Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അലി മണിക്ഫാന് രാജ്യത്തിന്റെ ആദരം; ഒരു സാധാരണക്കാരന്റെ 'പത്മശ്രീ'യിലേക്കുള്ള അസാധാരണ യാത്ര

72ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യം ഉന്നത ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചവരില്‍ ഇത്തവണ അലി മണിക്ഫാനും ഇടം ലഭിച്ചു. ആരെയും വിസ്മയിപ്പിക്കുന്ന തന്റെ പതിവു സാധാരണത്വങ്ങളില്‍ ഒരു മാറ്റവുമില്ലാതെയാണ് മണിക്ഫാന്‍ വലിയ ബഹുമതി ലഭിച്ചുവെന്ന ഈ വാര്‍ത്തയും വരവേറ്റത്. ആശംസയറിയിക്കാന്‍ ഒരു പരിചയക്കാരന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം തന്നെ ഉദാഹരണം. മണിക്ഫാന്റെ ഭാര്യയാണ് ഫോണെടുത്തത്. 'ഇന്ന് ആശംസകളുമായി ധാരാളം കോളുകള്‍ വരും. എല്ലാം അറ്റന്‍ഡ് ചെയ്തു മറുപടി നല്‍കുക. ഞാന്‍ പോയി ഉറങ്ങട്ടെ' എന്ന് ഭാര്യയോട് പറഞ്ഞ് വിശ്രമത്തിലായിരുന്നത്രെ അദ്ദേഹം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന മണിക്ഫാന്‍ ഒരു സാധാരണ ദ്വീപുകാരന്റെ മെയ് വഴക്കത്തോടെയാണ് പുതിയ അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടത്. എന്നാല്‍ മുത്തും പവിഴവും കണക്കെ അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത വൈവിധ്യമാര്‍ന്ന വിജ്ഞാനത്തിന്റെ വൈപുല്യം അസാധാരണ മെയ്്‌വഴക്കത്തിന്റെ ഫലമായിരുന്നു. അലി മണിക്ഫാന്റെ നടപ്പിലും എടുപ്പിലുമൊന്നും ആര്‍ക്കും അദ്ദേഹത്തിന്റെ ആഴമളക്കാന്‍ കഴിയില്ല. ഇന്നും സാധാരണക്കാരില്‍ സാധാരണക്കാരനായി അദ്ദേഹം ജീവിക്കുന്നു. 

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

സാത്വികനും ദയാശീലനുമായ മൂസ മണിക്ഫാന്‍-ഫാത്തിമ മണിക ദമ്പതികളുടെ മകനായി ലക്ഷ്ദ്വീപിന്റെ ഭാഗമായ മനിക്കോയ് ദ്വീപില്‍ 1938 മാര്‍ച്ച് 13നാണ് മുറാദ് ഗണ്ടുവര്‍ അലി മണിക്ഫാന്‍ ജനിച്ചത്. സ്‌കൂള്‍ പഠനത്തിനുള്ള പ്രായമായപ്പോള്‍ മൂസ മകന്‍ അലി മണിക്ഫാനെ കണ്ണൂരിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസത്തോട് വിമുഖത കാട്ടിയ അലി മണിക്ഫാന്‍ സ്‌കൂള്‍ ഉപേക്ഷിച്ച് മിനിക്കോയില്‍ തന്നെ തിരിച്ചെത്തി. ഔപചാരിക വിദ്യാഭ്യാസ രീതി ഉപരിപ്ലവവും കൃത്രിമവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇത് ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്തതും കാലത്തെ അഭിമൂഖീകരിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കാന്‍ ശേഷിയില്ലാത്തതുമെന്ന് വാദിച്ചാണ് അദ്ദേഹം സ്വയം നിരീക്ഷിച്ചും പരീക്ഷിച്ചും പുതിയ പഠന വഴികള്‍ കണ്ടെത്തിയത്.

ഇന്ത്യയിലെ ഭാഷാ വൈവിധ്യം അദ്ദേഹത്തെ ആകര്‍ഷിച്ചു. അങ്ങനെയാണ് മാതൃഭാഷയായ ദിവേഹി (മഹല്‍)ക്കു പുറമെ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, സിന്‍ഹളീസ്, പേര്‍ഷ്യന്‍, സംസ്‌കൃതം, ഉര്‍ദു, തമിഴ് ഭാഷകള്‍ സ്വായത്തമാക്കിയത്. എപ്പോഴും അന്വേഷിച്ചു കണ്ടെത്താനുള്ള ത്വര അദ്ദേഹത്തില്‍ ആര്‍ത്തിയോടെയുള്ള വായന ശീലം വളര്‍ത്തിയെടുത്തു. തുടര്‍ച്ചയായ വായനകളും അന്വേഷണങ്ങളുടെ ഭാഗമായുള്ള എഴുത്തുകളും യുവാവായിരിക്കെ തന്നെ അലി മണിക്ഫാനെ ബുദ്ധിശാലിയും മികച്ച ഗവേഷകനുമാക്കി. 

