Sorry, you need to enable JavaScript to visit this website.

വലയില്‍ വീണ്ടും മൈന്‍ കുടുങ്ങി; ചെങ്കടലില്‍ മത്സ്യബന്ധനത്തിനു ഭീഷണി

റിയാദ് - ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ ചെങ്കടലില്‍ പാകിയ സമുദ്ര മൈന്‍ സംയുക്ത സേനക്കു കീഴിലെ എന്‍ജിനീയറിംഗ് സംഘം നിര്‍വീര്യമാക്കി. ഇറാന്‍ നിര്‍മിത 'സ്വദഫ്' ഇനത്തില്‍ പെട്ട മൈന്‍ ആണ് നിര്‍വീര്യമാക്കിയത്. അല്‍ദിറൈഹിമി ജില്ലയിലെ തായിഫ് ഏരിയയില്‍ മത്സ്യബന്ധന ജെട്ടിക്കു സമീപം മത്സ്യബന്ധന വലയില്‍ മൈന്‍ കുടുങ്ങുകയായിരുന്നെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഇതേ പ്രദേശത്തു വെച്ച് രണ്ടാഴ്ചക്കിടെ കണ്ടെത്തുന്ന രണ്ടാമത്തെ മൈന്‍ ആണിത്. ഇത്തരത്തില്‍ പെട്ട 23 മൈനുകള്‍ സമീപ കാലത്ത് സംയുക്ത സേനക്കു കീഴിലെ ഇതേ എന്‍ജിനീയറിംഗ് സംഘം നിര്‍വീര്യമാക്കിയിട്ടുണ്ട്. സംയുക്ത സേനക്കു കീഴിലെ മറ്റു എന്‍ജിനീയറിംഗ് സംഘങ്ങളും ഇത്തരത്തില്‍ പെട്ട ഡസന്‍ കണക്കിന് മൈനുകള്‍ സമീപ കാലത്ത് കണ്ടെത്തി നിര്‍വീര്യമാക്കിയിട്ടുണ്ട്. ഹൂത്തികള്‍ പാകിയ മൈനുകള്‍ യെമന്റെ പടിഞ്ഞാറന്‍ തീരത്ത് ഡസന്‍ കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തിട്ടുണ്ട്. മൈനുകള്‍ കാരണം നിരവധി പ്രദേശങ്ങളില്‍ മത്സ്യബന്ധനം നിലച്ചിട്ടുണ്ട്. മത്സ്യബന്ധനം ഉപജീവന മാര്‍ഗമായി സ്വീകരിച്ച ആയിരക്കണക്കിന് കുടുംബങ്ങളെ ഇത് ബാധിച്ചു.

ചെങ്കടലില്‍ സമുദ്ര സുരക്ഷക്ക് ഹൂത്തികള്‍ സൃഷ്ടിക്കുന്ന ഭീഷണി വര്‍ധിച്ചുവരികയാണെന്ന് യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു. കപ്പല്‍വേധ മിസൈലുകളും ആയിരക്കണക്കിന് സമുദ്ര മൈനുകളും സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും ഹൂത്തികളുടെ പക്കലുണ്ട്. ഇത്തരം ആയുധങ്ങളെല്ലാം ഇറാനാണ് ഹൂത്തികള്‍ക്ക് നല്‍കുന്നത്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

 

Latest News