Sorry, you need to enable JavaScript to visit this website.

ഇന്ത്യ ജനങ്ങളുടെ റിപ്പബ്ലിക്കാകണം

രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനാഘോഷത്തിലാണ്. എന്നാൽ ഇന്നോളം  ദർശിക്കാത്തവിധം വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇക്കുറി റിപ്പബ്ലിക് ദിനമാഘോഷിക്കുന്നത്. തലസ്ഥാന നഗരിയിൽ നടക്കുന്ന, രാജ്യത്തിന്റെ സൈനിക ശക്തി വിളിച്ചോതുന്ന പരേഡാണല്ലോ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഏറ്റവും ആകർഷകമായ ഇനം. എന്നാൽ അതല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തെ ശ്രദ്ധേയമാക്കാൻ പോകുന്നത്. മറിച്ച് നൂറിൽപരം കിലോമീറ്റർ നീളുന്ന, ലക്ഷക്കണക്കിനു ട്രാക്ടറുകൾ അണിനിരക്കുന്ന കർഷകരുടെ ട്രാക്ടർ റാലിയാണ്. അതിനാൽ തന്നെ ലോക സമര ചരിത്രത്തിൽ തന്നെ തിളങ്ങുന്ന അധ്യായമായി മാറാൻ പോകുകയാണ് 2021 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനം എന്നതിൽ സംശയം വേണ്ട. 
എല്ലാവർക്കുമറിയാവുന്ന പോലെ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കപ്പെടുന്നത്. അതുവരെ പ്രത്യക്ഷമായി തന്നെ (ഇപ്പോൾ പോലും പരോക്ഷമായും) മനുസ്മൃതിയായിരുന്നു നമ്മുടെ ഭരണഘടന. ബ്രിട്ടീഷ് ഭരണം രാജ്യത്ത് പല തരത്തിലുള്ള വികസനങ്ങൾക്കും വിത്തിട്ടു എന്നു പറയുമ്പോഴും മനുസ്മൃതി മൂല്യങ്ങൾക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടാക്കാനായില്ല. പല സ്ഥലത്തും വ്യാപകമായി നടന്ന മതംമാറ്റങ്ങളും അങ്ങനെ തന്നെ. കേരളവും തമിഴ്‌നാടും മഹാരാഷ്ട്രയും തമിഴ്‌നാടുമടക്കം പല പ്രദേശങ്ങളിലും നടന്ന നവോത്ഥാന പ്രസ്ഥാനങ്ങൾക്കു പോലും ഒരു പരിധി വിട്ട് മുന്നോട്ടു പോകാനായില്ല. അത്തരമൊരു സാഹചര്യത്തിലായിരുന്നു ഇന്ത്യ ഔപചാരികമായി സ്വാതന്ത്ര്യം നേടുന്നത്. സ്വാഭാവികമായും ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത് മനുസ്മൃതി മൂല്യങ്ങളെ മറികടന്ന് ആധുനിക കാലത്തിനു യോജിച്ച ഒരു ഭരണഘടനക്കു രൂപം നൽകുക എന്നത്. അതിനു മുമ്പു തന്നെ ഹിന്ദുത്വവാദികളും മതേതര വാദികളും തമ്മിലുള്ള ആശയ സമരം കോൺഗ്രസിലും പുറത്തും സജീവമായിരുന്നു. ഹിന്ദുത്വവാദികൾക്കിടയിൽ തന്നെയും മതേതര വാദികൾക്കിടയിൽ തന്നെയും വൈരുധ്യങ്ങളുണ്ടായിരുന്നു. ആ ആശയ സമരങ്ങളുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി വധം. ലോകത്തെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിട്ടും അതിന്റെ ഫലമായി മതേതരവാദികൾക്ക് മേൽക്കൈ ലഭിച്ചു എന്നത് ചരിത്രപ്രധാനമായ ഒന്നാണ്. അങ്ങനെയാണ് അംബേദ്കറുടെ നേതൃത്വത്തിൽ ലോകത്തെ മികച്ച ഭരണഘടനകളിൽ ഒന്ന് രൂപം കൊണ്ടത്. അംബേദ്കറുടെയും നെഹ്‌റുവിന്റെയും ലോക പരിചയവും പുരോഗമാനാശയങ്ങളും അതിൽ പ്രധാന പങ്കുവഹിച്ചു. അതിനേക്കാളുപരി ഭീകരമായ ജാതീയ പീഡനം നേരിട്ടിരുന്ന വിഭാഗങ്ങളുടെ പ്രതിനിധിയായിരുന്ന അംബേദ്കറുടെ ജീവിതാനുഭവങ്ങളും.
ഒരു വശത്ത് രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരാണെന്ന ആധുനിക സങ്കൽപമാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. എന്നാലത് കേവലം യാന്ത്രികമായിരുന്നില്ല. അനന്തമായ ഇന്ത്യയുടെ വൈവിധ്യങ്ങളും ജാതിവ്യവസ്ഥയുടെയും മനുസ്മൃതി മൂല്യങ്ങളുടെയും ചൂഷണങ്ങൾക്കു നേരെ കണ്ണടക്കാൻ ഭരണഘടനാ ശിൽപ്പികൾക്ക്, പ്രത്യേകിച്ച് അംബേദ്കർക്ക് ആകുമായിരുന്നില്ല. അങ്ങനെയാണ് സംവരണം ഭരണഘടനാവകാശമാകുന്നത്, കശ്മീരിന് പ്രത്യേക പദവി ലഭിക്കുന്നത്, എല്ലാ മതങ്ങൾക്കും വിശ്വാസങ്ങൾക്കും തുല്യപദവി ലഭിക്കുന്നത്. മതംമാറ്റം പൗരന്റെ അവകാശമാകുന്നത്. ഈ സങ്കൽപങ്ങൾക്കു നേരെയാണ് അടുത്ത കാലത്ത് വൻതോതിൽ കടന്നാക്രമണങ്ങൾ നടക്കുന്നത്. സംവരണാവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നു. സാമൂഹ്യ നീതി എന്ന സംവരണത്തിന്റെ മഹത്തായ ആശയത്തിനു നേരെ തന്നെയാണ് കത്തിവെച്ചിരിക്കുന്നത്. തുല്യതയും യോഗ്യതയുമൊന്നും യാന്ത്രികമായി കാണാനാവുന്നതല്ല എന്ന യാഥാർത്ഥ്യമാണ് അട്ടിമറിക്കപ്പെടുന്നത്. എല്ലാ വിശ്വാസങ്ങൾക്കും തുല്യ പദവി എന്ന ആശയത്തെ അട്ടിമറിച്ചാണ് പൗരത്വ നിയമ ഭേദഗതി പാസാക്കിയിരിക്കുന്നത്, ബീഫിന്റെയും ശ്രീറാം വിളിയുടെയും പേരിൽ കൊലകൾ നടക്കുന്നത്, ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്, ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ അംഗീകരിച്ച് കശ്മീരിനു നൽകിയ പദവി എടുത്തു കളഞ്ഞത്, ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളെ തകർത്ത് ഒരൊറ്റ രാജ്യം, ഒറ്റ വിപണി, ഒറ്റ നികുതി, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ ഭാഷ, ഒറ്റ മതം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരുന്നത്, ഏകീകൃത സിവിൽ കോഡ് പാസാക്കാൻ ശ്രമിക്കുന്നത്, ദളിത് - സ്ത്രീ പീഡനങ്ങൾ വർധിക്കുന്നത്, ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിച്ച് മനുസ്മൃതി മൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഭരണഘടനാ സംരക്ഷണം തന്നെയാകണം ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മുടെ മുദ്രാവാക്യം. 
കർഷക സമരത്തിലേക്കും ട്രാക്ടർ റാലിയിലേക്കും തിരിച്ചുവരാം. ഭരണഘടനാ മൂല്യങ്ങളും രാജ്യത്തിന്റെ വൈവിധ്യങ്ങളും ഫെഡറൽ സംവിധാനവും തകർത്ത് ഒരു വശത്ത് ഹിന്ദുത്വ ശക്തികൾക്കും മറുവശത്ത് വിരലിലെണ്ണാവുന്ന കോർപറേറ്റുകൾക്കുമായി നടപ്പാക്കുന്ന കേന്ദ്ര നടപടികൾക്കെതിരെയാണ് ഐതിഹാസികമായ കർഷക സമരം. 
വാസ്തവത്തിൽ രണ്ടു ധ്രുവങ്ങളിൽ നിലകൊള്ളേണ്ടവരാണ് വർഗീയ ശക്തികളും കോർപറേറ്റുകളും. എന്നാൽ ഇന്ത്യയിൽ, സംഘപരിവാർ ഭരണത്തിൽ അവരൊന്നിക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. 
അതിനെതിരെയാണ് അവരുടെ രാജവീഥികളിലേക്ക് ട്രാക്ടറുകളുമായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കർഷകരെത്തുന്നത്, ഗ്രാമീണരെത്തുന്നത്. ആത്യന്തികമായി ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം തന്നെയാണ്, ദേശീയ പതാകയുമേന്തിവരുന്ന അവർ ലക്ഷ്യം വെക്കുന്നത്. അതിനാൽ തന്നെ ഈ കർഷകരോടും ട്രാക്ടർ റാലിയോടും ഐക്യപ്പെടുകയാണ് ജനാധിപത്യ വിശ്വാസികളുടെ രാഷ്ട്രീയ ഉത്തരവാദിത്തം. അങ്ങനെയാണ് ഇത് നമ്മുടെ, ജനങ്ങളുടെ റിപ്പബ്ലിക്കാക്കാനാവുക.