ഇക്കാലയളവില്‍ അദ്ദേഹം സമുദ്രശാസ്ത്രം, സമുദ്ര ഗവേഷണം, ഭൂമി ശാസ്ത്രം, ഗോള ശാസ്ത്രം, പരമ്പരാഗത കപ്പല്‍ നിര്‍മാണം, കൃഷി, പരിസ്ഥിതി ശാസ്ത്രം, മത്സ്യ ശാസ്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ നൈപുണ്യം നേടിയെടുത്തു. സ്വയം പര്യാപ്തത എന്നതിലായിരുന്നു അദ്ദേഹത്തിന്റെ പഠനത്തിന്റേയും ഗവേഷണങ്ങളുടേയും മുഖ്യ ശ്രദ്ധ. ജീവിതത്തിലും അക്ഷരം പ്രതി ഈ സിദ്ധാന്തം അദ്ദേഹം നടപ്പാക്കി. 

1956ല്‍ അധ്യാപകനായി ജോലി ചെയ്തു തുടങ്ങി. പിന്നീട് മിനിക്കോയ് ദ്വീപ് ഭരണചുമതലയുള്ള ഉദ്യോഗസ്ഥന്റെ ക്ലര്‍ക്കായി. ഒരു ദ്വീപുകാരന്‍ എന്ന നിലയില്‍ സമുദ്രശാസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. 1960കളില്‍ മണിക്ഫാന്‍ ഫിഷറീസ് വകുപ്പിന്റെ ഒരു ലാബില്‍ ജോലി ചെയ്തു തുടങ്ങി. ഇക്കാലയളവിലാണ് പ്രമുഖ മറീന്‍ ബയോളജിസ്റ്റായ ഡോ. എസ്. ജോണ്‍സ് മത്സ്യ ഗവേഷണത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെത്തുന്നത്. സ്വന്തമായി മത്സ്യങ്ങളെ കുറിച്ച് ഗവേഷണം നടത്തിവന്ന മണിക്ഫാന്‍ ജോണ്‍സിന് വലിയ സഹായമായി. ദ്വീപിലെ എല്ലാ മത്സ്യ ഇനങ്ങളുടേയും പൂര്‍ണ വിവരങ്ങള്‍ മണിക്ഫാന്റെ കയ്യിലുണ്ടായിരുന്നു. ഇത് ജോണ്‍സിന് വളരെ സഹായകമായി. ഇക്കാര്യം ജോണ്‍സ് അദ്ദേഹത്തിന്റെ ഒരു പുസ്തകത്തില്‍ വിശദമാക്കിയിട്ടുമുണ്ട്. 

ഡോ. ജോണ്‍സിന്റെ ആശീര്‍വാദത്തോടെ യുവാവായ അലി മണിക്ഫാനെ സെന്‍ട്രല്‍ മറീന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(സിഎംഎഫ്ആര്‍ഐ)യില്‍ ഫീല്‍ഡ് അസിസ്റ്റന്റായി നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ആസ്ഥാനമായിരുന്ന തമിഴ്‌നാട്ടിലെ മണ്ഡപത്തേക്ക് അലി മണിക്ഫാന്‍ വരുന്നത് അങ്ങനെയാണ്. ഇക്കാലയളവിലാണ് ഡോ. ജോണ്‍സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനിടെ അലി മണിക്ഫാന്‍ പുതിയ ഇനം മത്സ്യത്തെ കണ്ടെത്താന്‍ സഹായിച്ചത്. ഇതിനുള്ള അംഗീകാരമായി ജോണ്‍സ് പുതിയ മത്സ്യത്തിന് അബുദെഫ്ദഫ് മണിക്ഫാനി എന്ന പേരും നല്‍കി.

സിഎംഎഫ്ആര്‍ഐയില്‍ മ്യൂസിയം അസിസ്റ്റന്റായിരിക്കെ 1980ല്‍  അദ്ദേഹം ജോലി ഉപേക്ഷിച്ച് മുഴു സമയ കൃഷി ഗവേഷണത്തിലേക്ക് തിരിഞ്ഞു. രാമനാഥപുരം ജില്ലയിലെ വെടലൈയില്‍ വിലയ്ക്കു വാങ്ങിയ ഊഷരമായ ഭൂമിയിലായിരിരുന്നു പുതിയ കൃഷി പരീക്ഷണങ്ങള്‍. ഇവിടെ തന്നെ സ്വന്തമായി വീടും പണിതു. കുടുംബവുമൊത്ത് താമസമാക്കി. ഈ പ്രദേശത്ത് ലഭ്യമായ പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് വീട് നിര്‍മിച്ചത്. ഇപ്പോള്‍ തിരുനേല്‍വേലി ജില്ലയിലെ വലിയൂരിലാണ് താസമം. ഇവിടെ 13 ഏക്കര്‍ ഭൂമിയില്‍ വിശാല കൃഷിയിടമുണ്ട്. ഡു നത്തിങ് ഫാം എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലമായതിനാല്‍ ഇവിടേക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ ഏറെ കാത്തിരുന്നിട്ടും ഫലം ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ സ്വന്തമായി സാങ്കേതിക വിദ്യ ഉണ്ടാക്കി വൈദ്യുത ഉള്‍പ്പാദനം തുടങ്ങി. കാറ്റാടി യന്ത്രം നിര്‍മ്മിച്ചായിരുന്നു ഇത്. പിന്നീട് വീട്ടില്‍ ഉപയോഗിക്കാനുള്ള റഫ്രിജറേറ്ററും സ്വന്തമായി തന്നെ നിര്‍മിച്ചു. അത്യാവശങ്ങള്‍ക്ക് യാത്ര ചെയ്യാനായി സൈക്കിളും പഴയൊരു മോട്ടോറും ഉപേയാഗിച്ച് മോട്ടോര്‍ സൈക്കിള്‍ നിര്‍മിച്ചു. ഈ സൈക്കിളില്‍ മകനൊപ്പം അലി മണിക്ഫാന്‍ തമിഴ്‌നാട്ടില്‍ നിന്നും ദല്‍ഹി വരെ യാത്രയും ചെയ്തിട്ടുണ്ട്. 

