Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

വീണ്ടെടുക്കുക, ഭരണഘടനയുടെ ചൈതന്യം

1950 ജനുവരി 26. നമ്മുടെ രാഷ്ട്രം ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്  ആയി പ്രഖ്യാപിച്ചതിന്റെ എഴുപത്തൊന്ന് സംവത്സരങ്ങൾ പിന്നിട്ടു.
പരമോന്നത അധികാരങ്ങൾ ജനങ്ങളുടെയും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും കൈകളിൽ നിലനിൽക്കുന്ന രാഷ്ട്രമാണ് എന്ന അർഥം വരുന്നതാണ് റിപ്പബ്ലിക് എന്ന പദം. ഇങ്ങനെ റിപ്പബ്ലിക്  ആയ ഒരു രാഷ്ട്രത്തിൽ തെരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ നാമനിർദേശം ചെയ്യപ്പെട്ട വ്യക്തിയായിരിക്കും അവിടുത്തെ രാഷ്ട്രത്തലവൻ.  അതിനാൽ ഇന്ത്യ ഒരു റിപ്പബ്ലിക്  രാഷ്ട്രമാണെന്ന വാക്യത്തിന്റെ അർത്ഥം രാഷ്ട്രത്തലവനെ തെരഞ്ഞെടുക്കുന്നത് പാരമ്പര്യമായല്ല എന്നാണ്.  പാരമ്പര്യത്തിന് ഒരു റിപ്പബ്ലിക്  രാഷ്ട്രത്തിൽ പ്രസക്തിയുമില്ല.
ഏഷ്യാ ഭൂഖണ്ഡത്തിൽ ചൈന കഴിഞ്ഞാൽ വിസ്തൃതിയിൽ രണ്ടാമതു നിൽക്കുന്ന രാജ്യമാണല്ലോ നമ്മുടെ ഇന്ത്യ. ബ്രിട്ടീഷ് കോളനി ഭരണത്തിൽ നിന്നും ദശാബ്ദങ്ങൾ നീണ്ടതും രക്തരൂഷിതവുമായ നിരവധി സമരങ്ങൾക്ക് ശേഷം 1947 ഓഗസ്റ്റ് 15 ന്  സ്വതന്ത്രമായ നമ്മുടെ രാജ്യം ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപ്പബ്ലിക് എന്ന നിലയിൽ 1950 ജനുവരി 26 നാണ് പ്രാബല്യത്തിൽ വന്നത്.
ലിഖിതവും ബൃഹത്തായതുമായ നമ്മുടെ ഭരണഘടന, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള  പാർലമെന്ററി ഭരണ രൂപീകരണത്തിനും നിയമ നിർമാണത്തിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. വ്യക്തമായ നിർദേശക തത്വങ്ങളും ഇന്ത്യയിലെ ഓരോ പൗരന്റെയും മൗലികമായ അവകാശങ്ങൾ സംബന്ധിച്ച വ്യവസ്ഥകളും  ഭരണഘടനയിൽ ഉൾക്കൊള്ളുന്നു.
