പ്രവാസി വോട്ട്: വീണ്ടും പ്രതീക്ഷയുടെ കിനാവുകൾ

വോട്ടവകാശത്തിനായുള്ള പ്രവാസികളുടെ കാത്തിരിപ്പിന് കാലപ്പഴക്കമേറെയാണ്. പ്രവാസം വ്യാപകമായ 70 കൾ മുതൽ പ്രവാസികൾ വോട്ട് കിനാവ് കാണാൻ തുടങ്ങിയതാണ്. പക്ഷേ അതിനിയും യാഥാർത്ഥ്യമായിട്ടില്ല. പാർലമെൻറിന്റെ അടുത്ത ശൈത്യകാല സമ്മേളനം അതു പൂവണിയിക്കുമെന്നാണ് പ്രതീക്ഷ. ഭരണ കർത്താക്കളുടെ വാഗ്ദാനങ്ങൾ ഇതിനു മുൻപും പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും ഇക്കുറി കേന്ദ്ര സർക്കാരിന്റെ അറ്റോർണി ജനറൽ തന്നെ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രതീക്ഷകൾക്ക് നിറം പകരുമെന്നു വേണം കരുതാൻ. 
പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉണ്ടാക്കാമെന്ന് വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചിട്ടുള്ളതാണ്. നിലവിൽ സ്വന്തം മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലുണ്ടെങ്കിൽ വോട്ട് ചെയ്യാനും അവകാശമുണ്ട്. 2010 ൽ ഇതിനായി പാർലമെന്റ് നിയമ ഭേദഗതി പാസാക്കിയിരുന്നു. പക്ഷേ, അന്യദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി വ്യവസായി ഡോ. ഷംസീർ  വയലിലും ലണ്ടൻ ആസ്ഥാനമായ പ്രവാസി ഭാരതീയ ഓർഗനൈസേഷൻ ചെയർമാൻ നാഗേന്ദർ ചിന്ദമും നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ച സുപ്രീം കോടതിയുടെ ഇടപെടലോടെയാണ് പ്രവാസികൾക്ക് വോട്ടു ചെയ്യാനുള്ള സംവിധാനമൊരുക്കാമെന്ന് സർക്കാർ സമ്മതിച്ചിട്ടുള്ളത്. 
വിദേശ രാജ്യങ്ങളിൽ കഴിയുന്ന 160 ലക്ഷത്തോളം ഇന്ത്യൻ വോട്ടർമാരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണിത്. ഇന്നു പ്രവാസികൾ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങൾക്ക് അവർക്ക് വോട്ടവകാശം സാധ്യമാകുമെന്നതോടെ പരിഹാരമാവുമെന്ന പ്രതീക്ഷയാണതിനു കാരണം. 20 ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 114 രാജ്യങ്ങളിൽ വിദേശത്ത് ജോലി ചെയ്യുന്ന അവരുടെ പൗരന്മാർക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമുണ്ട്. 
നയതന്ത്ര കാര്യാലയങ്ങളിൽ ബൂത്ത് ഏർപ്പെടുത്തി വോട്ടു ചെയ്യൽ, പോസ്റ്റൽ വോട്ട്, പ്രോക്‌സി, ഇലക്ട്രോണിക് വോട്ടിംഗ് തുടങ്ങിയ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇക്കാര്യവും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലിപ്പോൾ പ്രതിനിധിയെ വെച്ച് വോട്ട് രേഖപ്പെടുത്തുന്ന പ്രോക്‌സി വോട്ടിംഗ് സംവിധാനം ഒരുക്കാമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചത്.  ഇതിനായി അടുത്ത ശൈത്യകാല സമ്മേളനത്തിൽ നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ അറ്റോർണി ജനറലായ കെ.കെ വേണുഗോപാൽ അറിയിച്ചത്. 1951 ലെ ജനാധിപത്യ നിയമമാണ് ഇതിനായി ഭേദഗതി ചെയ്യേണ്ടത്. മറ്റ് നിയമ ഭേദഗതികൾ പോലെ പാർലമെന്റ് മുൻപാക്കെ ചർച്ചക്ക് വരുമ്പോൾ വിവാദങ്ങളിലൂടെ ചർച്ച നീളാനും ഭേദഗതി പാസാക്കാനും വൈകിയേക്കാം. അങ്ങനെയുണ്ടായാൽ സഭയുടെ പരിഗണനയിൽ കിടക്കുന്ന മറ്റു നിയമങ്ങളുടെ ഗതി ഇതിനും വന്നു കൂടായ്കയില്ല. അതുണ്ടാവാതിരിക്കണമെങ്കിൽ ഭരണ കർത്താക്കളെപ്പോലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഇക്കാര്യത്തിൽ താൽപര്യം കാണിക്കേണ്ടതുണ്ട്. അതു സൃഷ്ടിക്കപ്പെടുന്നതിനുള്ള ശ്രമം പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാവണം. 