ഒരിക്കൽ
ഭാവിയിലിപ്പോഴെങ്കിലുമൊരിക്കൽ
നാം വെറും ഇന്ത്യക്കാർ -                              
നാഗനും കശ്മീരിയും സിക്കും മുസ്്‌ലിമും         
ദളിതനും സ്ത്രീയും ഗ്രാമീണനും  കർഷകനും ചെരുപ്പുകുത്തിയും               
തോട്ടിയും വയറ്റാട്ടിയും  ആദിവാസിയുമഭയാർഥിയും പ്രവാസിയും   
ചേർന്നീ നമ്മുടെ സ്വന്തം ഇന്ത്യയെ വീണ്ടെടുക്കും.
മൂന്നല്ല, മുന്നൂറ് നിറങ്ങളിൽ നാം നമ്മുടെ പുതിയ ദേശീയ പതാക തുന്നും.
ഏഴല്ല, എഴുന്നൂറ് സ്വരങ്ങളിൽ 
നാം നമ്മുടെ പുതിയ ജനഗണമന രചിക്കും
അന്നു നാമൊന്നിച്ച് ഏറ്റുപാടും:
നമ്മുടെ റിപ്പബ്ലിക്, നമ്മുടെ സ്വന്തം റിപ്പബ്ലിക് (സിവിക് ചന്ദ്രൻ)

Latest News