ഗുജറാത്തിൽ ആനന്ദിബെൻ പട്ടേലിനെ ഒതുക്കിയോ?.

അഹമ്മദാബാദ്- ഗുജറാത്തിൽ അധികാരം നിലനിർത്താൻ പെടാപ്പാട് പെടുന്ന ബി.ജെ.പി മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനെ മറന്നോ. കഴിഞ്ഞവർഷം ഓഗസ്റ്റ് വരെ ഗുജറാത്ത് മുഖ്യമന്ത്രി കസേരയിലുണ്ടായിരുന്ന ആനന്ദിബെൻ പട്ടേലിനെ ഇപ്പോൾ ബി.ജെ.പിയുടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന കമ്മിറ്റിയിലേക്ക് പോലും അടുപ്പിക്കുന്നില്ല. ബി.ജെ.പിയെ അതിന്റെ പാട്ടിന് വിട്ടിരിക്കുകയാണ് ആനന്ദി ബെനും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആനന്ദിബെൻ പട്ടേൽ രാജിവെക്കുന്നതിനേക്കാൾ മോശമാണ് ഗുജറാത്തിൽ ബി.ജെ.പിയുടെ അവസ്ഥ. അമിത് ഷാ അടക്കമുള്ള നേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങിയാണ് വോട്ട് തേടുന്നത്. എന്നാൽ ആ കൂട്ടത്തിലും മുൻ മുഖ്യമന്ത്രിയെ കാണുന്നില്ല. ചില സംസ്ഥാന ബി.ജെ.പി നേതാക്കളുമായി മാത്രമാണ് നിലവിൽ ആനന്ദിബെൻ പട്ടേലിന് അൽപമെങ്കിലും ബന്ധമുള്ളത്.
തന്റെ ഏറ്റവുമടുത്ത ചിലർക്ക് സീറ്റ് വേണമെന്ന് ആനന്ദിബെൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും ബി.ജെ.പി തീരുമാനമെടുത്തിട്ടില്ല. തന്റെ മകൾ അനർ പട്ടേലിനും സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അമിത് ഷാ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ അനൂകൂലമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിലുണ്ടാകുമെന്ന് പറഞ്ഞെങ്കിലും ്അവരെ ആ വഴി്‌ക്കൊന്നും കാണുന്നില്ല.  


 

Latest News