
പ്രവാസി സെൻട്രൽ കമ്മറ്റിയംഗം കെ.എം. അബ്ദുൽ കരീം മെമ്പർഷിപ്പ് കാമ്പയിൻ പരിപാടികൾ വിശദീകരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. നേരത്തേ മേഖലാ ജനറൽ സെക്രട്ടറി യൂസുഫലി കൂട്ടിൽ സ്വാഗതം പറഞ്ഞു. ഹാഫിസ് റഹ്മാൻ മഞ്ചേരി കവിതാലാപനം നടത്തി. മേഖലാ വൈസ് പ്രസിഡന്റ് അബ്ദു സുബ്ഹാൻ പറളി നന്ദിയും പറഞ്ഞു. സി.എച്ച്. ബഷീർ, സിറാജ് ഇ.പി, യൂസുഫലി പരപ്പൻ, അബ്ദുൽ മജീദ് ചെറുകോട്, യൂസുഫ്.സി, നിസാർ ആക്കോട്, താഹിർ ജാവേദ്, സലാം കാട്ടീരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.