ഇടുക്കി-അഞ്ച് സിറ്റിംഗ് എം. എല്‍. എമാരില്‍ മൂന്നു പേര്‍ ഇടുക്കിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുമെന്ന് സൂചന. പി. ജെ ജോസഫ് (തൊടുപുഴ) യു ഡി എഫില്‍ നിന്നും, മന്ത്രി എം. എം മണി (ഉടുമ്പഞ്ചോല), റോഷി അഗസ്റ്റിന്‍ (ഇടുക്കി) എന്നിവര്‍ എല്‍. ഡി. എഫില്‍ നിന്നും വീണ്ടും ജനവിധി തേടുമെന്നാണ് വിവരം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും മല്‍സരിക്കില്ലെന്നുമുളള വാര്‍ത്ത മന്ത്രി മണി തളളിക്കളയുകയും ചെയ്തു.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് (എം)ന്റെ റോഷി അഗസ്റ്റിനും പി ജെ ജോസഫുമായിരുന്നു യു ഡി എഫില്‍ നിന്നും വിജയിച്ചത്. എം എം മണി, ഇ എസ് ബിജിമോള്‍ (പീരുമേട്), എസ് രാജേന്ദ്രന്‍(ദേവികുളം) എന്നിവര്‍ എല്‍ ഡി എഫില്‍ നിന്നും വിജയം നേടി. 2006ലെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസിന് എം എല്‍ എമാരില്ലാത്ത ജില്ല എന്ന വിശേഷണവും ഇടുക്കിക്കുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴയിലും ഇടുക്കിയിലും ഒഴികെ മുന്നേറ്റമുണ്ടാക്കി ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. എട്ട് ബ്ലോക്ക് പഞ്ചായത്തില്‍ നാല് വീതം ഇരുമുന്നണികളും പങ്കിട്ടു. 52 ഗ്രാമപഞ്ചായത്തുകളില്‍ 31 എണ്ണവും എല്‍ ഡി എഫിനൊപ്പം.
ത്രിതല തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നേറ്റമുണ്ടാക്കിയ തൊടുപുഴ പി ജെ ജോസഫിന്റെ കൈയില്‍ ഭദ്രമായിരിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിലും ലീഗിലും മുറുമുറുപ്പുകള്‍ ഉണ്ടെങ്കിലും അതൊന്നും പൊതുസമ്മതനായ ജോസഫിന്റെ 11ാം അങ്കത്തെ ബാധിക്കാന്‍ ഇടയില്ല. തൊടുപുഴ അസംബ്ലി മണ്ഡലത്തിലെ 12 പഞ്ചായത്തുകളില്‍ 10ഉം തദ്ദേശതെരഞ്ഞെടുപ്പില്‍ യു ഡി എഫിനൊപ്പമാണ്. തൊടുപുഴ നഗരസഭ ഒപ്പത്തിനൊപ്പവും. ജോസ് കെ മാണി വിഭാഗത്തിലെ പ്രൊഫ. കെ.ഐ ആന്റണി ജോസഫിനെതിരെ പോരാടുമെന്നാണ് കേള്‍വി. റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ എന്നിവരും പരിഗണനയില്‍.
അതേ സമയം ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ അഞ്ചാം അങ്കത്തിനായി എല്‍ ഡി എഫ് കുപ്പായമണിഞ്ഞ് കളത്തിലിറങ്ങുന്ന കേരള കോണ്‍ഗ്രസ് (എം)ലെ റോഷി അഗസ്റ്റിന്റെ നില അത്ര ഭദ്രമല്ല. ത്രിതല പഞ്ചായത്ത് ഫലം എല്‍ ഡി എഫിന്റെ ചങ്കിടിപ്പ് കൂട്ടുന്നു. ഇവിടത്തെ ഭൂരിഭാഗം പഞ്ചായത്തുകളും കട്ടപ്പന നഗരസഭയും യു ഡി എഫിനൊപ്പം. രണ്ടു പതിറ്റാണ്ടിന്റെ മണ്ഡലത്തിലെ വ്യക്തിബന്ധമാണ് റോഷിയുടെ ആത്മവിശ്വാസം. കഴിഞ്ഞ തവണ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ ഫ്രാന്‍സീസ് ജോര്‍ജ് ഇക്കുറി ജോസഫ് ഗ്രൂപ്പ് നേതാവെന്ന നിലയില്‍ റോഷിയെ തളയ്ക്കാന്‍ എത്തിയേക്കാം. അന്ന് 9333 വോട്ടുകള്‍ക്കാണ് ഫ്രാന്‍സീസ് ജോര്‍ജ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിന് ഇടുക്കി സീറ്റില്‍ നോട്ടമുണ്ടെങ്കിലും പി ജെ ജോസഫ് വിട്ടുകൊടുക്കുമോ എന്ന കണ്ടറിയണം.
