Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ സംഗീത പശ്ചാത്തലത്തില്‍ റിയാദിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അംബാസഡർ ഔസാഫ് സഈദ് ദേശീയ പതാക ഉയർത്തിയതിന് ശേഷം രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുകയും ചെയ്യുന്നു വലത്ത്: ആഘോഷ പരിപാടിയിൽനിന്ന്. (ഫോട്ടോ - ജലീൽ ആലപ്പുഴ)

റിയാദ്- ദേശസ്‌നേഹം ഊട്ടിയുറപ്പിക്കുന്ന ഇന്ത്യൻ സംഗീതങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് ഇന്ത്യൻ എംബസിയിൽ 72 ാമത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കാലത്ത് ഒമ്പത് മണി മുതൽ ഒരു മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്.
പതാക ഉയർത്തിയ ശേഷം അംബാസഡർ രാഷ്ട്രപതിയുടെ പ്രസംഗം വായിച്ചു. വന്ദേഭാരത് മിഷനിലൂടെ കോവിഡ് പ്രതിസന്ധിക്കിടെ സൗദി അറേബ്യയിൽ നിന്ന് മൂന്ന് ലക്ഷം ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ എംബസിക്ക് സാധിച്ചു. റിയാദിലെ ഇന്ത്യൻ മിഷന്റെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും ആളുകളെ നാട്ടിലെത്തിച്ചത്. ഈ പ്രക്രിയയിൽ സഹായ ഹസ്തം നൽകിയ എല്ലാ ഇന്ത്യൻ സംഘടനകൾക്കും കമ്യൂണിറ്റി വളണ്ടിയർമാർക്കും അംബാസഡർ നന്ദി പറഞ്ഞു. 'പ്രവാസികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ശ്രദ്ധ ചെലുത്തിയ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എന്നിവരോടുള്ള നന്ദിയും കടപാടും അറിയിക്കുന്നു. സുരക്ഷ, പ്രതിരോധ സഹകരണം, ഊർജം, ഭക്ഷ്യ സുരക്ഷ, സാമ്പത്തികം, ആരോഗ്യം, സാങ്കേതികവിദ്യ, സാംസ്‌കാരികം എന്നീ രംഗങ്ങളിൽ ഇന്ത്യയും സൗദിയും പരസ്പര സഹകരണം ശക്തമാണ്'-അംബാസഡർ പറഞ്ഞു. 
ശേഷം ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു. ഇൻഫർമേഷൻ സെക്രട്ടറി അസീം അൻവർ ചടങ്ങ് നിയന്ത്രിച്ചു.
പ്രമുഖ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരത് സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിൽ രക്തദാന കാമ്പയിനും എംബസി കോമ്പൗണ്ടിൽ നടന്നു.
മൂന്നു ഘട്ടമായാണ് ഇക്കുറി എംബസി റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. ഫൈസലിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ സൗദി, ഇന്ത്യൻ ബിസിനസ് പ്രമുഖർ പങ്കെടുത്തു. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന മറ്റൊരു ചടങ്ങിൽ റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽഅയ്യാഫും പ്രമുഖരും സംബന്ധിച്ചു. ഇന്തോ സൗദി ബന്ധം വിളിച്ചോതുന്ന ഫോട്ടോ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു. 

Latest News