പാർലമെന്റിന്റെ ഇരുസഭകളിലെയും  സംസ്ഥാനങ്ങളിലെ നിയമ നിർമാണ സഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് പ്രസിഡന്റിനെയും (രാഷ്ട്രപതി) വൈസ് പ്രസിഡന്റിനെയും (ഉപരാഷ്ട്രപതി) തെരഞ്ഞെടുക്കുന്നത്. അഞ്ചു വർഷമാണ് ഇവരുടെ അധികാര കാലാവധി.  രാജ്യത്തിന്റെ സായുധ സേനയുടെ പരമോന്നത കമാണ്ടർ ഉൾപ്പെടെ എല്ലാ എക്‌സിക്യൂട്ടീവ് അധികാരങ്ങളും രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയമിക്കുന്നതും രാഷ്ട്രപതിയാണ്. എന്നാൽ സർക്കാരിന്റെ തലവനായി വർത്തിക്കുന്നത് പ്രധാനമന്ത്രിയുമാണ്.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ച് സ്വതന്ത്ര രാഷ്ട്രമായി മാറിയെങ്കിലും 1950 ജനുവരി 26 നാണ് നമ്മുടെ ഭരണഘടന നിലവിൽ വന്നത്. ഭരണഘടന പ്രാബല്യത്തിൽ വന്നപ്പോൾ സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ ചൈതന്യം ആസ്വദിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.ജനങ്ങൾക്ക് ഭരണകൂടത്തെ തെരഞ്ഞെടുത്ത്  ഭരിക്കാനുള്ള അധികാരം ഉറപ്പു നൽകുന്നതാണ്  നമ്മുടെ  ഭരണഘടന. സ്വതന്ത്ര ഇന്ത്യയിലെ ഒന്നാമത്തെ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദ്  ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
ജനുവരി 26 ന് രാജ്യമെമ്പാടും ലോകത്തിന്റെ നാനാഭാഗത്തും വസിക്കുന്ന ഇന്ത്യക്കാരും ഉത്സാഹത്തോടെയും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും നിലനിൽക്കണമെന്ന പ്രഖ്യാപനത്തോടെയും റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കൊണ്ടാടുന്നു. നാനാത്വത്തിൽ ഏകത്വമെന്ന വ്യക്തമായ സങ്കൽപം ഉദ്‌ഘോഷിക്കുന്നതാണ്  നമ്മുടെ രാജ്യത്തിന്റെ വ്യതിരിക്തത.  
1949 നവംബർ 26 നു ഭരണഘടനാ സമിതി അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയിൽ വിവിധ ജാതി, മതങ്ങൾ വസിക്കുന്ന രാജ്യത്ത് വൈവിധ്യമാർന്ന സംസ്‌കാരങ്ങളുടെ പ്രയോക്താക്കൾ ഒരുമയോടെ വർത്തിക്കുന്നതിനുള്ള പ്രാധാന്യം കാണാനാകും. ഈ റിപ്പബ്ലിക് ദിനത്തിൽ, ലിബറൽ ജനാധിപത്യത്തെ മുന്നോട്ട് വെക്കുന്ന ഇന്ത്യയുടെ മഹത്തായ നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത്  ഓരോ ഇന്ത്യക്കാരനും അഭിമാനിക്കവുന്നതാണ്.
450 ഓളം വകുപ്പുകളും 12 പട്ടികകളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനനത്തെക്കുറിച്ച് സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് നൽകിയ പ്രത്യേക സന്ദേശത്തിൽ ഇങ്ങനെ പറയുകയുണ്ടായി. 'നമ്മുടെ രാഷ്ട്രപിതാവിനും സ്വാതന്ത്ര്യ സമരത്തിലെ നായകർക്കും പോരാളികൾക്കും പ്രചോദനമേകിയ സ്വപ്‌നത്തിന്റെ സമാധാനപരവും എന്നാൽ ഉറപ്പുള്ളതുമായ സാക്ഷാത്കാരത്തിനായി ഈ ദിവസം നാം സ്വയം സമർപ്പിക്കണം, വിവേചനമില്ലാത്തതും സഹകരണത്തോടെയും സ്വതന്ത്രമായും നിലനിൽക്കാനുള്ള ഓരോരുത്തരുടെയും ആഗ്രഹമാണ് സ്വന്തം രാജ്യത്ത് സന്തുഷ്ട സമൂഹത്തെ കാണുകയെന്നുള്ളത്. സന്തോഷിക്കുന്നതിനേക്കാൾ കൂടുതൽ സമർപ്പിക്കാനാണ് ഈ ദിനത്തിൽ നാം ശ്രദ്ധ നൽകേണ്ടത്. കൃഷിക്കാരെയും തൊഴിലാളികളെയും അധ്വാനിക്കുന്നവരെയും ചിന്തകരെയും പൂർണമായും സ്വതന്ത്രരും സന്തുഷ്ടരും സംസ്‌കാരമുള്ളവരുമാക്കി മാറ്റുക എന്ന മഹത്തായ ദൗത്യത്തിനുള്ള സമർപ്പണമാണത്'.
