ന്യൂയോര്‍ക്ക്- പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ അമേരിക്കന്‍ ഭരണകൂടം ഫലസ്തീനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു. ഫലസ്തീനികള്‍ക്കുള്ള യുഎസിന്റെ സഹായം തുടരാനും തീരുമാനിച്ചു. ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് യുഎസിന്റെ പിന്തുണ പുതുക്കുകയും ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ നയം യുഎസ് തിരുത്തിയതായി ഐക്യ രാഷ്ട്ര സഭയിലെ യുഎസ് സ്ഥാനപതി റിചാര്‍ഡ് മില്‍സ് ആണ് അറിയിച്ചത്. യുഎന്‍ രക്ഷാ കൗണ്‍സിലിന്റെ ഉന്നത തല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീനിന്റെ സാമ്പത്തിക വികസനത്തിനും മാനുഷിക സഹായങ്ങള്‍ക്കുമുള്ള യുഎസിന്റെ സഹായ പദ്ധതി പുനരാരംഭിക്കാന്‍ പ്രസിഡന്റ് ബൈഡന്‍ ആഗ്രഹിക്കുന്നതായും ഇതുസംബന്ധിച്ച അദ്ദേഹത്തിന്റെ നയം വ്യക്തമാണെന്നും മില്‍സ് പറഞ്ഞു. ഒരു ജനാധിപത്യ, ജൂത രാഷ്ട്രമെന്ന നിലയില്‍ ഇസ്രാഈലിന്റെ ഭാവി സുരക്ഷിതമാക്കാനും സ്വന്തം രാഷ്ട്രമെന്ന പദവി വേണമെന്ന ഫലസ്തീനിന്റെ നിയമപരമായ ആവശ്യം നിറവേറ്റാനും സമാധാനപരമായ ശ്രമങ്ങളാണ് മികച്ച വഴിയെന്ന് പുതിയ യുഎസ് ഭരണകൂടം മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി ഫലസ്തീനികളേയും ഇസ്രാഇലികളേയും വിശ്വാസത്തിലെടുത്തുള്ള സമ്പര്‍ക്കമാണ് യുഎസ് ആഗ്രഹിക്കുന്നത്. ഫലസ്തീന്‍ നേതാക്കളുമായും ഫലസ്തീന്‍ ജനതയുമായുള്ള യുഎസിന്റെ ബന്ധം പുതുക്കലും ഈ നയത്തിന്റെ ഭാഗമാണ്- മില്‍സ് പറഞ്ഞു.






