സോളാര്‍ കേസ് സിബിഐക്ക് വിട്ടത് മന്ത്രിമാര്‍ അറിയാതെ

തിരുവനന്തപുരം- സോളാര്‍ പീഡനക്കേസ് സിബിഐ അന്വേഷണത്തിനു വിടാനുള്ള തീരുമാനം എടുത്തത് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗസറ്റ് വിജ്ഞാപനം ഇറങ്ങിയത് 23 ന് ആണെങ്കിലും അന്നു കൂടിയ മന്ത്രിസഭയിലും ഇക്കാര്യം സൂചിപ്പിച്ചില്ല. അതിനു 2 ദിവസം മുന്‍പ് 20 ന് മന്ത്രിസഭ ചേര്‍ന്നെങ്കിലും ഈ വിഷയം വന്നില്ല. തീരുമാനം എത്രമാത്രം ഫലപ്രദമാകുമെന്നു ഘടകകക്ഷി മന്ത്രിമാരില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ട്. തിരിച്ചടിക്കുമെന്നു കരുതുന്നവരുമുണ്ട്. സോളര്‍ തട്ടിപ്പു കേസിലെ പ്രതിയായ വനിതയില്‍ നിന്നു ലഭിച്ച പരാതി അന്വേഷിക്കാനുള്ള അനുമതിയാണു സര്‍ക്കാര്‍ സിബിഐക്കു നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഇറക്കിയ വിജ്ഞാപനം ഇനി കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിന് അയച്ചു കൊടുക്കും. അവര്‍ അതു സിബിഐക്കു വിടും. കേസ് ഏറ്റെടുക്കണമോയെന്നു തീരുമാനിക്കേണ്ടതു സിബിഐ ആണ്. അവര്‍ ഏറ്റെടുത്താല്‍ പുതിയതായി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യും. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെയും കെ.ടി. ജയകൃഷ്ണന്‍ വധത്തിന്റെയും പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സിബിഐയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ ടൈറ്റാനിയം കേസ് സിബിഐക്കു വിട്ടെങ്കിലും അവര്‍ സ്വീകരിച്ചില്ല. സോളാര്‍ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയാറല്ലെങ്കില്‍ സിബിഐ അക്കാര്യം കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം വഴി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും.

Latest News