പായക്കപ്പല്‍ നിര്‍മാണത്തിലും അലി മണിക്ഫാന് വൈദഗ്ധ്യമുണ്ട്. 1200 വര്‍ഷം മുമ്പ് പട്ടുപാതയില്‍ സഞ്ചരിച്ചിരുന്ന പായക്കപ്പലുകളുടെ ഒരു രൂപം ഉണ്ടാക്കാന്‍ ഐറിഷ് സാഹസികനായ ടിം സെവറിന്‍ ആളെ തേടിക്കൊണ്ടിരിക്കുമ്പോള്‍ ഡോ. ജോണ്‍സാണ് അലി മണിക്ഫാനെ അദ്ദേഹത്തിന് നിര്‍ദേശിച്ചത്. ഈ ഉത്തരവാദിത്തം അലിമണിക്ഫാന് ലഭിക്കുകയും ചെയ്തു. 1981ല്‍ ഒമാനില്‍ ഒരു വര്‍ഷത്തോളം താമസിച്ചാണ് അലി മണിക്ഫാനും സംഘവും പുരാതന പായക്കപ്പല്‍ പുനഃസൃഷ്ടിച്ചത്. പഴയ കാല ദ്വീപുകാര്‍ കപ്പല്‍ നിര്‍മാണത്തിന് ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് അലി മണിക്ഫാനും ഉപയോഗിച്ചത്. നാലു ടണ്‍ കയറുകളും മരവും പായയും ഉപയോഗിച്ച് 27 മീറ്റര്‍ നീളമുള്ള സോഹാര്‍ എന്ന കപ്പലാണ് അദ്ദേഹം നിര്‍മ്മിച്ചത്. ഈ കപ്പല്‍ ഒമാനില്‍ നിന്ന് 9,600 കിലോമീറ്റര്‍ ദൂരം ചൈനയിലേക്കു സഞ്ചരിക്കുകയും ചെയ്തു. ടിം സെവെറിന്റെ ദി സിന്ദ്ബാദ് വോയേജ് എന്ന പുസ്തകത്തില്‍ സോഹാര്‍ യാത്രയെ കുറിച്ച് പറയുന്നുണ്ട്. ഈ കപ്പല്‍ ഇപ്പോള്‍ ഒമാനിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

അമ്പരപ്പിക്കുന്ന ഈ വിജ്ഞാന നേട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ അലി മണിക്ഫാനെ ഒരു പക്ഷെ കേരളത്തില്‍, മലയാളികള്‍ കൂടുതല്‍ അറിയുക അദ്ദേഹം രൂപം നല്‍കിയ ഹിജ്‌റ കലണ്ടറിന്റെ പേരിലായിരിക്കും. ഗോളശാസ്ത്രത്തെ അടിസ്ഥാനമാക്കി ചാന്ദ്ര മാസം കണക്കാക്കുന്ന ഒരു ഏകീകൃത ഇസ് ലാമിക് കലണ്ടര്‍ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ മുസ്ലിം ലോകത്ത് ഇതിന് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല.

ഒരു മകനും മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് അലി മണിക്ഫാന്റെ കുടുംബം. മകന്‍ എല്ലാ ദ്വീപുകാരേയും പോലെ ഒരു നാവികനാണ്. മൂന്ന് പെണ്‍മക്കളും അധ്യാപകരാണ്. പിതാവിനെ പോലെ തന്നെ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ സ്വയം ആര്‍ജ്ജിച്ചെടുത്ത അറിവ് കൈമുതലാക്കിയാണ് ഇവരും അധ്യാപകരായത്. 

അലി മണിക്ഫാന്റെ ജീവിത കഥ പറയുന്ന ഡൊക്യുമെന്ററി കാണാം

വിവരങ്ങള്‍: സേവ്യര്‍ റോമെരോ ഫ്രിയസ്

Latest News