Sorry, you need to enable JavaScript to visit this website.

പെട്രോളിതര കയറ്റുമതിയിൽ സൗദിയിൽ 12 ശതമാനം വളർച്ച

എണ്ണ വരുമാനം 40.8 ശതമാനം കുറഞ്ഞു

റിയാദ് - കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറിൽ പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 12 ശതമാനം വളർച്ച കൈവരിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ 11 മാസത്തിനിടെ സൗദി അറേബ്യ 183.08 ബില്യൺ റിയാലിന്റെ (48.82 ബില്യൺ ഡോളർ) പെട്രോളിതര ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇക്കാലയളവിൽ സൗദി അറേബ്യയുടെ ആകെ കയറ്റുമതിയുടെ 29.3 ശതമാനവും പെട്രോളിതര ഉൽപന്നങ്ങളായിരുന്നു. 
നവംബറിൽ 20.58 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപന്നങ്ങൾ കയറ്റി അയച്ചു. 28 മാസത്തിനിടെ ഏറ്റവും ഉയർന്ന കയറ്റുമതിയാണിത്. ലോക രാജ്യങ്ങൾ നിയന്ത്രണം ലഘൂകരിക്കുകയും സമ്പദ്‌വ്യവസ്ഥകൾ ക്രമാനുഗതമായി തുറക്കുകയും ചെയ്തതോടെ ജൂൺ മുതൽ നവംബർ വരെയുള്ള കാലത്ത് പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി വർധിച്ചുവന്നു. ഇക്കഴിഞ്ഞ നവംബറിൽ പെട്രോളിതര കയറ്റുമതി 2019 നവംബറിനെ അപേക്ഷിച്ച് 12 ശതമാനം തോതിലും 2020 ഒക്‌ടോബറിനെ അപേക്ഷിച്ച് 8.9 ശതമാനം തോതിലും വർധിച്ചു. 
കെമിക്കൽ ഉൽപന്നങ്ങൾ, പ്ലാസ്റ്റിക്-റബർ ഉൽപന്നങ്ങൾ, ലോഹ ഉൽപന്നങ്ങൾ, ഗതാഗത ഉപകരണങ്ങൾ, യന്ത്രങ്ങൾ-വൈദ്യുതി ഉപകരണങ്ങൾ, മൃഗ ഉൽപന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ-പാനീയങ്ങൾ, പേപ്പർ ഉൽപന്നങ്ങൾ, മുത്തുകൾ-അമൂല്യ കല്ലുകൾ എന്നീ ഒമ്പതു വിഭാഗത്തിൽ പെട്ട ഉൽപന്നങ്ങളാണ് സൗദി അറേബ്യ വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നത്. നവംബറിൽ പെട്രോളിതര കയറ്റുമതിയുടെ 54.8 ശതമാനവും രാസപദാർഥങ്ങളും പ്ലാസ്റ്റിക്, റബർ ഉൽപന്നങ്ങളുമായിരുന്നു. നവംബറിൽ 11.11 ബില്യൺ റിയാലിന്റെ രാസപദാർഥങ്ങളും പ്ലാസ്റ്റിക്, റബർ ഉൽപന്നങ്ങളും വിദേശങ്ങളിലേക്ക് കയറ്റി അയച്ചു. 
വിമാനങ്ങൾക്കും കപ്പലുകൾക്കും മറ്റും ആവശ്യമായ 370 കോടി റിയാലിന്റെ ഗതാഗത ഉപകരണങ്ങളും നവംബറിൽ കയറ്റി അയച്ചു. നവംബറിൽ പെട്രോളിതര കയറ്റുമതിയുടെ 18.4 ശതമാനം ഗതാഗത ഉപകരണങ്ങളായിരുന്നു. 2019 നവംബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറിൽ ഗതാഗത ഉപകരണങ്ങളുടെ കയറ്റുമതിയിൽ 64 ശതമാനം വളർച്ച രേഖപ്പെടുത്തി. 144 കോടി റിയാലിന്റെ ലോഹ ഉൽപന്നങ്ങളും നവംബറിൽ കയറ്റി അയച്ചു. പെട്രോളിതര കയറ്റുമതിയുടെ ഏഴു ശതമാനം ലോഹ ഉൽപന്നങ്ങളായിരുന്നു. 2019 നവംബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറിൽ ലോഹ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 13 ശതമാനം വളർച്ചയുണ്ടായി. 
2019 നെ അപേക്ഷിച്ച് 2020 ജനുവരി മുതൽ നവംബർ അവസാനം വരെയുള്ള കാലത്ത് പെട്രോളിതര കയറ്റുമതി 11.3 ശതമാനം തോതിൽ കുറഞ്ഞു. 2019 ൽ ആദ്യത്തെ 11 മാസത്തിനിടെ പെട്രോളിതര കയറ്റുമതി 206.4 ബില്യൺ റിയാലായിരുന്നു. പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ വിലയിടിച്ചിലും മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ കൊറോണ മഹാമാരി കയറ്റുമതിയെ ബാധിച്ചതുമാണ് ഇതിന് കാരണം. 
കഴിഞ്ഞ കൊല്ലം ആദ്യത്തെ 11 മാസത്തിനിടെ 409.65 ബില്യൺ റിയാലിന്റെ (109.24 ബില്യൺ ഡോളർ) എണ്ണയും സൗദി അറേബ്യ കയറ്റി അയച്ചു. ആകെ കയറ്റുമതിയുടെ 65.6 ശതമാനം എണ്ണയാണ്. കഴിഞ്ഞ വർഷം നവംബർ വരെ എണ്ണ കയറ്റുമതി വരുമാനം 40.8 ശതമാനം തോതിൽ കുറഞ്ഞു. ആഗോള വിപണിയിലെ വിലയിടിച്ചിലാണ് എണ്ണ കയറ്റുമതി വരുമാനം ഗണ്യമായി കുറയാൻ ഇടയാക്കിയത്. 2019 ൽ ഇതേ കാലയളവിൽ എണ്ണ കയറ്റുമതി വരുമാനം 692.11 ബില്യൺ റിയാൽ (184.56 ബില്യൺ ഡോളർ) ആയിരുന്നു. 


 

Tags

Latest News