നമ്മുടെ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത സമര സേനാനികളും ധിഷണാശാലികളുമായ ഭരണഘടനാ ശിൽപികളും സ്വപ്‌നം കണ്ട രാജ്യമാണോ ഇന്നത്തെ ഇന്ത്യ എന്നത്  ഓരോ പൗരനും ചിന്തിക്കേണ്ട സമയമാണിത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ബഹുഭൂരിഭാഗം വരുന്ന ഗ്രാമീണ ജനതയുടെ സർവതോമുഖമായ പുരോഗതിയിലും ഇപ്പോഴും നാം വേണ്ടത്ര മുന്നേറിയിട്ടില്ല എന്നത് വസ്തുതയാണ്. തൊഴിലില്ലാത്തവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതായാണ് കണക്കുകൾ വെളിവാക്കുന്നത്.  വിവിധ മതങ്ങളും ജാതികളും സംസ്‌കാരങ്ങളുമുൾക്കൊള്ളുന്ന 138 കോടിയിലധികം വരുന്ന ജനതയാണ് രാജ്യത്ത് വസിക്കുന്നത്. ഭാഷകളുടെ അടിസ്ഥാനത്തിലാണല്ലോ ഇന്ത്യയിലെ സംസ്ഥാനങ്ങൾ രൂപം കൊണ്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ പോലും അന്യമായിട്ടുള്ള ജനസമൂഹം ഇന്ത്യാ രാജ്യത്തെ വിവിധ  സംസ്ഥാനങ്ങളിൽ ജീവിക്കുന്നു എന്ന സത്യം നാം  മറന്നുകൂടാ. അന്തിയുറങ്ങാൻ സൗകര്യമില്ലാത്തവരും വിശപ്പടക്കാൻ ഗതിയില്ലാത്തവരുമായി നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒട്ടനേകം ജനങ്ങൾ നാളുകൾ നീക്കുന്നു.  
രാജ്യത്തിന്റെ പ്രതിശീർഷ വരുമാനത്തിന്റെ നല്ലൊരു പങ്കും കാർഷിക മേഖലയിൽ നിന്നാണ്. കോടിക്കണക്കിനു ജനങ്ങൾക്ക് വിശപ്പടക്കാനുള്ള ഭക്ഷണമുൽപാദിപ്പിക്കുകയും  കയറ്റുമതിയിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നതിൽ കാർഷിക മേഖല വലിയ സംഭാവനയാണ് നൽകുന്നത്. കാലാകാലങ്ങളായി ഭരണകൂടങ്ങൾ തുടർന്നു വരുന്ന ആഗോളവൽക്കരണ നയത്തിന്റെയും ഉദാരവൽക്കരണ നയത്തിന്റെയും ഇരകൾ രാജ്യത്തെ സാധാരണ ജനങ്ങളും മണ്ണിൽ പൊന്ന് വിളയിക്കുന്നവരും തന്നെയാണ്.  രാജ്യത്തെ കുത്തക മുതലാളിമാർക്കും ഭരണകൂടങ്ങളുടെ ഇഷ്ടക്കാർക്കും പൊതുമേഖലാ ബാങ്കുകളിൽ നിന്നും ആയിരക്കണക്കിന് കോടികളുടെ വായ്പകൾ നൽകി തിരിച്ചടയ്ക്കാതെ അവർക്കു രാജ്യം വിട്ട്  മറ്റിടങ്ങളിൽ പോയി ഉല്ലസിച്ചു ജീവിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യുന്നു. അതേ സമയം ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കൃഷിയിറക്കുന്ന കർഷകർക്ക് ഉൽപന്നങ്ങൾ വിൽപന നടത്തുമ്പോൾ മാർക്കറ്റുകളിൽ  മതിയായ മൂല്യം കിട്ടാതെ കനത്ത നഷ്ടം  സംഭവിക്കുകയും തുടർന്ന് അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന സാഹചര്യം  രാജ്യമെമ്പാടും തുടർന്നുകൊണ്ടേയിരിക്കുന്നു.
കാർഷിക മേഖലയെ തകർക്കുന്ന തരത്തിലുള്ള സർക്കാരിന്റെ പുതിയ കാർഷിക നയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം മണ്ണിൽ പണിയെടുക്കുന്നവരുടെ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടമാണ്. വർത്തമാനകാല സാഹചര്യം വിലയിരുത്തിയാൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾ എല്ലാ മേഖലകളിലും കടുത്ത വെല്ലുവിളികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.
