കോഴിക്കോട്- രാജ്യം കോവിഡിനെ തോൽപിച്ചപ്പോൾ കേരളത്തെ കോവിഡ് കീഴടക്കിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഏറെ കൊട്ടിഘോഷിച്ച പിണറായി സർക്കാരിന്റെ കോവിഡ് പ്രതിരോധ പി.ആർ പ്രചരണം പാളിയെന്നും കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോവിഡ് കേസിന്റെ പകുതിയിലേറെ കേരളത്തിലാണ്. ജനസംഖ്യയിൽ നാലു ശതമാനം മാത്രമുള്ള കേരളം കൊറോണ കേസിൽ 50 ശതമാനമാണ് എന്നത് ഞെട്ടിക്കുന്നതാണ്. ജനസാന്ദ്രത കൂടുതലായതുകൊണ്ടാണ് കേസുകൾ കൂടുന്നതെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവരക്കേടാണ്. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം പാളിയതാണ് കേസുകൾ വർധിക്കാൻ കാരണം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലെത്തിയിട്ടും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. വാക്‌സിൻ എടുക്കുന്നവരുടെ എണ്ണത്തിൽ കേരളം അമാന്തം കാണിക്കുന്നു. ആരോഗ്യവകുപ്പും സർക്കാരും വൻ പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഡോളർ കടത്തുകേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ നാലുമന്ത്രിമാരും സ്പീക്കറും മുഖ്യമന്ത്രിയും കൂടുതൽ കുരുക്കിലേക്ക് പോവുകയാണ്. അതുകൊണ്ടാണ് പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് മർദിച്ചെന്ന വ്യാജ പരാതി ചീഫ് സെക്രട്ടറി കേന്ദ്രത്തിനയച്ചത്. സർക്കാരിനെതിരായ വിവരങ്ങൾ പുറത്തുവരുമെന്ന ഭയം കാരണമാണ് പരാതിയയച്ചത്. പ്രോട്ടോകോൾ ഓഫീസിലെ തീപ്പിടിത്തം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുവന്നാൽ സർക്കാരിന് നാണക്കേടാവും. കുറ്റവാളികളായ പലർക്കും പ്രോട്ടോകോൾ ഓഫീസ് മുഖേന വിദേശ രാജ്യങ്ങളിൽ വി.വി.ഐ.പി പരിഗണന കിട്ടി. കുപ്രസിദ്ധരായ പല വിദേശ പൗരൻമാർക്കും പ്രോട്ടോകോൾ ഓഫീസർ സൗകര്യം ചെയ്തുകൊടുത്തു. സാർവത്രികമായ അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
യു.ഡി.എഫ് നേതൃത്വത്തിലേക്ക് ഉമ്മൻചാണ്ടി വന്നതോടെ കഴിഞ്ഞ സർക്കാരിന്റെ അഴിമതികളും വീണ്ടും ചർച്ചയായി. പഴയ കാര്യങ്ങൾ ഓർമിക്കാൻ ജനങ്ങൾക്ക് അവസരം നൽകിയതിന് ഹൈക്കമാന്റിന് നന്ദിയുണ്ട്. പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തും അഴിമതികളും ഉമ്മൻചാണ്ടിയുടെ ഭരണവും താരതമ്യം ചെയ്യാനുള്ള അവസരം ജനങ്ങൾക്ക് ലഭിച്ചു. രമേശ് ചെന്നിത്തലയുടെ അയോഗ്യത എന്താണെന്ന് പറയാൻ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ട്. നാലേമുക്കാൽ കൊല്ലം ഒരു സ്ഥാനവും വേണ്ടായെന്ന് പറഞ്ഞ ഉമ്മൻചാണ്ടിയെ ഇപ്പോൾ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് എന്തിന് വേണ്ടിയാണ്. പാണക്കാട്ടെ തങ്ങൻമാരുടെ ആജ്ഞയാണ് കോൺഗ്രസ് ശിരസാവഹിക്കുന്നത്. ചെന്നിത്തല കറിവേപ്പിലക്ക് തുല്യമായി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പരിഹസിച്ചു.






