Sorry, you need to enable JavaScript to visit this website.

എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക്  25 ശതമാനം ഗ്രീന്‍ ടാക്‌സ് 

ന്യൂദല്‍ഹി-പഴയ, മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് എന്ന പേരില്‍ പ്രത്യേക നികുതി ചുമത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടും.പുതിയ വ്യവസ്ഥ അനുസരിച്ച് എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ള യാത്രാ വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെ ഗ്രീന്‍ ടാക്‌സായി ചുമത്തും. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് വാഹനം എട്ടുവര്‍ഷത്തിലേറെ പഴക്കമുള്ളതാണ് എന്ന് കണ്ടെത്തിയാല്‍ പ്രത്യേക നികുതി ഈടാക്കാനാണ് ആലോചന. ഉയര്‍ന്ന മലിനീകരണമുള്ള നഗരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് 50 ശതമാനം ഗ്രീന്‍ ടാക്‌സ് ചുമത്താനും നിര്‍ദേശത്തില്‍ പറയുന്നു.അതേസമയം സ്വകാര്യ വാഹനങ്ങള്‍ക്ക് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ ഗ്രീന്‍ ടാക്‌സ് ചുമത്തുകയുള്ളൂ. യാത്ര ബസുകള്‍ക്ക് കുറഞ്ഞ ഗ്രീന്‍ ടാക്‌സ് ചുമത്താനാണ് ആലോചന. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കും. കൂടാതെ ഇലക്ട്രിക് അടക്കം പ്രകൃതിസൗഹൃദമായ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ ഗ്രീന്‍ ടാക്‌സില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രകൃതിസൗഹൃദമായ വാഹനങ്ങളിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
 

Latest News