പാലക്കാട് - പ്രതികളിൽനിന്ന് പണം കൈപ്പറ്റി പോക്‌സോ കേസ് അട്ടിമറിച്ച ഡി.വൈ.എസ്.പിയെ സസ്‌പെന്റ് ചെയ്തു. പാലക്കാട് ജില്ലാ ക്രൈം റിക്കാഡ്‌സ് ബ്യൂറോയിലെ ഡിവൈ.എസ്.പിയായ ആർ. മനോജ്കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. 2015 ൽ കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലെ പ്രതികളെ രക്ഷിക്കുന്നതിന് ആ കേസിന്റെ ചുമതലക്കാരനായിരുന്ന മനോജ് കുമാർ ബോധപൂർവം തെളിവുശേഖരണത്തിൽ വീഴ്ച വരുത്തിയതായി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആ സമയത്ത് മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്നു അദ്ദേഹം. സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് മനോജ്കുമാർ കേസ് അട്ടിമറിച്ചത് എന്നാണ് കണ്ടെത്തൽ. ഒമ്പതു വയസ്സുകാരിയാണ് പല തവണ ലൈംഗിക പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയും അമ്മൂമ്മയും യഥാക്രമം മൂന്നും നാലും പ്രതികളായ സംഭവം അരിപ്പാറ ജെ.സി.എം എൽ.പി സ്‌കൂൾ അധികൃതരുടെ പരാതിയിലൂടെയാണ് കേസായത്.
ഡിവൈ.എസ്.പിക്കെതിരേ ഗുരുതരമായ പരാമർശങ്ങൾ നടത്തിക്കൊണ്ടുള്ളതാണ് സസ്‌പെൻഷൻ ഉത്തരവ്. കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. അത് ഇപ്രകാരമാണ്. ഇരയുടെ മൊഴിയിൽ ഒന്നും രണ്ടും പ്രതികൾ പല തവണ പീഡിപ്പിച്ചതായി പറയുന്നു. ഓരോ സംഭവവും ഓരോ കേസായി രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. അതുണ്ടായിട്ടില്ല. രണ്ടാം പ്രതിക്കെതിരേ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമായിരുന്നു. മലപ്പുറം സ്വദേശികളായ ഈ പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും അവരെങ്ങനെ ഇരയുടെ വീട്ടിലെത്തി എന്നത് കേസ് ഡയറിയിലില്ല. അവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടു കെട്ടുന്നതിനുള്ള നടപടിയും ഉണ്ടായില്ല. പ്രതികളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അതിന്റെ കോപ്പി കേസ് ഡയറിക്കൊപ്പം വെച്ചിട്ടില്ല. പ്രതികളുടെ മൊബൈൽ ഫോണുകൾ കണ്ടെടുക്കാൻ കഴിഞ്ഞു. എന്നാൽ സംഭവസമയത്തെ ടവർ ലൊക്കേഷൻ രേഖപ്പെടുത്തിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇരയുടെ വീട്ടിൽ പ്രതികൾ ഉണ്ടായിരുന്നുവെന്നത് സ്ഥാപിക്കാൻ എളുപ്പമായിരുന്നു.
സംഭവം നടക്കുമ്പോൾ പ്രതികളും ഇരയും ധരിച്ചിരുന്ന വസ്ത്രങ്ങൾ ശേഖരിക്കുക എന്നത് ഇത്തരം കേസുകളിൽ പ്രധാനമാണ്. അതുണ്ടായില്ല. ഇരയുടെ മൊഴി പല തവണ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പീഡനം നടന്ന ദിവസത്തിന്റെ കാര്യത്തിൽ കേസ് ഡയറിയിൽ വ്യക്തതയില്ല. ഒരു സാക്ഷിയുടെ പോലും മൊഴി രേഖപ്പെടുത്തിയിട്ടില്ല. സംഭവസ്ഥലത്ത് പ്രതികളുടെ സാന്നിധ്യം തെളിയിക്കാൻ സാക്ഷിമൊഴി അനിവാര്യമാണ്. പോക്‌സോ വകുപ്പനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ഇരയുടെ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതുണ്ടായില്ല. പ്രതിപ്പട്ടികയിലുള്ള അമ്മക്കും അമ്മൂമ്മക്കും എതിരേ പോക്‌സോ നിയമത്തിലെ 16 ഉം 17 ഉം വകുപ്പുകൾ ചുമത്തണമായിരുന്നു. എന്നാൽ 17-ാം വകുപ്പ് ചുമത്തിയില്ല. വിചാരണാ വേളയിലോ വിധിപ്രസ്താവ സമയത്തോ ഇരയെ ബുദ്ധിമ്മുട്ടിക്കുന്ന തരത്തിൽ പ്രതികളുമായി മുഖാമുഖം വരാനുള്ള അവസരം ഒഴിവാക്കണമെന്നാണ് ചട്ടം. അതും പാലിക്കപ്പെട്ടില്ല. ഇതെല്ലാം അന്വേഷണോദ്യോഗസ്ഥൻ ബോധപൂർവം വരുത്തിയ വീഴ്ചകളാണ് എന്നാണ് ജില്ലാ പോലീസ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.