നിലവിൽ സൈനികർക്ക് പ്രോക്‌സി വോട്ട് ചെയ്യുന്നതിന് സംവിധാനമുണ്ട്. അതുപോലെ പ്രവാസികൾക്കും അനുവദിക്കാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.  പ്രോക്‌സി വോട്ടർ വോട്ടറായി പേര് ചേർത്ത ബൂത്തിലായിരിക്കണം തന്റെ വോട്ട് രേഖപ്പെടുത്താനുള്ള പ്രതിനിധിയെ ചുമതലപ്പെടുത്തേണ്ടത്. ഇതിനായി നിശ്ചിത ഫോറത്തിൽ മജിസ്‌ട്രേറ്റ് മുൻപാകെ പ്രതിനിധിയെ സാക്ഷ്യപ്പെടുത്തണം. ഒരിക്കൽ സാക്ഷ്യപ്പെടുത്തിയാൽ അതു റദ്ദാക്കും വരെ പ്രതിനിധിക്ക് വോട്ടു രേഖപ്പെടുത്താം. ഈ ഭേദഗതി നിയമമായാൽ പ്രവാസികൾക്ക് വോട്ടവകാശമായെന്ന് പറയാമെങ്കിലും ഒട്ടേറെ പരാതികൾക്കും വിവാദങ്ങൾക്കും ഇതിടയാക്കാനും സാധ്യതയുണ്ട്. 
സ്വതന്ത്രമായി തനിക്ക് ഇഷ്ടമുള്ള പാർട്ടി സ്ഥാനാർഥിക്കു വോട്ടു ചെയ്യാനുള്ള രഹസ്യ സ്വഭാവം ഇക്കാര്യത്തിൽ ഇല്ലാതാവുമെന്നത് പോരായ്മയാണ്. മാത്രമല്ല, വോട്ടു ചെയ്യാനായി ചുമതലപ്പെടുത്തുന്നവരുടെ രാഷ്ട്രീയ ചുവ കൂടി നോക്കേണ്ടി വരും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വന്തം രാഷ്ട്രീയം ഉപേക്ഷിച്ച് ഭർത്താവിന്റെയോ ബന്ധുക്കളുടേയോ സ്വാധീനത്തിനു വഴങ്ങേണ്ടി വന്നേക്കാം. സ്ഥാപന ഉടമകളും മേധാവികളും തങ്ങളുടെ തൊഴിലാളികളെ അവർക്കിഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ട് ചെയ്യിക്കാൻ സ്വാധീനിച്ചേക്കാം. തുടങ്ങിയ പോരായ്മകൾ ഇക്കാര്യത്തിൽ ഉണ്ടാവാനിടയുള്ളിടത്തോളം ഇ-തപാൽ വോട്ടു പോലുള്ള മറ്റു സംവിധങ്ങൾക്ക് മുൻഗണന നൽകുന്നതാവും ഗുണകരമാവുക. ഏതു സംവിധാനമായാലും വോട്ടിംഗ് രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ച് വോട്ടു ചെയ്യാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കേണ്ടത്. 
നരേന്ദ്ര മോഡി അധികാരത്തിൽ വന്ന ശേഷം വിദേശ രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ ഹിന്ദുത്വ സംഘടനകൾ ഏറെ ശക്തിയാർജിച്ചിട്ടുണ്ട്. നരേന്ദ്ര മോഡിയെ അധികാരത്തിലെത്തിക്കുന്നതിൽ ഈ സംഘടനകൾ വഹിച്ച പങ്ക് വളരെ വലുതാണ്. യൂറോപ്പിലും നോർത്ത് അമേരിക്കൻ രാജ്യങ്ങളിലുമെല്ലാം ഹിന്ദു സ്വയം സേവക് സംഘ് എന്ന പേരിൽ ആർ.എസ്.എസുകാരായിരുന്നു ഇതിന് ചുക്കാൻ പിടിച്ചത്. 
മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ഈ സംഘടനകളെ സംബന്ധിച്ചിടത്തോളം പ്രവാസി വോട്ട് യാഥാർഥ്യമായി മാറിയാൽ  അതു നരേന്ദ്ര മോഡിക്ക് അനുകൂലമാക്കി മാറ്റാൻ അവർക്കാവും. 
ഇക്കാര്യം ബി.ജെ.പിക്ക് നന്നായറിയാമെന്നതിനാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കൂടുതൽ താൽപര്യം കാണിക്കാനിടയുണ്ട്. അതുകൊണ്ട് പാർലമെന്റിൽ ജനാധിപത്യ നിയമ ഭേദഗതിക്ക് സർക്കാർ തന്നെ മുന്നിട്ടിറങ്ങാനും നിയമം പാസാക്കാനും കൂടുതൽ പരിശ്രമം ഉണ്ടാവാം. അങ്ങനെയുണ്ടായാൽ പ്രവാസി വോട്ടിനായുള്ള ദീർഘകാല കാത്തിരിപ്പിന് വിരാമമാകുമെന്ന് പ്രതീക്ഷിക്കാം.
 

Latest News