നിയമസഭാ തെരഞ്ഞെടുപ്പിൽ യുവത്വത്തിന്  പ്രാധാന്യം നൽകണം -രാഹുൽഗാന്ധി

നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിലേക്ക് എം.പി ഫണ്ടിൽനിന്ന് അനുവദിച്ച വെന്റിലേറ്ററിന്റെ കൈമാറ്റ ചടങ്ങിനെത്തിയ രാഹുൽ ഗാന്ധി എം.പി ആരോഗ്യപ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുന്നു.

മലപ്പുറം - വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുവത്വത്തിന് പ്രാധാന്യം നൽകുന്ന നിലപാടുകളാണ് കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതെന്ന് രാഹുൽഗാന്ധി എം.പി.  രണ്ടു ദിവസത്തെ മണ്ഡലം സന്ദർശനത്തിന്റെ ഭാഗമായി എത്തിയ അദ്ദേഹം വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ യു.ഡി.എഫ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു. യുവാക്കൾക്കും പൊതുജനങ്ങൾക്കും പ്രാധാന്യം നൽകുന്ന സമീപനമാണ് മുന്നണിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടത്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലും ഇത് പ്രാധാന്യത്തോടെ കാണണം. യുവാക്കൾക്ക് കൂടുതൽ അവസരം നൽകണം. അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പ്രകടന പത്രികക്ക് രൂപം നൽകണം. ജനപ്രിയവും സുതാര്യവുമായി നിലപാടുകളിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും യു.ഡി.എഫിന് വേണ്ടി പ്രചാരണം നയിക്കാൻ താൻ മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


മലപ്പുറം ജില്ലയിൽ വിവിധ പരിപാടികളിലാണ് രാഹുൽഗാന്ധി ഇന്നലെ പങ്കെടുത്തത്. വണ്ടൂർ ഗേൾസ് വെക്കേഷനൽ ഹയർ സെക്കന്ററി സ്‌കൂളിൽ എം.എൽ.എ ഫണ്ടിൽനിന്നും നിർമിച്ച കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും വിവിധ സ്‌കൂളുകൾക്ക് അനുവദിച്ച ബസുകളുടെ താക്കോൽ ദാനവും അദ്ദേഹം നിർവഹിച്ചു. ചടങ്ങുകളിൽ എ.പി. അനിൽകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മമ്പാട് നടന്ന വണ്ടൂർ നിയോജക മണ്ഡലം യു.ഡി.എഫ് യോഗവും നിലമ്പൂർ, അരീക്കോട് മണ്ഡലം യു.ഡി.എഫ് യോഗങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ഗവൺമെന്റ് ആശുപത്രിക്ക് എം.പി ഫണ്ടിൽനിന്ന് അനുവദിച്ച വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ചികിത്സാ സാമഗ്രികളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. യോഗങ്ങളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശ്, കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. കരീം തുടങ്ങിയവർ പങ്കെടുത്തു. 

Latest News