രാജ്യത്തെ കാർഷിക മേഖലയെ തകർക്കാനും കോർപറേറ്റുകൾക്ക് തടിച്ചു കൊഴുക്കാനും സഹായകമാവുന്ന പുതിയ  കാർഷിക നയവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും കോർപറേറ്റുകൾക്കു കൈമാറലും ഇന്ധന വിലയിലെ നിരന്തരമായ വർധനയും തുടങ്ങി സകല മേഖലകളിലും ഉയർന്നിട്ടുള്ള പ്രശ്‌നങ്ങൾ ഭാവിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. വർഗ, വർണ വിവേചനങ്ങൾ നിർലോഭം തുടരുന്ന വാർത്തകൾ ദിനേന കേട്ടുകൊണ്ടിരിക്കുന്നു
ഇതിനിടെ ചില മേഖലകളിൽ  നിന്നുമുള്ള പൗരത്വ നിഷേധ നയങ്ങൾ അത്യന്തം ഗൗരവതരമായി നിലനിൽക്കുകയാണ്. രാജ്യത്തിന് വേണ്ടി പോരാടി മരിച്ചവരുടെ പിൻഗാമികൾ രാജ്യത്തു നിന്നും പുറത്താക്കപ്പെടുകയോ, ഡിറ്റൻഷൻ സെന്ററുകളിൽ തള്ളപ്പെടുകയോ ചെയ്യുന്ന തലത്തിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്നു. പൗരത്വ നിഷേധവും നിയമ ഭേദഗതിയും തുടങ്ങിയ പ്രശ്‌നങ്ങൾ, രാജ്യത്തെ കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ നിലനിൽപിനെ ബാധിക്കുന്ന വിഷയങ്ങളാണ്. ലക്ഷക്കണക്കിന് മനുഷ്യർ ലോകമെമ്പാടും കോവിഡ് ബാധിച്ചു മരിച്ചു വീഴുമ്പോഴും നമ്മുടെ രാജ്യവും അതിന്റെ കെടുതിയിൽ ഒട്ടും പിന്നിലല്ല. എന്നിരുന്നാലും മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളേക്കാൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും രാജ്യത്തെ പൗരന്മാരെ വേർതിരിച്ചു കാണാനും ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്.
ജാതീയമായ വിവേചനവും തല്ലിക്കൊലകളും നടക്കുന്നത് വാർത്ത പോലുമല്ലാതായിരിക്കുന്നു. സ്ത്രീകളും പിഞ്ചുമക്കളും പീഡിപ്പിക്കപ്പെടുന്നതിന്റെ നേർക്കാഴ്ചകൾ ഭയപ്പെടുത്തുന്ന തരത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നു. മിക്കയിടങ്ങളിലും  സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുകയും നിർദാക്ഷിണ്യം കൊലപ്പെടുത്തുകയും ചെയ്യുന്നവരെ  ഭരണകൂടം തന്നെ സംരക്ഷിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും സ്‌നേഹവും സൗഹൃദവും അകന്നു പോകുന്ന തരത്തിലേക്കാണ് സമൂഹം നയിക്കപ്പെടുന്നതെന്നു സംശയിച്ചു പോകുന്നു. ജനാധിപത്യത്തിന്റെ സ്തംഭങ്ങളിൽ അഭംഗുരം തുടരുന്ന  വിവേചനം  ഭയത്തോടെയല്ലാതെ വീക്ഷിക്കാനാകില്ല.
എല്ലാ ജാതി മതസ്ഥരും അവരവരുടെ വിശ്വാസവും സംസ്‌കാരവും ഉൾക്കൊണ്ടു ജീവിക്കുന്ന, പരസ്പര സൗഹൃദത്തോടെ നാനാത്വത്തിൽ ഏകത്വമെന്ന മുദ്രാവാക്യം സഫലമാകുന്ന ഇന്ത്യക്കായി നമുക്ക് കൈകോർക്കാം.