ഉടുമ്പഞ്ചോല എല്‍ ഡി എഫിന് തന്നെയെന്ന് യു ഡി എഫുകാര്‍ രഹസ്യമായി സമ്മതിക്കും. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളും എല്‍ ഡി എഫ് തൂത്തുവാരിയതും മന്ത്രി എം എം മണി നടത്തിയ വികസന പ്രവര്‍ത്തനങ്ങളും തന്നെ കാരണം. മണി മാറിനിന്നാല്‍ മുന്‍ എം പി ജോയ്‌സ് ജോര്‍ജിനോ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജയനോ നറുക്ക് വീഴും. ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറാണ് യു ഡി എഫ് പട്ടികയില്‍ ഒന്നാമന്‍. കോണ്‍ഗ്രസ് വക്താവ് മാത്യു കുഴല്‍നാടനും ഇടുക്കിയിലെ ഏതെങ്കിലും സീറ്റിനായി വട്ടമിട്ട് പറക്കുന്നുണ്ട്.
കഴിഞ്ഞ തവണ സി പി ഐയിലെ ഇ എസ് ബിജിമോളെ 334 വോട്ടിന്റെ ഭൂരിപക്ഷം മാത്രം നല്‍കി വിറപ്പിച്ച് വിട്ട സിറിയക്ക് തോമസിനെ തന്നെ പീരുമേട്ടില്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയേക്കും. ജോസഫ് വാഴയ്ക്കന്‍, റോയി കെ പൗലോസ്, സി പി മാത്യു തുടങ്ങിയവരും പീരുമേടിനായി ഒരു കൈ നോക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിനെ മല്‍സരിപ്പിച്ചാല്‍ ഇടിഞ്ഞു പോയ ജനപിന്തുണ തിരിച്ചുപിടിക്കാമെന്ന ഗൗരവമായ ആലോചനയിലാണ് സി പി ഐ.
മൂന്നു വട്ടം മല്‍സരിക്കുകയും ജയിക്കുകയും ചെയ്തതിനാല്‍ എസ് രാജേന്ദ്രനെ ദേവികുളത്ത് സി പി എം ഒഴിവാക്കും. യുവ നേതാക്കളായ അഡ്വ.രാജ, ഈശ്വരന്‍ എന്നിവര്‍ക്ക് സാധ്യത. യു ഡി എഫിലാകട്ടെ ആറു വട്ടം മല്‍സരിച്ച് മൂന്നു ജയവും മൂന്നു തോല്‍വിയും നേടിയ കെ പി സി സി മുന്‍ വൈസ് പ്രസിഡന്റ് എ കെ മണി കുപ്പായം ഊരുന്ന മട്ടില്ല. രാഷ്ട്രീയ രംഗത്തേ ഇല്ലാത്ത മകന്റെ പേരും മണി പറഞ്ഞുവെന്നാണ് കേള്‍വി. എല്ലാ തെരഞ്ഞെടുപ്പുകളിലും തഴയപ്പെടുന്ന കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി.കുമാറിന് പുറമേ എം മുത്തുരാജിനും ഒരിക്കല്‍ എല്‍ ഡി എഫിന് വേണ്ടി മല്‍സരിച്ച മുന്‍ കോണ്‍ഗ്രസ് എം എല്‍ എ കിട്ടപ്പനാരായണ സ്വാമിയുടെ മകന്‍ ബാലസുബ്രഹ്മണ്യനും ഈ പട്ടികജാതി സംവരണ മണ്ഡലത്തില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു.