അയോധ്യ പള്ളിയിൽ പ്രാര്‍ത്ഥിക്കുന്നത് 'ഹറാം', നിർമാണത്തിന് സംഭാവന നല്‍കരുത്, പണം പാവങ്ങള്‍ക്ക് നല്‍കൂ- ഉവൈസി

ഹൈദരാബാദ്- അയോധ്യയില്‍ തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന് പകരം മറ്റൊരിടത്ത് നിര്‍മ്മിക്കുന്ന പള്ളിക്ക് സംഭാവന നല്‍കരുതെന്നും അവിടെ പ്രാര്‍ത്ഥിക്കുന്നത് ഹറാം (നിശിദ്ധം) ആണെന്നും മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി. പള്ളി നിര്‍മാണത്തിന് സംഭാവന നല്‍കുന്നതിനു പകരം ആ പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായമായി നല്‍കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. റിപ്പബ്ലിക് ദിത്തോടനുബന്ധിച്ച് ബിദാറില്‍ സംഘടിപ്പിച്ച 'ഭരണഘടനയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ' എന്ന പ്രമേയത്തിലുള്ള പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയില്‍ പള്ളി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് മുസ്‌ലിം മത പണ്ഡിതന്മാരില്‍ നിന്നും മുഫ്തിമാരില്‍ നിന്നും പേഴ്‌സനല്‍ ലോ ബോര്‍ഡിലെ പണ്ഡിതന്മാരില്‍ നിന്നും താന്‍ പ്രാമാണിക അഭിപ്രായം തേടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'അവരെല്ലാം അഭിപ്രായപ്പെട്ടത് അതിനെ പള്ളി എന്നു വിളിക്കാന്‍ പാടില്ലെന്നും അവിടെ നമസ്‌ക്കാരം പാടില്ലെന്നുമാണ്. അവിടെ പ്രാര്‍ത്ഥിക്കുന്നതും നിര്‍മാണത്തിന് സംഭാവന നല്‍കുന്നതും ഹറാം ആണ്. മുസ്‌ലിംകള്‍ അവിടെ പോയി പ്രാര്‍്ത്ഥിക്കരുത്. പള്ളി നിര്‍മാണത്തിന് സംഭാവന നല്‍കുന്നതിനു പകരം ആ പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനു നല്‍കുകയാണ് ചെയ്യേണ്ടത്,' ഉവൈസി പറഞ്ഞു.

മതത്തിന്റെ പേരില്‍ പൗരന്മാരോട് വിവേചനം കാണിക്കുന്ന തരത്തില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും അട്ടിമറിച്ച് പുതിയ നിയമങ്ങളാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നതെന്നും ഉവൈസി പറഞ്ഞു. ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമായ നിയമങ്ങള്‍ നിര്‍മിച്ച് സര്‍ക്കാര്‍ ഭരണഘടനയെ തകര്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. അംബേഡ്കറുടെ അധ്യാപനങ്ങളില്‍ വിശ്വാസമുള്ളവര്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ ജീവിക്കണം. സമത്വം ഉറപ്പാക്കുന്നതു വരെ നീതി ലഭിക്കില്ലെന്നും സാഹോദര്യം ഇല്ലെങ്കില്‍ ആരും നമ്മോട് അടുക്കില്ലെന്നും അംബേഡ്കര്‍ പഠിപ്പിച്ചിട്ടുണ്ട്. ദളിത്, പിന്നാക്ക് വിഭാഗങ്ങളോട് മത്സരിക്കുന്നതില്‍ നിന്നും മുസ്‌ലിംകള്‍ വിട്ടു നില്‍ക്കണം. അവരുമായി സഹകരിക്കേണ്ട സമയമാണിത്. ഈ മൂന്ന് സമുദായങ്ങളും പരസ്പരം സഹകരിക്കാന്‍ തയാറായാല്‍ ജനസംഖ്യുടെ വെറും 22 ശതമാനം മാത്രം വരുന്ന ഉന്നത ജാതിക്കരാരുടെ 70 വര്‍ഷമായി തുടരുന്ന ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്നും ഉവൈസി പറഞ്ഞു.

Latest News